Gulf
റമസാന്‍: വില നിയന്ത്രിക്കാന്‍ നടപടി

അബുദാബി: റമസാന് മുന്നോടിയായി വിപണികളില്‍ വിലക്കുറവ് പ്രഖ്യാപിക്കുമെന്നു സാമ്പത്തിക മന്ത്രാലയം. ഉല്‍പന്നങ്ങള്‍ക്കു 31 മുതല്‍ 41 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നു അധികൃതര്‍ അറിയിച്ചു. വിലക്കുറവ് പട്ടികയില്‍ ഉള്‍പെടുത്തണമെന്നു സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയായി സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് തലവന്‍ ഡോ. ഹാഷിം അല്‍ നുഐമി അറിയിച്ചു.
വിലക്കുറവ് പ്രഖ്യാപിക്കുന്നതിനു പുറമെ ഇത്തവണയും അവശ്യസാധനങ്ങള്‍ അടങ്ങിയ റമസാന്‍ കിറ്റുകള്‍ വിപണികള്‍ വഴി വിതരണം ചെയ്യും. ഇതു പ്രയോജനപ്പെടുത്തുന്നവര്‍ക്കു ആറു മുതല്‍–21 ശതമാനം വരെ ലാഭിക്കാനാകുമെന്നു അല്‍ഐനിലെ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചശേഷം ഡോ. ഹാഷിം പറഞ്ഞു.
രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ 66 സ്മാര്‍ട് സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ അവകാശങ്ങള്‍ സംബന്ധിച്ചുള്ള ബോധവല്‍കരണമാണു ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഉല്‍പന്നങ്ങളുടെ വില സ്ഥിരപ്പെടുത്തുക, വിലകുറച്ചു വില്‍ക്കുക, സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുക, വിലക്കുറവുള്ള വസ്തുക്കള്‍ എന്നിവയുടെ തരംതിരിച്ചുള്ള പട്ടിക രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റമസാനിലും അല്ലാത്ത കാലത്തും അമിത വില ഈടാക്കരുതെന്നു ഡോ. ഹാഷിം വ്യക്തമാക്കി.
പഴം-പച്ചക്കറി ചന്തകളില്‍ ആവശ്യത്തിനു സാധനങ്ങളെത്തിക്കാന്‍ വിതരണ കമ്പനികളോട് ആവശ്യപ്പെടും. ഒരു തരത്തിലുള്ള വിഭവക്ഷാമത്തിനും ഇടയാകാത്ത വിധം വിപണികള്‍ ക്രമീകരിക്കുക.
വിപണികളില്‍ സാധനങ്ങള്‍ കൂടുതലായി ആവശ്യം വരുന്ന മാസമാണു റമസാന്‍. ഇതു മുതലെടുത്തു ഉല്‍പന്നങ്ങള്‍ക്കു വ്രതകാലത്തു അമിത വില വാങ്ങുകയോ തിരിമറി നടത്തുകയോ ചെയ്യരുത്. ന്യായ വിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്നുണ്ടെന്നു ഉറപ്പാക്കാന്‍ റമസാനില്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നു ഡോ. ഹാഷിം അറിയിച്ചു.