അക്ഷര നഗരിയില്‍ ജനത്തിരക്ക്

Posted on: May 10, 2015 6:50 pm | Last updated: May 10, 2015 at 6:50 pm

അബുദാബി: തലസ്ഥാന നഗരിയിലെ പുസ്തകോത്സവ വേദിയില്‍ ജനത്തിരക്ക്. അവധി ദിവസങ്ങളായ വെള്ളിയും ശനിയും ധാരാളം ആളുകളാണ് വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നഗരിയിലെ പവലിയനുകള്‍ സന്ദര്‍ശിക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികളുടെ പവലിയനുകളില്‍ വ്യത്യസ്തമായ മത്സരങ്ങളാണ് നടന്നത്. ചിത്ര രചന, കേട്ടെഴുത്ത്, കണക്കിലെ കളി തുടങ്ങിയ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

ടെന്റ്, ഡിസ്‌കഷന്‍ സോഫ, ലിറ്ററേച്ചര്‍ ഒയാസിസ് തുടങ്ങിയ വേദികളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാഹിത്യകാരന്മാരും ചിന്തകരും സദസുമായി സംവദിക്കുന്നു. പ്രധാനപ്പെട്ട സാഹിത്യകാരന്മാരുടെ സാഹിത്യ ചര്‍ച്ചകള്‍ക്ക് നിറഞ്ഞ സദസ്സാണ് അനുഭവപ്പെടുന്നത്.
ഇമാറാത്തിന്റെ പൈതൃകത്തെ പരിചയപ്പെടുത്തുന്ന പൈതൃക ക്ലബ്ബ്, ശൈഖ് സായിദിന്റെ ഭരണകാലത്തെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം, പഴയ കാല അറബി പത്രങ്ങള്‍, അബുദാബി ആഭ്യന്തര വകുപ്പിന്റെ പവലിയന്‍, സാദിയാത്ത് ദ്വീപില്‍ പണി പുരോഗമിക്കുന്ന സായിദ് ദേശീയ മ്യൂസിയത്തിന്റെ രൂപരേഖ, ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിനെ പരിചയപ്പെടുത്തുന്ന ഗ്രാന്റ് മസ്ജിദ് സെന്റര്‍, അബുദാബി ടൂറിസം കള്‍ചറല്‍ അതോറിറ്റി, കുടുംബങ്ങള്‍ക്ക് സംശയനിവാരണം നടത്തുന്ന ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സെന്റര്‍, ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍, വിശുദ്ധ ഖുര്‍ആനിനെ പരിചയപ്പെടുത്തുന്ന സഊദി, ബഹ്‌റൈന്‍ സെന്ററുകള്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളുടെ ആകര്‍ഷണീയമായ സെന്ററുകള്‍ വിദൂര വിദ്യാഭ്യാസത്തെ പരിചയപ്പെടുത്തുന്ന ഹയര്‍ കോളജ് ഓഫ് ടെക്‌നോളജി എന്നിവിടങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
അതിഥി രാജ്യമായ ഐസ്‌ലന്റ് പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. ഐസ്‌ലന്റിലെ പ്രധാന സാഹിത്യ കാരന്മാരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പുറമെ രാജ്യസംസ്‌കാരവും പൈതൃകവും പരിചയപ്പെടുത്തുന്നുണ്ട്.
കേരളത്തില്‍ നിന്ന് സിറാജ് ദിനപത്രം, ഡി സി ബുക്‌സ് എന്നിവയാണ് പ്രധാനമായും പവലിയന്‍ ഒരുക്കിയിട്ടുള്ളത്. മലയാളത്തിലെ പ്രധാന സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ പവലിയനിലുണ്ട്. സിറാജ് പവലിയന്‍ ധാരാളം പേര്‍ സന്ദര്‍ശിച്ചു.
കുട്ടികളുടെ ദിവസമായ ഇന്ന് അബുദാബി, അല്‍ ഐന്‍ എന്നീ ഭാഗങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നഗരി സന്ദര്‍ശിക്കും.