Ongoing News
പീറ്റര്‍ ടെയ്‌ലര്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജര്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് ടീമിന്റെ മുന്‍ ഹെഡ് കോച്ച് പീറ്റര്‍ ടെയ്‌ലറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വു മാനേജരായി നിയമിച്ചു. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനലിസ്റ്റായ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഉയരങ്ങള്‍ തേടിയാണ് പീറ്റര്‍ ടെയ്‌ലറുടെ പരിചയ സമ്പത്തിനെ ഒപ്പം കൂട്ടുന്നത്.
കേരള ടീമിനൊപ്പം ചേരാന്‍ സാധിച്ചതില്‍ ഇംഗ്ലണ്ട് കോച്ച് ആവേശഭരിതനാണ്. ഐ എസ് എല്ലിന് വലിയ സ്വീകാര്യതയാണ് പ്രഥമ എഡിഷനില്‍ ലഭിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിന് വലിയൊരു അടിത്തറ പാകാന്‍ ഈ ചാമ്പ്യന്‍ഷിപ്പിന് സാധിക്കും. വ്യക്തിപരമായി ഞാനേറെ സന്തുഷ്ടനാണ്, ആദ്യ എഡിഷനില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാട്ടുകാര്‍ നല്‍കിയ പിന്തുണയില്‍.
ഇന്ത്യന്‍ ഫുട്‌ബോളില്‍ കേരളത്തിന് വലിയ സ്വാധീനമുണ്ട്. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ഒരു ജനതക്കൊപ്പമാണ് ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നത്. വലിയ ആവേശം തന്നെയാണത് – പീറ്റര്‍ ടെയ്‌ലര്‍ പറഞ്ഞു. ഡേവിഡ് ബെക്കാമിന് ആദ്യമായി ഇംഗ്ലണ്ട് നായകസ്ഥാനം നല്‍കിയ പരിശീലകനാണ് ടെയ്‌ലര്‍. 2013 ല്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 21 ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞ പീറ്ററിന്റെ അടുത്ത തട്ടകം ഇന്ത്യന്‍ സൂപ്പര്‍ ലീഗാണ്.
2011 ല്‍ ബഹ്‌റൈന്‍ ദേശീയ ടീമിന്റെ പരിശീലകനായ പീറ്റര്‍ ടീമിനെ മനാമയില്‍ നടന്ന ജി സി സി കപ്പില്‍ ചാമ്പ്യന്‍മാരാക്കി.
ദോഹയില്‍ 2011 ല്‍ നടന്ന അറബ് ഗെയിംസിലും ബഹ്‌റൈന്‍ ചാമ്പ്യന്‍മാരായി. ഡാര്‍ട്‌ഫോര്‍ഡ്, സൗത്ത്എന്‍ഡ് യുനൈറ്റഡ്, ഡൊവര്‍ അത്‌ലറ്റിക്, ലിസെസ്റ്റര്‍ സിറ്റി, ബ്രൈറ്റന്‍ ആന്‍ഡ് ഹൊവ് ആല്‍ബിയന്‍, ഹള്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, സ്റ്റിവെനാജ് ബൊറോ, വികോംബെ വാണ്ടേഴ്‌സ്, ബ്രാന്‍ഡ്‌ഫോര്‍ഡ് സിറ്റി, ഗില്ലിഗാം എന്നീ ക്ലബ്ബുകളെയും പീറ്റര്‍ പരിശീലിപ്പിച്ചു.