National
സല്‍മാന് മുമ്പെ സഞ്ജയ്,സെയ്ഫ്,ഷിനെ......

മുംബൈ: ഏറ്റവും ഒടുവിലായി ജയിലിലെത്തുന്ന ബോളിവുഡ് താരമാണ് സല്‍മാന്‍ ഖാന്‍. ഇതിന് മുമ്പ് നിരവധി താരങ്ങള്‍ തടവറയില്‍ കഴിച്ച് കൂട്ടിയിട്ടുണ്ട്.
ബോളീവുഡിലെ നടന്‍മാരില്‍ മുന്‍നിരയിലുള്ള സഞ്ജയ് ദത്താണ് ജയിലില്‍ കഴിയുന്ന മറ്റൊരു താരം. 1993ല്‍ ടാഡ നിയമപ്രകാരമാണ് ദത്ത് അറസ്റ്റിലായത്.
1993ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധമുള്ള തീവ്രവാദികള്‍ നല്‍കിയ ആയുധങ്ങള്‍ കൈയില്‍ വെച്ചുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഭാര്യയുടെ ആരോഗ്യ നില മോശമാണെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച് ദത്ത് പല വട്ടം ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി പരിഗണിച്ച കേസില്‍ 2013 മാര്‍ച്ച് 21നാണ് കോടതി അദ്ദേഹത്തെ അഞ്ചുവര്‍ഷം തടവു ശിക്ഷ വിധിച്ചത്. സെയ്ഫ് അലി ഖാനും തടവില്‍ കിടന്ന ബോളിവുഡ് നടനാണ്. വിരുന്നു സല്‍ക്കാരത്തില്‍ അടുത്തിരിക്കുന്നയാള്‍ ഉറക്കെ സംസാരിച്ചതിന് സിനിമാ സ്‌റ്റൈലില്‍ അയാളുടെ മൂക്കിടിച്ച് പരത്തിയതിനാണ് സെയ്ഫ് അറസ്റ്റിലായത്. 2006ല്‍ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ച ഷിനെ അഹൂജ യുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി ഒരു പെണ്‍കേസില്‍ അദ്ദേഹം അറസ്റ്റിലായി. വീട്ടുജോലിക്കാരിയെ ബലാത്സഗം ചെയ്തുവെന്ന കേസില്‍ 27 ദിവസങ്ങള്‍ അദ്ദേഹം ജയിലില്‍ കിടന്നു. സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമകളെടുക്കുന്ന സംവിധായകന്‍ മധുര്‍ ബണ്ഡാര്‍ക്കര്‍ ജയിലിലെത്തുന്നത് സ്ത്രീവിഷയത്തില്‍ തന്നെയാണ്. ബോളിവുഡിലെ മുന്‍നിര നടികളെ അണിനിരത്തിയ ബണ്ഡാര്‍ക്കര്‍ ഒരു നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റിലാവുന്നത്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. മുന്‍താരം ഫിറോസ് ഖാന്റെ മകന്‍ ഫര്‍ദീന്‍ ഖാനാണ് അറസ്റ്റ് നേരിട്ട മറ്റൊരു ഖാന്‍. 1998ല്‍ ഫിലിംഫെയര്‍ പുരസ്‌കാരത്തോടെ തുടങ്ങിയ ഫര്‍ദീന്‍ ഖാന്റെ സിനിമാ ജീവിതം 2001ല്‍ കൊക്കെയിന്‍ കേസില്‍ പിടിയിലായതോടെ പര്യവസാനിക്കുകയായിരുന്നു. വ്യാജ രേഖകളുപയോഗിച്ച് പോര്‍ച്ചുഗലിലേക്ക് പോയി അറസ്റ്റിലായ സൂപ്പര്‍താരമാണ് മോണിക്ക ബേദി. പോര്‍ച്ചുഗലിലെ ശിക്ഷക്ക് ശേഷം ഇന്ത്യയിലേക്ക് കയറ്റി അയച്ച മോണിക്കയെ ഇവിടെ കാത്തിരുന്നതും ജയില്‍ തന്നെയായിരുന്നു.