അരുതായ്മകളെ സംസ്‌കാരമെന്ന് വിളിക്കുന്നത് മലയാളിക്ക് അപമാനകരം;അലി അബ്ദുള്ള

Posted on: May 11, 2015 6:36 pm | Last updated: May 11, 2015 at 6:36 pm

ali-abdullaഅബുദാബി: എല്ലാ അരുതായ്മകളേയും സംസ്‌കാരമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പൊതുസ്വഭാവവും സമീപനവും മലയാളികള്‍ മാറ്റി എടുക്കണമെന്ന് സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല വ്യക്തമാക്കി. അബുദാബി പുസ്തകമേളയിലെ സോഫ ചര്‍ച്ചയിലെ സാഹിത്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കാരം ആശ്വാസകരമല്ലാത്ത രീതികളിലേക്കാണ് രൂപപ്പെടുന്നത്. മാഫിയ സംസ്‌കാരം മലയാളി പറയാറുണ്ട്. എന്നാല്‍ മാഫിയ ഒരു സംസ്‌കാരമല്ല. സംസ്‌കാര വിരുദ്ധചേരിയില്‍ നില്‍ക്കുന്നതാണ്. സകല അരുതായ്മകളോടും മാഫിയ ചേര്‍ക്കുകയും മാഫിയയോടൊപ്പം സംസ്‌കാരം ചേര്‍ക്കുകയും ചെയ്യുന്ന സാക്ഷരനായ മലയാളി ലോകത്തിന്റെ മുന്നില്‍ ചിലപ്പോള്‍ ചെറുതാവുകയാണ്. വേറെ ചിലപ്പോള്‍ സാംസ്‌കാരിക രാഹിത്യം വളരെ നന്നായി പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ്. ഈ സാംസ്‌കാരിക ജീര്‍ണതയുടെ സ്വഭാവം നിയമ നിര്‍മാണ സഭകളില്‍ പോലും നാം കാണുന്നു.
കേരളത്തിലെ നിയമസഭയിലും ജമ്മുകാശ്മീരിലെ നിയമസഭയിലും കാണാന്‍ കഴിഞ്ഞു. ഭരണ പക്ഷവും പ്രതിപക്ഷവുമായി ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന രണ്ട് വിഭാഗങ്ങളാണ്. ഈ രണ്ടും കൂടി ചേര്‍ന്ന് കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ കോപ്രായങ്ങള്‍ എന്ന് ജനങ്ങളോട് പറയാറുണ്ട്. മലയാളിയുടെ സാംസ്‌കാരിക ജീര്‍ണത വര്‍ധിപ്പിക്കുന്നതില്‍ പത്ര, വിഷ്വല്‍, രചനാ ലോകത്തിന് നല്ല പങ്കുണ്ട്.
വാര്‍ത്തകളെ ഫ്യൂസില്‍ നിന്ന് നോക്കിക്കാണുകയും യഥാര്‍ഥമായ അര്‍ഥത്തില്‍ വാര്‍ത്തകളെ കാണുകയും ചെയ്യുന്നതിന് പകരം നിറം പിടിപ്പിച്ച വാര്‍ത്തകളാണ് ജനങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരു അരുതായ്മ നടന്നു എന്ന് അറിയിക്കുന്നതിന് പകരം ഈ രൂപത്തിലുള്ള അരുതായ്മകളുമായി നിങ്ങള്‍ ബന്ധപ്പെട്ടാല്‍ നിങ്ങള്‍ക്ക് പ്രശസ്തനാകാം എന്ന ഒരു സന്ദേശം നല്‍കുംവിധമുള്ള വാര്‍ത്തകളാണ് ജനങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം തെറ്റില്‍ നിന്നും അകന്ന് നില്‍ക്കാനുള്ള പ്രേരണക്ക് പകരം തെറ്റിലേക്ക് കൂടുതല്‍ അടുക്കാനുള്ള പ്രചോദനമായി പരിണമിക്കുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വേണം കേരളത്തില്‍ നടന്ന ചുംബന സമരത്തെ കാണുവാന്‍ എന്ന് അലി അബ്ദുല്ല പറഞ്ഞു.
ഇത്തരം സമരങ്ങളെ ജനങ്ങളുടെ കൂട്ടായ്മയിലൂടെ തകര്‍ക്കുന്നതിന് പകരം മലയാളിവാതില്‍ പഴുതിലൂടെയാണ് നോക്കിക്കണ്ടത്. ഇത് മലയാളിയുടെ സാംസ്‌കാരിക ജീര്‍ണതയെ വ്യക്തമാക്കുന്നു. മലയാളിയുടെ സാക്ഷരത പലപ്പോഴും അവനെ രാക്ഷസീയതയിലേക്ക് എത്തിക്കുന്നു. രാക്ഷസീയതയിലേക്ക് എത്തിച്ച മലയാളിയുടെ സാംസ്‌കാരിക ജീര്‍ണതയുടെ മുമ്പില്‍നിന്ന് കൊണ്ടാണ് സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുന്നതും ഓര്‍മപ്പെടുത്തുന്നതും.
സംസ്‌കാരം ഏതെങ്കിലും ഒരു ഘടകത്തില്‍ നിന്നും രൂപപ്പെടുന്നതല്ല. വിശാലമായി പറഞ്ഞാല്‍ ആഹാരത്തില്‍ നിന്ന് തുടങ്ങി വസ്ത്രധാരണ രീതിയിലൂടെ പോയി അധ്വാനത്തിലൂടെയും സമ്പത്തിലൂടെയും കടന്ന് പോകുന്ന ഒന്നാണ്. എല്ലാ വശങ്ങളിലൂടെയും കടന്ന് പോകുമ്പോള്‍ മനുഷ്യനെ രൂപപ്പെടുത്തുന്നത് വിദ്യാഭ്യാസമാണ്. സ്വാശ്രയ വിദ്യാഭ്യാസമേഖല ശക്തമായി നിലനില്‍ക്കുന്ന സ്ഥലമാണ് കേരളം. വിദ്യാഭ്യാസ മേഖലയുടെ ലക്ഷ്യം പന്തയ കോഴികളെ സൃഷ്ടിക്കുന്ന മത്സര വേദിയാകുവാന്‍ പാടില്ല. കലാലയ വിദ്യാഭ്യാസം കേരളത്തില്‍ മത്സര വേദിയാണ്. ഇത് മാനവീകത അന്യം നിന്ന് പോകുവാന്‍ കാരണമാകും. മനുഷ്യ സ്‌നേഹം ഇല്ലാതാകും. ധാര്‍മികത ഇല്ലാതാകും. ഇത് തിരിച്ച് പിടിക്കാനുള്ള പരിശ്രമമുണ്ടാകണം. അദ്ദേഹം പറഞ്ഞു.
ഭാരതത്തില്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഏറെ ആശങ്ക ജനിപ്പിക്കുന്ന ഒന്നാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടതും ഇന്ത്യയുടെ മഹത്തായ മതേതര സംസ്‌കാരത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയായിരുന്നു. മാനവികമായ മനസ്സുണ്ടാകണമെങ്കില്‍ മനുഷ്യപ്പറ്റുള്ള വിദ്യാഭ്യാസം വേണം. പന്തയ കോഴികളുടെ മനസ്സ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസം കൊണ്ട് മനുഷ്യന് ഉന്നതമായ സാംസ്‌കാരിക മേഖലകളിലേക്ക് എത്തിച്ചേരുവാന്‍ കഴിയില്ല. വായന രൂപപ്പെടുത്തി എടുക്കണം. ഇസ്‌ലാം വായനയെ പ്രോത്സാഹിപ്പിക്കുന്നു. കുറച്ച് കാലത്തെ ജീവിതത്തെ അര്‍ഥ സമ്പൂര്‍ണമാക്കുംവിധം വിനിയോഗിക്കണമെന്നും എന്‍ അലി അബ്ദുല്ല വ്യക്തമാക്കി. ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് പരപ്പ, മുസ്തഫ ദാരിമി എന്നിവര്‍ പങ്കെടുത്തു.