രാജ്കുമാര്‍ ഉണ്ണിയെ ചോദ്യം ചെയ്തു

Posted on: May 8, 2015 7:18 pm | Last updated: May 8, 2015 at 11:36 pm

കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബു ബാറുടമകളില്‍ നിന്ന് പത്ത് കോടി വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയെയും അസോസിയേഷന്റെ ഓഫീസ് ജീവനക്കാരനെയും ചോദ്യം ചെയ്തു. രാജ്കുമാര്‍ ഉണ്ണിയെ ഇന്നലെ രാവിലെയാണ് വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
അസോസിയേഷന്‍ സെക്രട്ടറി എം ഡി ധനേഷ് കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയാണ് രാജ്കുമാര്‍ ഉണ്ണിയും വിജിലന്‍സിന് മുന്നില്‍ ആവര്‍ത്തിച്ചതെന്നറിയുന്നു. പണം പിരിച്ചിട്ടുണ്ടെന്നും അത് കേസ് നടത്താനാണെന്നും ബാര്‍ ലൈസന്‍സ് ഫീസ് കുറക്കുന്നതിന് മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ആവര്‍ത്തിച്ച രാജ്കുമാര്‍ ഉണ്ണി പൂര്‍ണമായും മന്ത്രി കെ ബാബുവിനെ സംരക്ഷിക്കുന്ന മൊഴികളാണ് വിജിലന്‍സിന് നല്‍കിയത്. അസോസിയേഷന്‍ ഓഫീസ് സെക്രട്ടറി സന്തോഷും സംഘടനാ നേതാക്കള്‍ പറഞ്ഞതിനപ്പുറം ഒന്നും വിജിലന്‍സിനോട് പറഞ്ഞില്ല.