മുള്ളേരിയ പി എച്ച് സി പ്രവര്‍ത്തനം ആരംഭിക്കണം: എസ് എസ് എഫ്

Posted on: May 8, 2015 4:23 am | Last updated: May 7, 2015 at 10:24 pm

മുള്ളേരിയ: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മുള്ളേരിയ പി എച്ച് സിയുടെ പ്രവര്‍ത്തനം മാസങ്ങളായിട്ടും ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സബ് സെന്റര്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയ്ക്ക് 15 ലക്ഷം രൂപ വീതമാണ് ചെലവാക്കിയത്. കാറഡുക്ക, ദേലംപാടി, കുമ്പഡാജെ, ബെള്ളൂര്‍ എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ ആശ്രയിക്കുന്ന ആരോഗ്യകേന്ദ്രം കൂടിയാണ് മുള്ളേരിയ പി എച്ച് സി. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ അധികവും താമസിക്കുന്ന പഞ്ചായത്തുകളാണിവ. രോഗികളുടെ പേരുപറഞ്ഞ് നിര്‍മിച്ച ഈ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വലിയൊരു തുക ഉപയോഗിച്ച് നിര്‍മിച്ച ആശുപത്രിക്കെട്ടിടം എത്രയും പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ് എസ് എഫ് ദേലംപാടി സെക്ടര്‍ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
ഇനിയും പ്രവര്‍ത്തനം ആരംഭിക്കാതെ ഈ അനാസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ഹാരിസ് അശ്‌റഫി അധ്യക്ഷത വഹിച്ചു. ലത്വീഫ് സഅദി ദേലംപാടി, റഹീം പരപ്പ, സിദ്ദീഖ് ദേലംപാടി, സിദ്ദീഖ് കര്‍ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അസ് ലം അഡൂര്‍ സ്വാഗതവും ഉമൈര്‍ ഹിമമി നന്ദിയും പറഞ്ഞു.