Wayanad
മുട്ടില്‍ ഓര്‍ഫനേജിന്റെ തണലില്‍ 52 യുവതികള്‍ സുമംഗലികളായി

കല്‍പ്പറ്റ: മുട്ടില്‍ ഡബ്ല്യു.എം.ഒയുടെ പതിനൊന്നാമത് സ്ത്രീധന രഹിത വിവാഹ സംഗമത്തിലൂടെ 52 യുവതികള്‍ സുമംഗലികളായി. വയനാട്, കോഴിക്കോട്, മലപ്പുറം, എറണകുളം, കുടക്, മൈസൂര്‍, നീലഗിരി, ജില്ലകളിലെ പ്രദേശങ്ങളിലെ യുവതി-യുവാക്കളാണ് വിവാഹിതരായത്. 44 മുസ്‌ലിം യുവതികളും, എട്ട് ഹൈന്ദവ യുവതികളുമാണ് വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ തണലില്‍ ജീവിത പങ്കാളികളെ കണ്ടെത്തിയത്. പതിനൊന്ന് സമൂഹ വിവാഹങ്ങളിലൂടെ ഇതിനകം 1512 യുവതികള്‍ക്കാണ് ഓര്‍ഫനേജ് മംഗല്യ സൗഭാഗ്യമൊരുക്കിയത്. യതീംഖാന അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ നടന്ന സമൂഹ വിവാഹ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യതീംഖാന പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം എ മുഹമ്മദ് ജമാല്‍ വിവാഹ സന്ദേശവും, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നസീഹത്തും നല്‍കി. കെ ടി ഹംസ മുസ്‌ലിയാര്‍, സൈഫുദ്ദീന്‍ അല്‍ഖാസിമി, സ്വാമി അശ്വതി തിരുനാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ പി മുജീബ് തങ്ങള്‍ സ്വാഗതവും പി പി അബ്ദുല്‍ഖാദര്‍ നന്ദിയും പറഞ്ഞു. ആദില്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. ഹൈന്ദവ വിവാഹം ജിദ്ദ ഹോസ്റ്റലിലെ കതിര്‍മണ്ഡപത്തില്‍ നടന്നു. തിരുവനന്തപുരം ഏകലവ്വാശ്രമത്തിലെ സ്വാമി അശ്വതീ തിരുനാള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പി ചാത്തുക്കുട്ടി അധ്യക്ഷനായി. കണ്ണൂര്‍ അപൂര്‍വ്വശ്രമത്തിലെ സ്വാമിനി പ്രേംവൈശാലി പ്രഭാഷണം നടത്തി.