Ongoing News
സീക്കോ ക്ഷണിച്ചു, ഐ എസ് എല്ലിലേക്ക് അഡ്രിയാനോ വരുമോ ?

പനാജി: മയക്ക് മരുന്നിനടിപ്പെട്ട് കരിയര്‍ നശിപ്പിച്ച ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ അഡ്രിയാനോക്ക് ഫുട്‌ബോളിലേക്ക് തിരിച്ചുവരവ് നടത്താനുള്ള അവസാന അവസരമാകുമോ ഐ എസ് എല്‍? എഫ് സി ഗോവയുടെ ചീഫ് കോച്ച് ബ്രസീലിന്റെ സീക്കോയാണ് അഡ്രിയാനോക്ക് അവസരമൊരുക്കാന്‍ ശ്രമിക്കുന്നത്. റിയോ ഡി ജനീറോയില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. അഡ്രിയാനോ കായികക്ഷമത വീണ്ടെടുത്തു കഴിഞ്ഞു. അയാളുടെ ഇപ്പോഴത്തെ പരിശ്രമത്തില്‍ ഞാന്‍ തൃപ്തനാണ്. അതുകൊണ്ടു തന്നെ എഫ് സി ഗോവയിലേക്ക് ക്ഷണിക്കുകയും ചെയ്തു – സീക്കോ പറഞ്ഞു.
റിയോയിലെ ഫുട്‌ബോള്‍ സെന്ററിലാണ് അഡ്രിയാനോ ജിം വര്‍ക്കൗട്ടും മറ്റ് പരിശീലനമുറകളുമായി അധ്വാനിക്കുന്നത്. 1996 ല്‍ സീക്കോ തന്നെയാണ് ഈ ഫുട്‌ബോള്‍ സെന്റര്‍ ആരംഭിച്ചത്.
ഐ എസ് എല്ലിന്റെ രണ്ടാം സീസണില്‍ എഫ് സി ഗോവയില്‍ കൂടുതല്‍ ബ്രസീല്‍ താരങ്ങളെ ഉള്‍പ്പെടുത്താനാണ് സീക്കോയുടെ ശ്രമം. ഇതിന്റെ ഭാഗമായി ബ്രസീലിന്റെ ലോകകപ്പ് താരം ലൂസിയോയെ മാര്‍ക്വു താരമായി സീക്കോ പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടാമത്തെ താരം അഡ്രിയാനോ ആയേക്കും. ഇന്റര്‍മിലാനൊപ്പം നാല് കിരീടജയങ്ങളുള്ള അഡ്രിയാനോ ഫ്‌ളെമെഗോയെ ബ്രസീലിലെ ചാമ്പ്യന്‍മാരാക്കുന്നതിലും പങ്ക് വഹിച്ചു. ബ്രസീല്‍ ദേശീയ ടീമിനൊപ്പം കോണ്‍ഫെഡറേഷന്‍സ് കപ്പും കോപ അമേരിക്കയും ജയിച്ചു.
അച്ചടക്കമില്ലാത്ത ജീവിതം നയിക്കുന്ന അഡ്രിയാനോയെ ജോസ് മൗറിഞ്ഞോ, ദുംഗ, റോബര്‍ട്ടോ മാന്‍സിനി എന്നിവര്‍ എഴുതിത്തള്ളിയതാണ്. സീക്കോ എന്ന പരിശീലകന്‍ അഡ്രിയാനോയെ ഫുട്‌ബോളിന് തിരികെ നല്‍കുമോ എന്നതിന് ഐ എസ് എല്‍ സാക്ഷ്യം വഹിച്ചാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിനും വലിയ പ്രചാരമായേക്കും.