പി ടി എം കോളജിന് ‘നാക്’ അംഗീകാരം

Posted on: May 7, 2015 12:41 pm | Last updated: May 7, 2015 at 12:41 pm

പെരിന്തല്‍മണ്ണ: പി ടി എം ഗവ.കോളജിന് ദേശീയ ഗുണനിലവാര പരിശോധന സംഘത്തിന്റെ അംഗീകാരം ലഭിച്ചു. കോളജ് സ്ഥാപിതമായി 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് കോളജിന് ഈ അഡിറ്റേഷന്‍ ലഭിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ എട്ടിന് പ്രൊഫ. എ എന്‍ ബസുവിന്റെ നേതൃത്വത്തില്‍ പ്രൊഫ. രാമമോഹന റാവു, ഡോ. ബി ബി സിംഗ് എന്നിവരടങ്ങുന്ന സംഘം കോളജിന്റെ മുഴുവന്‍ അക്കാദമിക, പശ്ചാത്തല സൗകര്യങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കോളജിന് ബി ഗ്രേഡ് അംഗീകാരം ലഭിച്ചത്. അക്കാദമിക രംഗത്ത് കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും ഗവേഷണ രംഗത്ത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കോളജ് അധികൃതര്‍ ഊന്നല്‍ നല്‍കണമെന്ന് പരിശോധന സംഘം നിര്‍ദേശിച്ചു. ഏതാനും വര്‍ഷങ്ങളായി നാക് അംഗീകാരത്തിനായി ശ്രമിച്ചുകൊണ്ടിരുന്ന കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി എം അലിയുടെ ഇടപെടല്‍ ഇതിന് ശക്തി പകര്‍ന്നു. കോളജ് പ്രിന്‍സിപ്പാളായിരുന്ന പ്രൊഫ.സി ടി ലില്ലിയുടെ നേതൃത്വത്തില്‍ നാട്ടുകാരും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി അബൂബക്കര്‍ പറഞ്ഞു. ഈ കൂട്ടായ പ്രവര്‍ത്തനം കോളജിന്റെ തുടര്‍ന്നുള്ള പുരോഗതിക്ക് ഊര്‍ജം പകരുമെന്നും നാക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ കെ ദാമോദരന്‍, അധ്യാപകരായ പ്രൊഫ. കെ രാജേഷ്, പ്രൊഫ. രതീഷ്, പ്രൊഫ. അബ്ദുല്‍ജലീല്‍ അറിയിച്ചു.