Connect with us

National

മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയവരില്‍ ഒരാളെ വധിച്ചു; മറ്റുള്ളവരെ വിട്ടയച്ചു

Published

|

Last Updated

ദന്തേവാഡ: ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ നിന്ന് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ 250 പേരില്‍ ഒരാളെ കൊലപ്പെടുത്തി. മറ്റുള്ളവരെ വിട്ടയച്ചു. ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മേഖലയില്‍ സന്ദര്‍ശനം നടത്തുന്നത് തൊട്ടുമുമ്പാണ് മാവോയിസ്റ്റുകള്‍ ഗ്രാമീണരെ തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മാവോയിസ്റ്റുകള്‍ തന്നെ ബന്ദികളെ മോചിപ്പിക്കുകയായിരുന്നു.

നാനൂറിനും അഞ്ഞൂറിനും ഇടയില്‍ ഗ്രാമീണരെ ബന്ദിയാക്കിയിട്ടുണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ബസ്തര്‍ മേഖലാ ഐ ജി. ആര്‍ പി കൊല്ലൂരി ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. ഇത് മാധ്യമങ്ങളുടെ കല്‍പ്പിത കഥയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ ആശയക്കുഴപ്പത്തിനിടെയാണ് 250 പേരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ് വ്യക്തമാക്കിയത്.

സുക്മ ജില്ലയിലെ മരേംഗാ ഗ്രാമത്തിലെ നദിക്ക് കുറുകെ പാലം പണിയാനുളള നീക്കം മാവോയിസ്റ്റുകള്‍ തടസ്സപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ സന്ദര്‍ശനം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ വെള്ളി, ശനി ദിവസങ്ങളിലായി ദണ്ഡകാരണ്യ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നിരവധി പാലങ്ങള്‍ തകര്‍ക്കുകയും റെയില്‍ പാളങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു.

Latest