Connect with us

Malappuram

പണ്ഡിത ദര്‍സുകളുടെ എട്ടാം വാര്‍ഷികം മലപ്പുറത്ത്‌

Published

|

Last Updated

മലപ്പുറം: എസ് വൈ എസിന്റെയും മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയുടെയും കീഴില്‍ കോട്ടപ്പടി സുന്നി മസ്ജിദിലും മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നടത്തി വരുന്ന പണ്ഡിത ദര്‍സുകളുടെ എട്ടാം വാര്‍ഷികം പണ്ഡിത സമ്മേളനത്തോടെ ആഘോഷിക്കുന്നു.
ഇസ്‌ലാമിക വിശ്വാസ ശാസ്ത്രം, കര്‍മ ശാസ്ത്രം എന്നിവയില്‍ ശറഹുല്‍ അഖാഇദ്, ഫത്ഹുല്‍ മുഈന്‍, മിന്‍ഹാജ് എന്നീ ഗ്രന്ഥങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടക്കുന്ന ദര്‍സുകളില്‍ നിരവധി പണ്ഡിതന്മാര്‍ സംബന്ധിക്കാറുണ്ട്. ഈ മാസം 21ന് രാവിലെ 9.30ന് മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിത സമ്മേളനം മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
മാസപ്പിറവി: ദര്‍ശനവും കണക്കും, സകാത് വിതരണം: ഇസ്‌ലാമിക ശരീഅത്തും പുത്തന്‍ വാദികളുടെ നിലപാടും, പെരുന്നാള്‍ നിസ്‌കാരം പള്ളിയിലോ ഈദ് ഗാഹിലോ എന്നീ വിഷയങ്ങളുടെ വിവിധ തലങ്ങള്‍ ആധികാരിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമഗ്രമായി സമ്മേളനം ചര്‍ച്ച ചെയ്യും.
സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. ഇസ്‌ലാമിന്റെ വ്യക്തമായ കാഴ്ചപ്പാടുകളെയും ദര്‍ശനങ്ങളെയും തള്ളി മുസ്‌ലിംകളുടെ നോമ്പും സകാതും അടക്കമുള്ള ആരാധനകള്‍ നിഷ്ഫലമാക്കാനുള്ള പുത്തന്‍വാദികളുടെ നീക്കങ്ങളില്‍ നിന്ന് മുസ്‌ലിം ബഹുജനത്തെ സംരക്ഷിക്കാന്‍ കരുത്തുറ്റ പണ്ഡിത സമൂഹത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം സംശയ നിവാരണത്തിനും വിശാലമായ ചര്‍ച്ചക്കും അവസരമുണ്ടാകും.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി ബാഖവി, കോട്ടക്കല്‍ ഇസ്മാഈല്‍ ബാഖവി, സൈതലവി ദാരിമി ആനക്കയം. അലവി സഖാഫി കൊളത്തൂര്‍, പിഎസ് കെ ദാരിമി എടയൂര്‍, കെസി അബൂബക്കര്‍ ഫൈസി, അബ്ദുനാസര്‍ അഹ്‌സനി ഒളവട്ടൂര്‍, അബ്ദു സത്താര്‍ സഖാഫി മൂന്നിയൂര്‍, പല്ലാര്‍ ഹസന്‍ ബാഖവി, കുഞ്ഞാപ്പ ഫൈസി മുടിക്കോട്, ഇബ്‌റാഹിം ബാഖവി മേല്‍മുറി, ബശീര്‍ അഹ്‌സനി വടശ്ശേരി, ഇബ്‌റാഹിം അഹ്‌സനി കാവനൂര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ കൊടുവള്ളി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി എന്നിവര്‍ സംബന്ധിക്കും.

 

Latest