Kollam
വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ വിജയഗാഥ രചിച്ച് കോട്ടുക്കല്‍ കൃഷിഫാം

കൊല്ലം:പച്ചക്കറിക്കും പഴവര്‍ഗത്തിനും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിഷരഹിത പച്ചക്കറിയുടെ ഉത്പാദനത്തില്‍ വിജയഗാഥ രചിച്ച് ശ്രദ്ധേയമാവുകയാണ് കൊല്ലം ജില്ലയിലെ കോട്ടുക്കല്‍ കൃഷിഫാം. വിഷരഹിതമായ പച്ചക്കറിയും പഴവും ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമില്‍ നടക്കുന്നത്.
ഓണത്തിന് വിപണി ലക്ഷ്യമിട്ട് നൂറ് ഏക്കര്‍ സ്ഥലത്ത് കാച്ചില്‍, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങ് വര്‍ഗം ഇതിനകം പ്ലാന്റ് ചെയ്തുകഴിഞ്ഞു. ജില്ലയില്‍ വിഷരഹിത പഴവര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി 2013 ഡിസംബറില്‍ തുടക്കം കുറിച്ച കദളീവനം പദ്ധതിയിലൂടെ പത്ത് ഏക്കര്‍ സ്ഥലത്ത് വിവിധയിനം മാവുകളും 46 ഇനം പഴവര്‍ഗങ്ങളും ഉള്‍പ്പെടെ ആയിരത്തോളം തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇതോടൊപ്പം കുറിയ ഇനം തെങ്ങിന്‍തൈകളും ഉണ്ട്.
കദളീവനം പദ്ധതി നടപ്പിലാക്കുന്ന ഭൂമിയില്‍ ഇടവിളയായി കൃഷി ചെയ്തിട്ടുള്ള വാഴകളില്‍ നിന്നും ഓണക്കാലത്ത് വാഴക്കുലകളും വാഴയിലകളും ആവശ്യകാര്‍ക്ക് എത്തിച്ചുകൊടുക്കും. ശാസ്ത്രീയമായി മഴക്കുഴികയെടുത്ത് ആ കുഴികളില്‍ തൈകള്‍ നട്ടും കണിക ജലസേചന സൗകര്യമൊരുക്കിയും ജൈവവളങ്ങളും കീടനാശിനികളും ഉപയോഗിച്ചും ശ്രദ്ധാപൂര്‍വ്വമാണ് ഫാമിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും കദളീവനം പദ്ധതിക്ക് പരിചരണം നല്‍കുന്നത്. ഈ കാലയളവില്‍ രണ്ടര ലക്ഷത്തോളം കുരുമുളക് തൈ, ഉയരം കുറഞ്ഞ തെങ്ങിന്‍ തൈ, ടിഷ്യുകള്‍ച്ചര്‍ വാഴ ഇവിടെ ഉത്പാദിപ്പിച്ച് കൃഷിക്കാരിലെത്തിക്കാന്‍ കഴിഞ്ഞതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ സിറാജിനോട് പറഞ്ഞു. ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ 35 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. പുതുതായി റിവ്യൂ നടത്തുമ്പോള്‍ രണ്ടരക്കോടിയുടെ വിറ്റുവരവുള്ള സ്ഥാപനമായി ഫാം മാറി. ഉത്പാദിപ്പിക്കുന്ന വിത്തുകള്‍ എ ടി എം മാതൃകയിലുള്ള കൊല്ലം ബിഷപ്പ് ജറോം നഗറിലുള്ള വെന്‍ഡിംഗ് മെഷിന്‍ വഴി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം 13ന് ആരംഭിക്കും. കൃഷിഫാമിന് പുറമേ ജില്ലയിലെ തരിശ് പുരയിടങ്ങള്‍, സ്‌കൂള്‍ കോളജ് പുരയിടങ്ങള്‍, അമ്പലപറമ്പുകള്‍ എന്നിവിടങ്ങളിലേക്കും പച്ചക്കറികൃഷി വ്യാപിപ്പിക്കും. നിരവധി പുരസ്‌കാരങ്ങള്‍ ഈ കാലയളവില്‍ സമിതിയെ തേടിയെത്തിയതും ഈ മാതൃകാ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഹരിത കീര്‍ത്തി പുരസ്‌കാരവും ചരിത്രത്തിലാദ്യമായി വനമിത്ര പുരസ്‌കാരവും ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി കൊല്ലം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത് ജില്ലാ കൃഷിഫാമിലെ പ്രവര്‍ത്തനങ്ങളുടെ മികവുകൊണ്ടാണ്.പരിസ്ഥിതി ദിനത്തില്‍ ഇട്ടിവ ഗ്രാമപഞ്ചായത്തില്‍ എന്റെ ഭവനം ഹരിതഭവനം പദ്ധതി പ്രകാരം കൃഷിഫാമില്‍ നിന്നുള്ള കറിവേപ്പില, പപ്പായ, മുരിങ്ങ തൈകള്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വെച്ച് പിടിപ്പിക്കും. പച്ചക്കറി കൃഷിക്ക് മെയ് 30ന് നടീല്‍ ഉത്സവത്തോടെ തുടക്കമാകും. ഫാം ജീവനക്കാര്‍ക്ക് പുറമേ ആയിരത്തി ഇരുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും പദ്ധതിയില്‍ പങ്കാളികളാകും.