Gulf
എയര്‍ അറേബ്യക്ക് വന്‍ ലാഭം

ഷാര്‍ജ: ഷാര്‍ജയിലെ ബജറ്റ് എയര്‍ലൈനറായ എയര്‍ അറേബ്യക്ക് ഈ വര്‍ഷം ആദ്യമൂന്ന് മാസം 8.5 കോടി ദിര്‍ഹമിന്റെ ലാഭം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവുണ്ട്. 2015 മാര്‍ച്ച് 31 അവസാനിക്കുമ്പോള്‍ വിറ്റുവരവ് 88.6 കോടി ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവ് ഉണ്ട്.
കൂടുതല്‍ റൂട്ടുകളിലേക്ക് വിമാനങ്ങള്‍ പറത്തിയത്‌വഴി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി അറിയിച്ചു. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 18 ലക്ഷം യാത്രക്കാരാണ് എയര്‍ അറേബ്യയില്‍ യാത്ര ചെയ്തത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനവുണ്ട്.
81 ശതമാനം സീറ്റുകളും വിറ്റുപോയി. അമ്മാനിലെ ക്യൂന്‍ അലിയാ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കും. ആഫ്രിക്കയിലേക്കും ചൈനയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി വ്യക്തമാക്കി.