Gulf
ടിക്കറ്റ് നിരക്കിലെ കൊള്ളക്ക് അവസാനമില്ല

ഏതാണ്ട് 20 വര്‍ഷം മുമ്പ്, മിക്ക കേരളീയരും “ബോംബെ” വഴിയാണ് ഗള്‍ഫിലെത്തിയിരുന്നത്. പോകുന്നതും അതേ വഴി. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് നേരിട്ട് വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ നിന്ന് ബസിലോ ട്രെയിനിലോ ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴിയോ ബോംബെയിലെത്തും. സമയ നഷ്ടവും ധന നഷ്ടവും ഏറെ. തിരിച്ചുപോകുമ്പോഴും ഇതുതന്നെ മാര്‍ഗം.
ഇപ്പോള്‍, ഗോവ, പൂനെ, കോയമ്പത്തൂര്‍, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് മിക്ക ഗള്‍ഫ് നാടുകളിലേക്കും സര്‍വീസുണ്ട്. അത് കൊണ്ടുതന്നെ നിരക്ക് ലാഭിക്കാന്‍ ഇപ്പോള്‍ പലരും ഇത്തരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നു.
കേരളത്തിലെയോ മംഗലാപുരത്തെയോ വിമാനത്താവളത്തില്‍ നിന്ന് ദുബൈയിലേക്ക് ശരാശരി 20,000 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. അതേ സമയം, പൂനെയില്‍ നിന്ന് 10,000 രൂപയേയുള്ളു. 2000 രൂപ ബസ് ടിക്കറ്റിനു മുടക്കി പൂനെയില്‍ എത്തിയാല്‍ 8000 രൂപയോളം ലാഭിക്കാം.
ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് 1,000 ദിര്‍ഹം വേണം. വേനലവധിക്കാലമാകുമ്പോള്‍ 3000 ദിര്‍ഹം വരെ ആകും. പൂനെയിലേക്കോ മുംബൈയിലേക്കോ ശരാശരി 400 ദിര്‍ഹമിന് ടിക്കറ്റ് കിട്ടാനുണ്ട്. വേനലവധിക്കാലമാകുമ്പോള്‍ ഏതായാലും ആയിരം ദിര്‍ഹത്തിലധികം ആകാന്‍ സാധ്യതയുമില്ല.
മുംബൈ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ നാട്ടിലെത്താന്‍ ടിക്കറ്റെടുക്കുകയാണെങ്കിലും കേരളത്തിലേക്കുള്ളതിന്റെ പകുതി നിരക്കേവേണ്ടൂ. അത് കൊണ്ടുതന്നെ നേരിട്ടുള്ള വിമാനയാത്ര പലരും ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. അടിയന്തിര സാഹചര്യം വരുമ്പോള്‍ മാത്രമെ നേരിട്ടുള്ള വിമാനത്തെ ആശ്രയിക്കുകയുള്ളു.
കേരളീയര്‍ തന്നെ കേരളത്തിലെ വിമാനത്താവളങ്ങളെ കൈയൊഴിയുന്ന അവസ്ഥയാണ് സംജാതമാകുന്നതെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പണ്ട്, വിമാനത്താവളങ്ങള്‍ അധികം ഇല്ലാതിരുന്ന കാലത്ത്, കപ്പലിലായിരുന്നു ഗള്‍ഫ് യാത്ര. ദിവസങ്ങള്‍ നീണ്ടയാത്രയുള്ള ആ കാലത്തേക്ക് തിരിച്ചുപോകേണ്ടിവരുമോയെന്നാണ് ഭയം.
ഇതിനിടയില്‍ കണ്ണൂര്‍ വിമാനത്താവളം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുന്നുണ്ട്. മംഗലാപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും തിരിച്ചും ധാരാളം വിമാനങ്ങളുണ്ടാകും. എന്നാല്‍, ടിക്കറ്റ് നിരക്കിലെ കൊള്ളകാരണം യാത്രക്കാര്‍ അത്രകണ്ട് ഉണ്ടാകണമെന്നില്ല. ടിക്കറ്റ് നിരക്കിലെ ക്രമാതീത വര്‍ധന വലിയ പ്രതിഷേധമാണ് യാത്രക്കാരില്‍ സൃഷ്ടിക്കുന്നത്.
വിമാനക്കമ്പനികള്‍ ധാരാളം രംഗത്തുവന്നതിനാല്‍ ടിക്കറ്റ് നിരക്ക് കുത്തനെ കുറയേണ്ടതാണ്. പക്ഷേ, ഗള്‍ഫ് – കേരള സെക്ടറില്‍ മാത്രം അത് സംഭവിക്കുന്നില്ല. വേനലവധിക്കാലത്ത്, പത്തു വര്‍ഷം മുമ്പ് മടക്കടിക്കറ്റിന് 4,000 ദിര്‍ഹമോളം ഉയര്‍ന്നിരുന്നു.
ഇപ്പോഴും അതില്‍ മാറ്റമില്ല. ബജറ്റ് എയര്‍ലൈനറുകള്‍ ആശ്വാസമാകുമെന്ന് കരുതി മലയാളികള്‍ അതിനായി മുറവിളികൂട്ടി. പക്ഷേ, ആഡംബര വിമാനങ്ങളുടെ ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതലാണ് ചില സന്ദര്‍ഭങ്ങളില്‍ ബജറ്റ് എയര്‍ലൈനറുകള്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷാര്‍ജ-കോഴിക്കോട് നിരക്ക് 4,500 ഓളം ഉയര്‍ത്തിയിരുന്നു. യാത്രക്കാര്‍, സൗകര്യം നോക്കുന്നവരാണെന്നും തരംകിട്ടുമ്പോള്‍ അവരെ പിടിച്ചുപറിക്കണമെന്നും കരുതുന്ന വിമാനക്കമ്പനികളാണ് ഏറെയും. ഇതിന് എന്നാണ് ഒരു അവസാനമാകുക.?