ബാര്‍ കോഴ: അന്വേഷണ ചുമതലയില്‍ നിന്നും ആരേയും മാറ്റിയിട്ടില്ലെന്ന് വിജിലന്‍സ്‌

Posted on: May 8, 2015 8:03 pm | Last updated: May 8, 2015 at 11:59 pm

തിരുവനന്തപുരം: ബാര്‍ കോഴ അന്വേഷണത്തിന്റെ മേല്‍നോട്ടത്തില്‍ നിന്നും ആരേയും മാറ്റിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും വിജിലന്‍സിന്റെ വിശദീകരണം. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയെന്നു വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി വിജിലന്‍സ് വകുപ്പ് രംഗത്ത് എത്തിയത്.

കേസുകളുടെ അന്വേഷണ ചുമതല അതാതു യൂണിറ്റിന്റെ ഡയറക്ടര്‍ക്കോ എഡിജിപിക്കോ ആയിരിക്കും. തെറ്റായ വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വിജിലന്‍സിന്റെ വിശ്വാസത്തെ തകര്‍ക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു.
ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റിയെന്ന വാര്‍ത്ത നേരത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നിഷേധിച്ചിരുന്നു.