Editorial
ഡി പി ഐയുടെ റിപ്പോര്‍ട്ട്

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം എല്ലാംകൊണ്ടും റെക്കോര്‍ഡ് ആയിരുന്നു. റെക്കോര്‍ഡ് വിജയശതമാനവും റെക്കോര്‍ഡ് നൂറ് മേനിയും റെക്കോര്‍ഡ് എ പ്ലസുമെല്ലാം അഭിമാനകരമായ ഒന്നാം സ്ഥാനങ്ങളാണെങ്കില്‍ സര്‍വത്ര ആശയക്കുഴപ്പങ്ങളും പിഴവുകളും പുനര്‍ഫലപ്രഖ്യാപനവുമെല്ലാം നാണക്കേടിന്റെ റെക്കോര്‍ഡാണ് ഒരുക്കിയത്. ചെറിയ പിഴവുകള്‍ മാത്രമാണ് സംഭവിച്ചതെന്നും മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാര്‍ അനുകൂല അധ്യാപക, ഉദ്യോഗസ്ഥ സംഘടനാ നേതാക്കളും വിദ്യാഭ്യാസമന്ത്രിയുമെല്ലാം ആണയിട്ടപ്പോഴും ദിനംപ്രതി പുതിയ പുതിയ പിഴവുകള്‍ വെളിച്ചത്ത് വരികയായിരുന്നു. എല്ലാകൊല്ലവും ഇത്തരം പിഴവുകള്‍ ഉണ്ടാകാറുണ്ടെന്ന് മുഖ്യമന്ത്രി വരെ ന്യായീകരിച്ചു. പഴി മുഴുവന്‍ സോഫ്റ്റ്‌വെയറില്‍ കെട്ടിവെക്കാനാണ് വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് ശ്രമിച്ചത്. ഫലം തയ്യാറാക്കയതില്‍ പിഴവില്ലെന്നും ആദ്യഘട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട മാര്‍ക്ക് ഒരു കുട്ടിക്കും കുറയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അപ്‌ലോഡ് ചെയ്തതില്‍ സംഭവിച്ച സാങ്കേതിക പിഴവായി പ്രശ്‌നം ലളിതവത്കരിക്കാനുള്ള ശ്രമത്തെ അന്ന് തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് എതിര്‍ത്തു. സാങ്കേതിക വിദ്യയിലല്ല പ്രശ്‌നം, മാനുഷികമായ പിഴവ് തന്നെയാണെന്ന നിലപാടിലായിരുന്നു അദ്ദേഹം. മാത്രമല്ല, സോഫ്റ്റ്‌വെയര്‍ കുറ്റമറ്റതാണെന്ന വാദവുമായി സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ രംഗത്തുവരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് എവിടെയൊക്കെയാണ് കുഴപ്പങ്ങള്‍ സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാന്‍ ഡി പി ഐയെ ചുമതലപ്പെടുത്തിയത്. അദ്ദേഹം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തിലും ഫലപ്രഖ്യാപനത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരതരമായ അരുതായ്മകളിലേക്ക് വെളിച്ചംവീശുന്നു.
മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്തത് മുതല്‍ പരീക്ഷാഭവനില്‍ ഇത് കൈകാര്യം ചെയ്തത് വരെയുള്ള പ്രവൃത്തികളില്‍ വ്യാപകമായ തെറ്റുകള്‍ സംഭവിച്ചുവെന്ന് റിപ്പേര്‍ട്ടില്‍ പറയുന്നു. മന്ത്രിയുടെ സോഫ്റ്റ്‌വെയര്‍വാദത്തെ ഡി പി ഐയുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുക്കുന്നില്ല. അവിടെയും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ പലതലങ്ങളില്‍ വന്ന പിഴവുകളുടെ ആകെത്തുകയാണ് ഫലപ്രഖ്യാപനത്തില്‍ വന്ന കുഴപ്പങ്ങളുടെ യഥാര്‍ഥകാരണം. ഗ്രേസ് മാര്‍ക്ക് ചേര്‍ത്തുന്നതിലും ഗ്രേഡുകള്‍ നിര്‍ണിയിക്കുന്നതിലും അടക്കം പാളിച്ചകളുണ്ടായി. ഫലപ്രഖ്യാപനം പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്ന് സോഫ്റ്റ്‌വെയറിലേക്ക് കുട്ടികളുടെ മാര്‍ക്കുകള്‍ പരിശേധിച്ച് തെറ്റുകള്‍ തിരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കാണിച്ചില്ല. കാലേക്കൂട്ടി ലഭിക്കുന്ന ഗ്രേസ് മാര്‍ക്കുകള്‍ കൃത്യമായി ചേര്‍ക്കുന്നതിലും അലംഭാവം ഉണ്ടായി. ടാബുലേഷനിലും വീഴ്ച പറ്റി. ഇവയോടൊപ്പം സര്‍വര്‍ തകരാര്‍ കൂടിയായപ്പോള്‍ ഫലം തീര്‍ത്തും താറുമാറായി.
എസ് എസ് എല്‍ സി ഫലത്തില്‍ കടന്നുകൂടിയ ഗുരുതരമായ അബദ്ധങ്ങളുടെ സ്വഭാവം നോക്കിയാല്‍ തന്നെ ഡി പി ഐയുടെ റിപ്പോര്‍ട്ടിന്റെ ആഴവും പരപ്പും വ്യക്തമാകും. ആദ്യഫല പ്രഖ്യാപനം വന്ന ദിവസം തന്നെ താളപ്പിഴ വ്യക്തമായിരുന്നു. ഫലപ്രഖ്യാപനത്തോടൊപ്പം ഉണ്ടാകാറുള്ള വിശദമായ വിശകലനങ്ങള്‍ തയ്യാറാക്കിയിരുന്നില്ല. മന്ത്രിയുടെ വാര്‍ത്താ കുറിപ്പിലെ വിവരങ്ങള്‍ പിന്നീട് പരീക്ഷാ ഭവനില്‍ നിന്ന് തിരുത്തി. മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത സി ഡിയില്‍ ജില്ലകളിലെ വിജയശതമാനമടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നുമില്ല. ഏപ്രില്‍ 20ന് തന്നെ ഫലപ്രഖ്യാപിച്ചുവെന്ന അഹങ്കാരം അവിടെ തന്നെ അഴിഞ്ഞുവീണു. പിന്നെ പിഴവുകളുടെ ഘോഷയാത്രയായിരുന്നു. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാത്തതാണ് വ്യാപക പരാതിക്കിടയാക്കിയത്. ചില വിഷയങ്ങളുടെ ഗ്രേഡ് രേഖപ്പെടുത്താതും ശ്രദ്ധയില്‍ പെട്ടു. ഓരോ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നും ഈ വിവരങ്ങള്‍ വീണ്ടും ശേഖരിക്കേണ്ടിവന്നു. ഐ ടിക്ക് സ്‌കൂളുകളില്‍ നിന്നാണ് ഗ്രേഡ് നല്‍കുന്നത്. ഫലം വന്നപ്പോള്‍ ഇങ്ങനെ സ്‌കൂളില്‍ നിന്ന് അപ്‌ലോഡ് ചെയ്ത ഗ്രേഡിനേക്കാള്‍ ഉയര്‍ന്ന് ഗ്രേഡ് കിട്ടി പലര്‍ക്കും. പരീക്ഷയെഴുതാത്ത കുട്ടിക്ക് ഗ്രേഡ് വന്നതും നാണക്കേടായി. ഇത്ര വ്യാപകമായി പിഴവ് വരുത്താന്‍ ഒരു വിഭാഗത്തിന് മാത്രം സാധിക്കില്ലല്ലോ.
അപ്പോള്‍ സര്‍വവ്യാപിയാണ് പ്രശ്‌നം. പരിഹാരവും സര്‍വതല സ്പര്‍ശിയാകണം. റിപ്പോര്‍ട്ടില്‍ ആര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശ ചെയതിട്ടില്ല. എന്താണ് ഇതിനര്‍ഥം? എല്ലാവരും കുറ്റക്കാരാണെന്നോ? അതോ കുറ്റക്കാരെ ചൂണ്ടിക്കാട്ടാന്‍ ഡി പി ഐ അധീരനാണെന്നോ? എന്തായാലും സമഗ്രമായ നടപടി അനിവാര്യമാണ്. പഠിച്ചിട്ട് നടപടിയെന്നാണ് മന്ത്രി പറയുന്നത്. വെറും വാക്കാകരുത് അത്. മൂല്യനിര്‍ണയ കേന്ദ്രങ്ങളിലും പരീക്ഷാഭവനിലും വരെ പുറത്ത് നിന്നുള്ളവരെ ജോലിക്ക് വെച്ചുവെന്ന ആരോപണം പ്രത്യേകം പരിശോധിക്കപ്പെടണം. ഉദ്യോഗസ്ഥന്‍മാര്‍ കുഴപ്പക്കാരായാല്‍ മന്ത്രി എന്ത് ചെയ്യാനാണ് എന്നാണ് ചോദ്യം. ആ ചോദ്യത്തില്‍ കഴമ്പില്ല. മന്ത്രിയുടെ വ്യക്തിപരമായ ശ്രദ്ധയും ഏകോപന നൈപുണ്യവും പ്രധാനം തന്നെയാണ്. കുട്ടികളുടെ ഭാവിയുടെ പ്രശ്‌നമാണിത്. എസ് എസ് എല്‍ സി പരീക്ഷയെ അത്രമേല്‍ അവിശ്വാസത്തില്‍ അകപ്പെടുത്തിയ സംഭവമാണെന്നോര്‍ക്കണം. തിടുക്കംകൂട്ടി പൊങ്ങച്ചം കാട്ടാനുള്ള വഴിയായി പരീക്ഷയെ അധഃപതിപ്പിക്കരുത്. പിഴവ് പറ്റിയപ്പോള്‍ നന്നായി സമയമെടുത്താണല്ലോ പുനര്‍പ്രഖ്യാപനം നടത്തിയത്. ആദ്യമേ തന്നെ ഈ അവധാനത പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.