Connect with us

Kerala

പോലീസ് സേനാ പരിഷ്‌കരണം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: കുറ്റാന്വേഷണവും ക്രമസമാധാനവും രണ്ടാക്കി പോലീസ് സേനയില്‍ പരിഷ്‌കരണം കൊണ്ടുവരുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിച്ച മുന്‍ ഡി ജി പി പ്രേംശങ്കര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍ദേശം നല്‍കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്മീഷനില്‍ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, റിപ്പോര്‍ട്ട് സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. പോലീസ് പരിഷ്‌കരണത്തിനായി ആഭ്യന്തര വകുപ്പ് മുന്‍ഗണനകൊടുത്ത നിര്‍ദേശങ്ങളൊന്നും റിപ്പോര്‍ട്ടില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ഡല്‍ഹി പോലീസ് എസ്റ്റാ ബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പോലീസ് സേനയില്‍ പരിഷ്‌കാരം കൊണ്ടുവരാനായിരുന്നു ശിപാര്‍ശ. കമ്മീഷനെ നിയമിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറിന് പ്രേംശങ്കര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല. കാലാവധി കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്ത കമ്മീഷനില്‍ നിന്ന് തുക തിരിച്ചുപിടിക്കാന്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനിനെറ്റോ സക്കാറിനോട് ശിപാര്‍ശയും ചെയ്തു.
ആഭ്യന്തര സെക്രട്ടറി കടുത്ത നിലപാടുമായി മുന്നോട്ടുപോയതോടെയാണ് പ്രേംശങ്കര്‍ 50 പേജുള്ള റിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറിയത്. തുക തിരിച്ചുപിടിക്കുന്നതിന് തടയിടാനുള്ള ഒരു റിപ്പോര്‍ട്ട് മാത്രമാണിതെന്ന ആക്ഷേപമുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പോലീസ് സംഘടനകള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയെന്ന പരാതിയും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍ മേല്‍ ഡി ജി പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരുടെ അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനു ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് വകുപ്പിന്റെ തീരുമാനം. മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ പഠനം ഏല്‍പ്പിക്കാന്‍ ആദ്യം ആലോചിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഭരണ സൗകര്യവും കുറ്റാന്വേഷണവും ക്രമസമാധാനവും രണ്ടാക്കി പോലീസ് സേനയില്‍ പരിഷ്‌കാരം കൊണ്ടുവരാനാണ് പ്രേംശങ്കര്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

 

Latest