National
മോദിയുടേത് പ്രതികാര രാഷ്ട്രീയം : രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നാണ് രാഹുല്‍ ആരോപിച്ചത്. അമേത്തിയിലുള്ള ഫുഡ് പാര്‍ക്ക് പദ്ധതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശം. പ്രതികാര രാഷ്ട്രീയമാണ് മോദി പയറ്റുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പോടനുബന്ധിച്ച് നടന്ന ക്യാമ്പയിനില്‍ മോദി പ്രഖ്യാപിച്ചിരുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ് താന്‍ മുന്നോട്ടുവെക്കുന്നതെന്നായിരുന്നു. എന്നാല്‍ , അതിന് കടകവിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്- രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് ഇവിടം സന്ദര്‍ശിച്ച മോദി 52 മിനുട്ട് പ്രസംഗിച്ചിരുന്നു. വികസനത്തിന്റെ രാഷ്ട്രീയമാകും താന്‍ കാഴ്ചവെക്കുക എന്ന് അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ ഏറെ മതിപ്പ് തോന്നിയിരുന്നു. എന്നാല്‍ ഫുഡ് പാര്‍ക്ക് റദ്ധാക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമല്ലെന്നും രാഹുല്‍ തുറന്നടിച്ചു.
കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഫുഡ് പാര്‍ക്ക് എന്നും അത് റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് രാഹുല്‍ പ്രധാനമന്ത്രിക്ക് നിവേദനവും നല്‍കി.
എന്നാല്‍, അമേത്തിയിലെ ഫുഡ് പാര്‍ക്ക് വിഷയം താന്‍ പരിഗണിക്കാമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ വിഷയത്തില്‍ പ്രതികാരത്തിന്റെ രാഷ്ട്രീയമില്ലെന്നു പറഞ്ഞു. താനീ വിഷയം വ്യക്തിപരമായി എം പിയെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.