Connect with us

Gulf

എല്ലാ വഴികളും മണി എക്‌സ്‌ചേഞ്ചുകളിലേക്ക്

Published

|

Last Updated

ഈയിടെയായി എല്ലാ വഴികളും മണി എക്‌സ്‌ചേഞ്ചുകളിലേക്ക്. രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാല്‍ നാട്ടിലേക്ക് പണമയക്കാനാണ് ഓട്ടം. ഒരു ദിര്‍ഹം നല്‍കിയാല്‍ ശരാശരി 17.35 രൂപ ലഭിക്കും. 20 മാസത്തിനിടയില്‍ ഏറ്റവും “മികച്ച” നിരക്കാണിത്. 580 ദിര്‍ഹത്തിന് 10,000 രൂപ ലഭിക്കുമെന്നതിനാല്‍ മിക്കവരും വായ്പ ലഭ്യമാക്കിയിട്ടാണെങ്കിലും നാട്ടിലേക്ക് “ചവിട്ടുന്നു”. ചവിട്ടുക എന്നത് പഴയൊരു പ്രയോഗമാണ്. ഇപ്പോഴും പലരും അത് ഉപയോഗിക്കുന്നു. മുണ്ടുമുറുക്കിയുടുത്ത് ദിര്‍ഹം സ്വരൂപിച്ച് വരും വരായ്കകള്‍ നോക്കാതെ നാട്ടിലേക്ക് ഡ്രാഫ്റ്റായോ കുഴല്‍വഴിയോ അയക്കുന്നതിനെയാണ് ചവിട്ടുക എന്നു പറയാറുണ്ടായിരുന്നത്. ഇപ്പോള്‍, മണി എക്‌സ്‌ചേഞ്ചില്‍ നിന്ന് നിമിഷം കൊണ്ട് പണം നാട്ടിലെ എക്കൗണ്ടിലേക്കോ ഉറ്റവരുടെ കൈകളിലേക്കോ എത്തിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ചവിട്ടുക എന്ന പ്രയോഗം തുടരുന്നു.
രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിപ്രാപിച്ചതാണ് വിനിമയ നിരക്കില്‍ വലിയ വ്യത്യാസം വരാന്‍ കാരണം. ഗള്‍ഫ് കറന്‍സികള്‍ ഡോളര്‍ ആശ്രിതത്വമുള്ളതാണ്. ഡോളറിന് കൂടുമ്പോള്‍ ദിര്‍ഹമിനും റിയാലിനും ദിനാറിനും മറ്റും വര്‍ധിക്കുന്നത് സ്വാഭാവികം.
അല്ലെങ്കിലും ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് പണമയക്കുന്നത് വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. 90,000 കോടി രൂപയില്‍ എത്തിയിരിക്കുകയാണ് കേരളത്തിലെ നിക്ഷേപം. ഇത് ബേങ്കുകളിലെ മാത്രം കണക്കാണ്. റിയല്‍ എസ്റ്റേറ്റിലും വാണിജ്യത്തിലും മറ്റുമുള്ള നിക്ഷേപങ്ങള്‍ വേറെ.
എന്നിരുന്നാലും ഗള്‍ഫ് പണം ധൂര്‍ത്തടിക്കപ്പെടുന്നതിന് കുറവ് വന്നിട്ടില്ല. വീടുനിര്‍മാണത്തിലെയും കല്യാണത്തിലെയും ആഡംബരത്വമാണ് വെല്ലുവിളി. പ്രത്യുല്‍പാദനപരമല്ലാത്ത മേഖലകളിലേക്ക് പണം ഒഴുകുന്നത് തടയാന്‍ ബോധവത്കരണം പലരും നടത്തിയെങ്കിലും ഫലപ്രദമായില്ല.
ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ശാശ്വതമല്ലെന്ന് നാട്ടിലുള്ളവര്‍ തിരിച്ചറിയുന്നില്ല. ഇവിടെ ദിവസങ്ങളോളം കുബ്ബൂസും പരിപ്പും മാത്രം ആഹാരമാക്കി, ചെലവു ചുരുക്കി, സ്വന്തം ആവശ്യങ്ങളുടെ പട്ടിക വെട്ടിച്ചുരുക്കി, സ്വരൂപിക്കുന്ന പണമാണ് നാട്ടില്‍ എത്തുന്നതെന്ന് സ്വന്തക്കാര്‍ പോലും കരുതുന്നില്ല.
ഗള്‍ഫ് കറന്‍സികള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി രൂപയുടെ മൂല്യം കുറയുന്നതില്‍ ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് ചെറിയ സന്തോഷമുണ്ട്. പക്ഷേ, രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ച് നാട്ടില്‍ പണപ്പെരുപ്പമുണ്ടാകുമെന്ന് ഓര്‍ക്കണം. ജീവിതച്ചെലവ് വര്‍ധിക്കും. ആവശ്യസാധനങ്ങള്‍ക്കടക്കം വന്‍വിലയാണ്. ചില ഉല്‍പന്നങ്ങള്‍ക്ക് ദിവസം പ്രതികൂടുന്നു. വിദ്യാഭ്യാസച്ചെലവും കണ്ടമാനം വര്‍ധിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് ശരാശരി 10,000 രൂപയില്‍ ഒരു മാസം തള്ളിനീക്കിയിരുന്ന കുടുംബത്തിന് 20,000 രൂപ പോലും തികയില്ല. ഇടത്തരക്കാര്‍ വലിയ ദുരിതത്തിലാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭരണകൂടങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല.
രാജ്യാന്തര വിപണിയില്‍ എണ്ണവില പകുതിയായിട്ടും ഇന്ത്യയില്‍ എണ്ണ വിലയില്‍ മാറ്റമില്ല. ഇതൊക്കെക്കൊണ്ട് ഇന്ത്യയില്‍ ഗള്‍ഫ് പണത്തെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ക്ക് രൂപയുടെ മൂല്യമിടിവ് താല്‍കാലിക സന്തോഷം മാത്രം.

Latest