Connect with us

Kozhikode

വിന്‍ഡ് മില്‍ തട്ടിപ്പ് കേസില്‍ വിചാരണ തുടങ്ങി

Published

|

Last Updated

വടകര: തോടന്നൂര്‍ വിദ്യാപ്രകാശ് പബ്ലിക് സ്‌കൂളില്‍ വിന്‍ഡ് പവര്‍മില്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിച്ചു. കേസിലെ ഒന്നാം പ്രതി സരിത എസ് നായര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് മെയ് 28ലേക്ക് മാറ്റി.
കേസിലെ രണ്ടാം പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിജു രാധാകൃഷ്ണനെ പോലീസ് കേസിനായി കോടതിയില്‍ ഹാജരാക്കി. സാക്ഷിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫും വിചാരണക്കായി കോടതിയില്‍ എത്തിയിരുന്നു. ഒന്നാം പ്രതി സരിത ഹാജരാകാത്തത് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതി ഹാജരാകാത്തതിനെ തുടര്‍ന്ന് 500 രൂപ സാക്ഷി ജോസഫിന് നല്‍കണമെന്നും മജിസ്‌ട്രേറ്റ് എം ശുഐബ് ഉത്തരവിട്ടു.
2008ലാണ് സ്‌കൂളില്‍ വിന്‍ഡ് പവര്‍മില്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് രണ്ട് ലക്ഷം രൂപയുടെ ചെക്ക് കരസ്ഥമാക്കിയത്. രണ്ട് മാസത്തിനകം യന്ത്രം സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. നാല് വര്‍ഷം കഴിഞ്ഞിട്ടും വിന്‍ഡ് പവര്‍മില്‍ സ്ഥാപിക്കാതായതോടെയാണ് സംസ്ഥാനത്ത് സോളാര്‍ വിവാദം ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ വടകര പോലീസില്‍ പരാതി നല്‍കിയത്.