ഇന്ത്യയെന്നാല്‍ കാവിയെന്ന് ധരിച്ചുവശായവര്‍

Posted on: May 8, 2015 8:50 pm | Last updated: May 8, 2015 at 8:50 pm
atm-indian pavilllion
എ ടി എമ്മിലെ ഇന്ത്യന്‍ പവലിയ

ദുബൈയില്‍ നാലു ദിവസം നീണ്ടുനിന്ന അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റ് (എ ടി എം), വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ കൊണ്ട് ഈ വര്‍ഷവും ശ്രദ്ധേയമായിരുന്നു. മാന്യമായ വഴിയിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മലേഷ്യ, മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കൂറ്റന്‍ പവലിയനുകളാണ് ഒരുക്കിയത്. അതാത് രാജ്യത്തിന്റെ സാംസ്‌കാരിക സവിശേഷതകള്‍ അവര്‍ ആലേഖനം ചെയ്തിരുന്നു.
ഇന്ത്യന്‍ പവലിയനും മോശമായിരുന്നില്ല. പക്ഷേ, ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിക്കുവേണ്ടിയാണ് എ ടി എമ്മില്‍ പ്രചാരണം നടത്തേണ്ടതെന്ന് ധരിച്ചുവശായവരാണ് പവലിയന്‍ നിര്‍മിച്ചത് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും. ബി ജെ പിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ താമരയുടെ ആകൃതിയിലാണ് പവലിയന്‍ ഒരുക്കിയത്. ബി ജെ പി ഹൈജാക്ക് ചെയ്ത നിറമായ ‘കാവി’യില്‍ കുളിപ്പിക്കുകയും ചെയ്തിരുന്നു.
മലേഷ്യ ഇസ്‌ലാമിക സവിശേഷതയുള്ള രാജ്യമായിട്ടും അത്തരം ചിഹ്നങ്ങള്‍ ഒന്നും പവലിയനില്‍ വാരിത്തേച്ചില്ല. പകരം അവരുടെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതികള്‍ വിളംബരം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളും മറ്റുമാണ് അമേരിക്ക മുന്നോട്ടുവെച്ചത്.
ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് വാഗ്ദാനം ചെയ്യാനുള്ളത്, എന്താണെന്ന് പവലിയന്‍ രൂപകല്‍പന ചെയ്തവര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ലെന്ന് വ്യക്തമായി. ലോകത്തിലെ വലിയ അദ്ഭുതങ്ങളായ താജ്മഹല്‍, ഹിമാലയം, അനേകം ജൈവ വൈവിധ്യതകള്‍ എന്നിവ എക്കാലവും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. സാംസ്‌കാരിക വൈവിധ്യതകളെ തച്ചുടച്ച്, നാനാത്വത്തില്‍ ഏകത്വത്തെ അവഗണിച്ച്, താലിബാന് സമാനമായ അന്തരീക്ഷം ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ സന്തോഷിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. അതുവഴി, ലക്ഷ്യം വിസ്മരിക്കപ്പെട്ടു. സഞ്ചാരികള്‍ ഇന്ത്യയില്‍ എത്തേണ്ടത് കാവികാണാനാണെന്ന ധ്വനി വന്നു.
ഇന്ത്യന്‍ പവലിയനില്‍ കേരള ടൂറിസവും കെ ടി ഡി സിയും എയര്‍ ഇന്ത്യയും മറ്റും ഇടം തേടിയിരുന്നു. കേരളത്തിലെ ആയൂര്‍വേദ ചികിത്സാ സൗകര്യങ്ങള്‍ മാലോകരെ അറിയിക്കാനാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇന്ത്യാ ടൂറിസത്തിന്റെ കാവി ഭ്രമത്തില്‍ കേരളത്തിന്റെ സന്ദേശം മുങ്ങിപ്പോയി. കേരള സംഘം മികച്ച തയ്യാറെടുപ്പോടെയാണ് എത്തിയത്. അറബിയിലും ഇംഗ്ലീഷിലും ലഘുലേഖ തയ്യാറാക്കിയിരുന്നു. ഗള്‍ഫ് മലയാളികള്‍ വഴി അറബ് സമൂഹവും ഫിലിപ്പൈന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സമൂഹങ്ങളും കേരളത്തെക്കുറിച്ച് നല്ല ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. വിവാഹ ചടങ്ങ് കേരളത്തിന്റെ പ്രകൃതി രമണീയതയില്‍ ആയാല്‍ കൊള്ളാമെന്ന് ആശിക്കുന്ന വിദേശ യുവതീയുവാക്കള്‍ ധാരളം. അവരെ ആകര്‍ഷിക്കാന്‍ ‘വെഡ്ഡിംഗ്‌സ് ഇന്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ബഹുവര്‍ണ ലഖുലേഖ ശ്രദ്ധേയമായിരുന്നു.
എന്നാല്‍, സഞ്ചാരികളോടുള്ള ഇന്ത്യക്കാരുടെ മനോഭാവം മാറാതെയും മികച്ച റോഡുകളില്ലാതെയും എങ്ങിനെ പദ്ധതികള്‍ വിജയം കാണുമെന്നത് വലിയ ചോദ്യമാണ്. വിസാ ഓണ്‍ അറൈവല്‍ സംവിധാനം പോലും ഏറെ കടമ്പകളുള്ളത്. ചില രാജ്യക്കാരെ സംശയത്തോടെ കാണുന്ന സമീപനവും വിലങ്ങുതടി. കേരളത്തിന്റെ മണ്‍സൂണ്‍ കാലത്തിന്റെ അനന്യതയെ വിദേശികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും ഇതേവരെ കഴിഞ്ഞിട്ടില്ല.
അറേബ്യന്‍ ട്രാവല്‍മാര്‍ക്കറ്റ് പോലുള്ള സംവിധാനങ്ങളെ വിദഗ്ധമായി ഉപയോഗപ്പെടുത്താനുള്ള കാഴ്ചപ്പാട് ഇനിയെങ്കിലും ഉണ്ടാകണം. ഇത്തരം പ്രദര്‍ശനങ്ങളില്‍ ധാരാളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എത്തും. അവരാണ് സംഘടിത ടൂറിസത്തിന്റെ കാതല്‍. അവര്‍ക്ക്, ഇന്ത്യയുടെ സാധ്യതകളെ പരിചയപ്പെടുത്താന്‍ നവീന രീതികള്‍ അവലംബിക്കണം.