National
മദ്രാസ് ഹൈക്കോടതിയില്‍ പ്രതിസന്ധി

>>ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യവുമായി ജഡ്ജി
ചെന്നൈ: നീതിന്യായ സംവിധാനത്തിലെ ദളിത് വിവേചനത്തിലേക്ക് വെളിച്ചംവീശി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസും അതേ കോടതിയിലെ മറ്റൊരു ജഡ്ജിയും തമ്മിലുള്ള നിയമയുദ്ധം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ചീഫ് ജസ്റ്റിസ് സഞ്ജയ് കെ കൗളിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന ഭീഷണിയുമായി അതേ കോടതിയിലെ മറ്റൊരു ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണന്‍ രംഗത്തുവന്നതാണ് പ്രതിസന്ധിക്ക് കാരണം. പ്രശ്‌ന പരിഹാരത്തിന് സുപ്രീം കോടതിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈക്കോടതി.
തന്റെ ജുഡീഷ്യല്‍ പ്രവൃത്തികളില്‍ ചീഫ് ജസ്റ്റിസ് കൈകടത്തുന്നുവെന്നും താന്‍ ദളിതനായതിനാലാണ് ഇത്തരം തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും ജസ്റ്റിസ് സി എസ് കര്‍ണന്‍ പറയുന്നു. ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യനടപടിയെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന ആരോപണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് കര്‍ണന്‍ ആവശ്യപ്പെട്ടു.
ഒരു ദളിതന്‍ കൂടിയായ തന്നെ ചീഫ് ജസ്റ്റിസ് സഞ്ജയ് കൗള്‍ അധിക്ഷേപിച്ചുവെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി/പട്ടികവര്‍ഗ കമ്മീഷനെ സമീപിക്കുമെന്നും ജസ്റ്റിസ് കര്‍ണന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പട്ടിജാതി പട്ടികവര്‍ഗ അതിക്രമം (തടയല്‍) നിമയപ്രകാരം ചീഫ് ജസ്റ്റിസിനെതിരെ കേസ് നല്‍കുമെന്നും കര്‍ണന്‍ വ്യക്തമാക്കുന്നു.
അതേസമയം, ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ജഡ്ജിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി രജിസ്ട്രാര്‍. ചീഫ് ജസ്റ്റിസിന്റെ ആധികാരികതയെ ചോദ്യം ചെയ്തതിലൂടെ ജസ്റ്റിസ് സി എസ് കര്‍ണന്‍ ജുഡീഷ്യല്‍ അച്ചടക്കം ലഘിച്ചിരിക്കുകയാണെന്നാണ് സുപ്രീം കോടതിക്ക് നല്‍കിയ പരാതിയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ ചൂണ്ടിക്കിക്കാണിച്ചിരിക്കുന്നത്. തന്റെ അധികാര പരിധിയില്‍വരാത്ത കാര്യങ്ങളില്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചുവെന്നും ആത്മനിയന്ത്രണമില്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നുമാണ് രജിസ്റ്റട്രാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളത്.
ജസ്റ്റിസ് കര്‍ണന്‍ പുറത്തിറക്കിയ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുന്ന ഹരജി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വി ധനപാലന്‍, ആര്‍ സുധാകരന്‍, ഡി ഹരിപരന്തമന്‍, എന്‍ കിരുബാകരന്‍, ആര്‍ മാല എന്നിവരെ ഉള്‍പ്പെടുത്തി, സിവില്‍ കോടതി ജഡ്ജിമാരെ നിമയിക്കുന്നതിനുള്ള റിക്രൂട്ടിംഗ്് കമ്മിറ്റിക്ക് ചീഫ് ജസ്റ്റിസ് രൂപം കൊടുത്തതുമുതലാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് വിവരം. ഇതിന് പുറമെ തമിഴ്‌നാട് പി എസ് സി ചെയര്‍മാനും മറ്റ് അംഗങ്ങളും ഈ കമ്മിറ്റിയിലുണ്ട്. ഏപ്രില്‍ 15 മുതല്‍ 21വരെയായിരുന്നു ഇന്റര്‍വ്യൂ. ജസ്റ്റിസ് ധനപാലനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഏപ്രില്‍ 16ന് ജസ്റ്റിസ് കര്‍ണന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിച്ചു. നിയമ ബിരുദവും ബിരുദാനന്തര ബിരുദവും സംബന്ധിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റാണ് അദ്ദേഹം ഹാജരാക്കിയിട്ടുള്ളതെന്നും ഇന്റര്‍വ്യൂ നടത്താന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്നുമായിരുന്നു ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. ജസ്റ്റിസുമാരായ സുധാകറും ഹരിപരന്തമനും ഒരേ സമുദായത്തില്‍ നിന്നുള്ളവരാണെന്നും ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡറുകള്‍ കര്‍ണന്‍ സ്റ്റേ ചെയ്യുകയുമുണ്ടായി. സിവില്‍ ജഡ്ജ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നതില്‍ നിന്ന് പി എസ് സി ചെയര്‍മാനെ അദ്ദേഹം വിലക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടികള്‍ നിയന്ത്രിക്കുന്നതിനായി ഭരണഘടനയുടെ 226ാം വകുപ്പ് അനുസരിച്ച് മദ്രാസ് ഹൈക്കോടതിയുടെയും പൊതുജനങ്ങളുടെയും വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ സ്വമേധയാ ഉത്തരവ് പുറപ്പെടുവിക്കുന്നുവെന്നാണ് ജസ്റ്റിസ് കര്‍ണന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. കമ്മിറ്റിയില്‍ രണ്ട് പേര്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നും ഒരാള്‍ മുസ്‌ലിമും മറ്റൊരാള്‍ ക്രിസ്ത്യനും ആയിരിക്കണമെന്നും, എങ്കില്‍ മാത്രമേ റിക്രൂട്ട്‌മെന്റ് കമ്മിറ്റിയില്‍ എല്ലാ വിഭാഗമാളുകള്‍ക്കും പ്രാതിനിധ്യം ലഭ്യമാകൂവെന്നും ജസ്റ്റിസ് കര്‍ണന്‍ വ്യക്തമാക്കി.
ഏപ്രില്‍ 17ന് ജസ്റ്റിസ് കര്‍ണന്‍ സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസുമാരയ എസ് തമിള്‍വണ്ണന്‍, സി ടി സെല്‍വം എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. എന്നാല്‍, ജസ്റ്റിസ് കര്‍ണന്‍ തന്റെ മറ്റുനടപടികളുമായി മുന്നോട്ടുപോയി. ഈ വിഷയം തന്റെ മുന്നിലേക്ക് വീണ്ടും എത്തിക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 30ന് തന്റെ മുന്‍ ഉത്തരവ് പുനഃസ്ഥാപിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ഉത്തവിട്ടു. മാത്രമല്ല ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കി. കോടതി നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് ചീഫ് ജസ്റ്റിസ് സഹകരിക്കണം എന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കോടതിയിലെ അനാരോഗ്യകരമായ പ്രവണതകള്‍ തടയാനും പൊതുതാത്പര്യം സംരക്ഷിക്കാനും തന്റെ ഈ ഉത്തരവില്‍ ഇടപെടരുതെന്നും കര്‍ണന്‍ ചീഫ് ജസ്റ്റിസിനോട് പുതിയ ഉത്തരവിലൂടെ ആവശ്യപ്പെട്ടു. ഇന്റര്‍വ്യൂ നടത്തുന്നത് സംബന്ധിച്ച് പബ്ലിക് സര്‍വീസ് കമ്മീഷനുള്ള അധികാരം നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവാണ് കര്‍ണന്‍ പുറപ്പെടുവിച്ചത്. ഇത് കൂടാതെ തന്റെ അധികാര പരിധിയില്‍ ഇടപെടരുതെന്നും അങ്ങനെയെങ്കില്‍ ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.