International
ബ്രിട്ടനില്‍ കാമറൂണിന് അപ്രതീക്ഷിത വിജയം

തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഡേവിഡ് കാമറൂണ്‍ ഔദ്യോഗി വസതിക്ക് പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അപ്രതീക്ഷിത വിജയം. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് ഡേവിഡ് കാമറൂണ്‍ വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 650 അംഗ പാര്‍ലിമെന്റില്‍ 331 സീറ്റ് നേടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുന്നത്. 326 സീറ്റാണ് കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്. പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 232 സീറ്റ് മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്‌കോട്‌ലാന്‍ഡിനായി വാദിക്കുന്ന സ്‌കോട്‌ലാന്‍ഡ് നാഷനലിസ്റ്റ് പാര്‍ട്ടി (എസ് എന്‍ പി) വന്‍ മുന്നേറ്റം കാഴ്ചവെച്ചു. സ്‌കോട്‌ലാന്‍ഡില്‍ ആകെയുള്ള 59 സീറ്റില്‍ 56ഉം നിക്കോള സ്റ്റര്‍ജിയോണിന്റെ നേതൃത്വത്തിലുള്ള എസ് എന്‍ പി നേടി. കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് മാത്രമേ എസ് എന്‍ പിക്ക് നേടാന്‍ സാധിച്ചിരുന്നുള്ളൂ. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ഭൂരിഭാഗം സീറ്റുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്വന്തമാക്കി.
നേരത്തെ ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ സഖ്യ കക്ഷിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് ഇത്തവണ എട്ട് സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 56 സീറ്റ് നേടിയാണ് ലിബറല്‍ ഡെമോക്രാറ്റിക് അധികാരത്തില്‍ പങ്കാളിയായത്. ഡി യു പി- എട്ട്, പ്ലെയ്ഡ് സൈമ്രു- 3, സിന്‍ ഫെയ്ന്‍- 4, യു കെ ഐ പി- 1, ഗ്രീന്‍സ്- 1, മറ്റുള്ളവര്‍- 6 എന്നിങ്ങനെയാണ് കക്ഷിനില.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയ വന്‍ വിജയത്തിനു പിന്നാലെ ഡേവിഡ് കാമറൂണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം കാമറൂണ്‍ ഔദ്യോഗികമായി അറിയിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് സ്ഥാനം ഒഴിഞ്ഞു. പുതിയ നേതൃത്വത്തിന്റെ കീഴില്‍ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കണമെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞു.
വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ്ഗും താനറ്റ് സൗത്ത് മണ്ഡലത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യു കെ ഐ പി നേതാവ് നൈജല്‍ ഫാരേജും പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോട് 2,800 വോട്ടിനാണ് ഫാരേജ് പരാജയപ്പെട്ടത്.
കാമറൂണിന്റെ വിജയത്തോടെ യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരുമെന്ന് ഉറപ്പായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയ വന്‍ വിജയത്തിനു പിന്നാലെ ഡോളറിനെതിരെ ബ്രട്ടീഷ് പൗണ്ടിന്റെ മൂല്യമുയര്‍ന്നു. ഓഹരി വിപണിയിലും വന്‍ കുതിപ്പുണ്ടായി. തൂക്കു സഭയാണ് വരാന്‍ പോകുന്നതെന്ന പ്രവചനങ്ങള്‍ വിപണിയില്‍ വന്‍ ഇടിവിന് വഴിവെച്ചിരുന്നു.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നായിരുന്നു അഭിപ്രായ സര്‍വേകള്‍ സൂചിപ്പിച്ചിരുന്നത്. ലിബറല്‍ ഡെമോക്രാറ്റുകളും എസ് എന്‍ പിയും സര്‍ക്കാറുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നായിരുന്നു സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയത്.