റാസല്‍ ഖൈമയില്‍ ഏഴു വര്‍ഷത്തിനകം 15,000 ഹോട്ടല്‍ മുറികള്‍

Posted on: May 8, 2015 7:45 pm | Last updated: May 8, 2015 at 7:45 pm

HOTELറാസല്‍ ഖൈമ: അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 15,000 ഹോട്ടല്‍ മുറികള്‍ റാസല്‍ ഖൈമയില്‍ നിര്‍മിക്കുമെന്ന് ടി ഡി എ(റാസല്‍ ഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറ്റി) സി ഇ ഒ ഹൈത്തം മത്തര്‍ വ്യക്തമാക്കി. 2022 ആവുമ്പോഴേക്കും ഹോട്ടല്‍ മുറികളുടെ എണ്ണം 15,000ല്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 30 പുതിയ ഹോട്ടലുകള്‍ നിര്‍മിക്കും. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ എമിറേറ്റിന്റെ വികസന പദ്ധതികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ ഉള്‍പെട്ട മാരിയട്ട് ഹോട്ടല്‍ ഗ്രൂപ്പിന്റെ 300 റിസോര്‍ട്ടുകള്‍ 2018 ന്റെ ആദ്യ പാദത്തില്‍ പൂര്‍ത്തിയാവും. കഴിഞ്ഞ വര്‍ഷം 7.3 ലക്ഷം പേരാണ് റാസല്‍ ഖൈമ സന്ദര്‍ശിച്ചത്. ഈ വര്‍ഷം 8.5 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഓരോ വര്‍ഷവും വിനോദസഞ്ചാരികള്‍ക്ക് താമസിക്കാനായി 1,000 മുറികള്‍ വീതം ഒരുക്കും. മിഡില്‍ സ്‌കെയില്‍ സര്‍വീസ് അപാര്‍ട്‌മെന്റുകള്‍ മുതല്‍ പഞ്ചനക്ഷത്ര ആഢംബര ഹോട്ടല്‍ മുറികള്‍ വരെ ഇതില്‍ ഉള്‍പെടും. 27 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അല്‍ മര്‍ജാന്‍ ദ്വീപിലാണ് 30 ഹോട്ടലുകളും നിര്‍മിക്കുക.
2014ല്‍ 21.4 ലക്ഷം രാത്രികളാണ് വിനോദസഞ്ചാരികള്‍ റാസല്‍ ഖൈമയില്‍ താമസിച്ചത്. 2013മായി താരതമ്യപ്പെടുത്തുമ്പോള്‍ 72 ശതമാനം വര്‍ധനവാണ് വിനോദസഞ്ചാരികളുടെ താമസത്തില്‍ സംഭവിച്ചത്. ഈ വര്‍ഷം 17 ശതമാനം വളര്‍ച്ചയാണ് 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതീക്ഷിക്കുന്നത്. മുറികളില്‍ നിന്നുള്ള വരുമാനത്തില്‍ 12 ശതമാനത്തിന്റെ വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ 5,000 ഹോട്ടല്‍ മുറികളാണ് റാസല്‍ ഖൈമയില്‍ മൊത്തമുള്ളതെന്നും ഹൈത്തം വെളിപ്പെടുത്തി.