മേഖലാ ജാഥകള്‍ മാറ്റണം: പുതിയ സമ്മര്‍ദവുമായി കേരളാ കോണ്‍ഗ്രസ്

Posted on: May 8, 2015 4:16 am | Last updated: May 8, 2015 at 12:19 am

kerala-congress-on-bar-case-__largeതിരുവനന്തപുരം: യു ഡി എഫ് മേഖലാജാഥകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണി നേതൃത്വത്തിനു മേല്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമ്മര്‍ദ തന്ത്രം. ബാര്‍ കോഴ കേസില്‍ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഈ നീക്കം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ പ്രചാരണ ജാഥ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതെങ്കിലും വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷം രാഷ്ട്രീയ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്നാണ് കേരളാകോണ്‍ഗ്രസ് (എം) നിലപാട്. മേഖലാജാഥ മുന്‍നിര്‍ത്തി ജനതാദള്‍ യു നടത്തിയ സമ്മര്‍ദ തന്ത്രത്തിന് സമാനമായാണ് കേരളാകോണ്‍ഗ്രസും (എം) കരുക്കള്‍ നീക്കുന്നത്. മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ പദവിയെ ചൊല്ലി രൂപപ്പെട്ട തര്‍ക്കവും ഇങ്ങിനെയൊരു നിലപാടെടുക്കാന്‍ കേരളാകോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ പദവി കേരളാകോണ്‍ഗ്രസിനാണ് നല്‍കിയിരുന്നത്. സി എഫ് തോമസിനെ ക്യാപ്റ്റനായും നിശ്ചയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പിന്മാറിയതോടെ ജോസ് കെ മാണിയെ ക്യാപ്റ്റനാക്കാനായി നീക്കം. ജോസ് കെ മാണിക്ക് വഴിയൊരുക്കാന്‍ വേണ്ടിയാണ് സി എഫ് തോമസ് പിന്മാറിയതെന്ന പ്രചാരണവുമുണ്ടായി. ജോസ് കെ മാണി ക്യാപ്റ്റനാകുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് മറ്റു ഘടകകക്ഷികളും രംഗത്ത് വന്നതോടെ തിരക്ക് ചൂണ്ടിക്കാട്ടി അദ്ദേഹവും സ്വയം പിന്‍മാറി. ഇതിന് പിന്നാലെയാണ് ജാഥ തന്നെ മാറ്റിവെക്കണമെന്ന ആവശ്യം കേരളാകോണ്‍ഗ്രസ് ഉയര്‍ത്തിയത്.
കേരളാകോണ്‍ഗ്രസ് പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗമാണ് ജാഥ നിശ്ചയിച്ചതെന്നും ആ ഘട്ടത്തില്‍ അസൗകര്യം അറിയിച്ചിട്ടില്ലെന്നുമാണ് മുന്നണി നേതൃത്വത്തിന്റെ നിലപാട്. മേഖലാ ജാഥയുടെ ക്യാപ്റ്റന്‍ പദവി നല്‍കിയില്ലെന്ന വാദം ഉയര്‍ത്തിയാണ് ജനതാദള്‍ (യു) നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. പിന്നീട് അവരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കുറെയേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു. കേരളാകോണ്‍ഗ്രസും ഈ തന്ത്രം തന്നെയാണ് പയറ്റുന്നത്. ബാര്‍കോഴ കേസില്‍ അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ രാഷ്ട്രീയ വിശദീകരണം നടത്തുന്നതില്‍ അര്‍ഥമില്ലെന്നാണ് അവരുടെ നിലപാട്. അന്വേഷണം നീണ്ടുപോകുന്നതില്‍ പലവട്ടം അവര്‍ അതൃപ്തി പ്രകടിപ്പിച്ചതുമാണ്.
മെയ് 31നകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിന് ശേഷം ജാഥ നടത്താം എന്ന നിലപാടിലാണ് അവര്‍. അതേസമയം, ബാര്‍ കോഴ അന്വേഷണവുമായി ഇതിന് ബന്ധമില്ലെന്നും സംഘടനാപരമായി നിശ്ചയിച്ച പരിപാടികളാണ് നിശ്ചയിച്ച തിയതികളില്‍ ജാഥ നടത്തുന്നതിന് തടസമെന്നും കേരളാകോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ആന്റണി രാജു പ്രതികരിച്ചു.
നിലവില്‍ 19 മുതല്‍ 25 വരെയാണ് ജാഥ നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനതലത്തില്‍ ജില്ലാ യു ഡി എഫ് നേതാക്കളുടെ യോഗം വിളിച്ച് ഇതിന് അന്തിമരൂപം നല്‍കിയതുമാണ്. മധ്യമേഖലാ ജാഥയുടെ വൈസ് ക്യാപ്റ്റന്‍ ജോണി നെല്ലൂരാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥയുടെ ക്യാപ്റ്റന്‍ എന്‍ കെ പ്രേമചന്ദ്രനാണ്. അഡ്വ. കെ രാജന്‍ ബാബുവാണ് വൈസ്‌ക്യാപ്റ്റന്‍. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥയുടെ ക്യാപ്റ്റന്‍ എം എം ഹസനും സി പി ജോണ്‍ വൈസ് ക്യാപ്റ്റനുമാണ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല ജാഥയുടെ ക്യാപ്റ്റന്‍ കെ പി എ മജീദാണ്. വൈസ് ക്യാപ്റ്റന്‍ സോഷ്യലിസ്റ്റ് ജനതാപ്രതിനിധിയും.