Malappuram
റബ്ബര്‍ വില ഉയരുമെന്ന പ്രതീക്ഷ അസ്തമിച്ചു; റെയിന്‍ ഗാര്‍ഡിംഗിന്മടിച്ച് കര്‍ഷകര്‍

കാളികാവ്: ഇറക്കുമതി തീരുവ കൂട്ടിയതോടെ റബ്ബറിന് വില കൂടുമെന്ന കര്‍ഷകരടെ പ്രതീക്ഷ അസ്തമിച്ചു. മഴക്കാലത്തിന് മുമ്പായി നടക്കാറുള്ള തോട്ടങ്ങളിലെ റബ്ബര്‍ ഗാര്‍ഡിംഗ് നടപടികള്‍ ഇതോടെ മന്ദഗതിയിലായി. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് വിദേശത്ത് നിന്നും റബര്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവ 120 ശതമാനത്തില്‍നിന്നും 125 ശതമാനമായി ഉയര്‍ത്തിയിരുന്നു.
ഇറക്കുമതി റബ്ബറിന്റെ വില കൂട്ടുന്നതു വഴി തദ്ദേശീയമായി ഉത്പാദിപ്പിപ്പിക്കുന്ന റബ്ബറിന് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയായിരുന്നു ഈ നടപടിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാര്‍ നേരത്തേ റബ്ബര്‍ സംഭരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വന്‍കിട ടയര്‍ വ്യാപാരികള്‍ കുറഞ്ഞ വിലക്ക് കൂടുതല്‍ റബ്ബര്‍ വാങ്ങിവെച്ചതിനാല്‍ കമ്പനിക്കാര്‍ ഇപ്പോഴും റബ്ബര്‍ വാങ്ങാന്‍ മടിക്കുകയാണ് . ഇതോടെ റബ്ബര്‍ വില ദിവസേന കുത്തനെ താഴ്ന്നു. ആര്‍ എസ് എസ്-4 തരം റബ്ബറിന് കിലോഗ്രാമിന്റെ വില ഇപ്പേഴും 125 രൂപയില്‍ താഴെയാണ്.
വന്‍കിട തോട്ടങ്ങളില്‍ റബ്ബര്‍ മഴക്കാല റബ്ബര്‍ വെട്ടിനുള്ള തയ്യാറെടുപ്പിനായി റെയിന്‍ ഗാര്‍ഡ് സ്ഥാപിക്കുന്ന ജോലി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉത്പാദനം നടക്കുന്ന കരുവാരകുണ്ട്, കാളികാവ് മേഖലയില്‍ ചെറുകിട കര്‍ഷകര്‍ റെയിന്‍ഗാര്‍ഡ് സ്ഥാപിക്കുന്നതിന് മടിക്കുകയാണ്.
വന്‍ ചെലവ് വരുത്തി റബ്ബര്‍ ഗാര്‍ഡിംഗ് നടത്തിയാല്‍ ഉയര്‍ന്ന ടാപിംഗ് കൂലിയും വിലക്കുറവും കാരണം മുതലാവില്ലെന്നാണ് കര്‍ഷകരുടെ പക്ഷം. റബ്ബറിനെ മാത്രം ആശ്രയിക്കുന്ന ചെറുകിട കര്‍ഷകരിലേറെപ്പേരും ഈ നിലപാടിലാണ്. ഇത് ഈ മേഖലയെ മാത്രം ആശ്രയിക്കുന്ന ടാപിംഗ് തൊഴിലാളികളേയും ബാധിക്കും.