ഏതുനിമിഷവും കരയാക്രമണം പ്രതീക്ഷിക്കാമെന്ന് സഊദി

Posted on: May 8, 2015 5:08 am | Last updated: May 7, 2015 at 10:11 pm

prince salmanറിയാദ്: യമനിലെ ഹൂത്തി തീവ്രവാദികളില്‍ നിന്നുള്ള വ്യോമാക്രമണം തടയാന്‍ കരയാക്രമണം ഉള്‍പ്പെടെയുള്ള മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് സഊദി അറേബ്യ. അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടക്കുന്നതിന് തൊട്ടുമുമ്പ് യമനിലെ ഹൂത്തി കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തി സഊദി നിലപാട് വ്യക്തമാക്കുകയും ചെയ്തു. സാദയിലെ ഹൂത്തി ശക്തി കേന്ദ്രങ്ങളെയും ഇവരുടെ ഷെല്ലാക്രമണ സംവിധാനങ്ങളെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയത്.
മുമ്പത്തെ അവസ്ഥകളെല്ലാം ആവര്‍ത്തിക്കേണ്ടി വരും. എപ്പോഴും കരയാക്രമണം പ്രതീക്ഷിക്കാം. ഇത്തരം ആക്രമണങ്ങളെ തടയാന്‍ എല്ലാ മാര്‍ഗങ്ങളും ആരായുമെന്നും സഊദി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സരി അല്‍അറേബ്യ ടി വി ചാനലിനോട് വ്യക്തമാക്കി.
സഊദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന് താത്കാലിക വിരാമമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റിയാദിലെത്തി ഇന്നലെ ചര്‍ച്ചകള്‍ ആരംഭിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ താത്കാലിക വെടിനിര്‍ത്തലില്‍ എത്താനാണ് ചര്‍ച്ചകള്‍ തുടരുന്നത്. യമനിലെ ആദന്‍ തുറമുഖ നഗരത്തില്‍ നിന്ന് വിദേശസൈനികരെ പിന്‍വലിക്കണമെന്ന് യമന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സഊദി പരിഗണിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഹൂത്തികളുമായി ശക്തമായ പോരാട്ടം നടക്കുന്ന സ്ഥലമാണ് പ്രമുഖ തുറമുഖ നഗരമായ ആദന്‍.
കഴിഞ്ഞ ദിവസം ഹൂത്തികള്‍ സഊദിയിലെ നജ്‌റാനിന് നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങള്‍ ഷെല്ലാക്രമണം നടത്തിയ കാര്യം ഹൂത്തികളും സ്ഥിരീകരിച്ചിട്ടുണ്ട്. ജിസാന്‍ പ്രവിശ്യയിലും ഹൂത്തി വിമതരുടെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് രണ്ട് സഊദി പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൂത്തികള്‍ക്ക് നേരെയുള്ള വ്യോമാക്രമണം വീണ്ടും സഊദി ശക്തമാക്കിയിരിക്കുന്നത്.
അറബ്‌സഖ്യ സൈന്യം കരയാക്രമണത്തിന്റെ വിഷയത്തില്‍ ആശങ്കയുള്ളവരാണ്. യമനിലെ ഭൂപ്രദേശങ്ങള്‍ ഗറില്ല യുദ്ധമുറകള്‍ക്ക് അനുകൂലമായതിനാല്‍ ഹൂത്തികള്‍ അവസരം മുതലെടുത്ത് കനത്ത തിരിച്ചടി നല്‍കുമെന്ന് അറബ് സഖ്യസൈന്യം ആശങ്കപ്പെടുന്നു. 2009-2010ല്‍ ഹൂത്തികളുമായുള്ള അതിര്‍ത്തി യുദ്ധത്തില്‍ നൂറിലധികം സഊദി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഹൂത്തികളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് യമന്‍ ഉപേക്ഷിച്ചു പോന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പുനഃസ്ഥാപിക്കാന്‍ ഹൂത്തികള്‍ മുന്നോട്ടുവരണമെന്നും പിടിച്ചെടുത്ത പ്രദേശങ്ങള്‍ നിരുപാധികം തിരിച്ചുനല്‍കണമെന്നും സഊദിയും യു എന്നും ഹൂത്തികളോട് ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ ഇതിന് ഹൂത്തികള്‍ ഇതുവരെയും സന്നദ്ധത അറിയിച്ചിട്ടില്ല. ഹാദിയുമായി കെറി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സഊദിയില്‍ കണ്ടതില്‍ സന്തോഷമുണ്ടെന്നും സന്‍ആയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും ഇദ്ദേഹത്തോട് കെറി വ്യക്തമാക്കി. സഊദി രാജാവ് സല്‍മാന്‍ബിന്‍ അബ്ദുല്‍അസീസുമായും കെറി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുവിഭാഗവും ശാന്തമായി കാര്യങ്ങളില്‍ ഇടപെടണമെന്നും സാധാരണക്കാരെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കെറി ഓര്‍മപ്പെടുത്തി.
കഴിഞ്ഞ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി യമനില്‍ 120 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ആദനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്ന 40 സാധാരണക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.