Kerala
ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അമോണിയ പിടികൂടി

ചിറ്റൂര്‍: ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 5000 കിലോ അമോണിയംഏ നൈട്രേറ്റ് പിടികൂടി. ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
എന്നാല്‍ സഹായി പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കോഴിവളം കടത്തുന്ന ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 5000 കിലോ അമോണിയം നൈട്രേറ്റാണ് വേലന്താവളം എക്‌സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്.
പരിശോധനക്കായി വാഹനം തടഞ്ഞു നിര്‍ത്തിയതോടെ ഡ്രൈവര്‍ ഇറങ്ങി പോവുകയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് അമോണിയം നൈട്രേറ്റ് കണ്ടെടുത്തത്. ലോറിയിലുണ്ടായിരുന്ന സഹായി സേലം തിരുവണതാലൂര്‍ ഉദിയൂര്‍ രാജുവി(38)നെ എക്‌സൈസ് സംഘം പിടികൂടി. ലോറിയില്‍ ചുറ്റും കോഴിവളം അടങ്ങിയ ചാക്ക് അടുക്കി വെച്ച് നടുവില്‍ 50 കിലോ വീതം കൊള്ളുന്ന 100 ചാക്കുകളിലായാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. പിടിയിലായ രാജുവിനെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. സേലത്തു നിന്ന് ലോറിയില്‍ കയറിയതാണെന്ന് രാജു എക്‌സൈസിന് നല്‍കിയ മൊഴി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സേലം വെടകപെട്ടിഅമ്മന്‍ ഇ ആര്‍ ഐ റോഡ് കെ ജഗന്റെ ഉടമസ്ഥയിലുള്ളതാണ് ലോറിയെന്ന് വ്യക്തമായതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
പിടികൂടിയ അമോണിയം നൈട്രേറ്റും വാഹനവും പിന്നീട് കൊഴിഞ്ഞാമ്പാറ പോലീസിന് കൈമാറി. രാജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം ഷംനാദ്, സി ഇ ഒമാരായ ഓസ്റ്റിന്‍, ഷൈബു എന്നിവരടങ്ങുന്ന സംഘമാണ് അമോണിയം നൈട്രേറ്റ് പിടികൂടിയത്.
അതേ സമയം, ലോറിയെ പിടികൂടി പരിശോധന നടത്തുന്നതിനിടയില്‍ തമിഴ്‌നാട് പോലീസ് സംഘം വാഹനത്തെ പിന്തുടര്‍ന്ന് എത്തിയിരുന്നു. ഇവരെ വെട്ടിച്ചു കടന്ന ലോറിയെ പിടികൂടാനായി പിന്തുടര്‍ന്ന് വരികയായിരുന്നുവെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.