ഹജ്ജ്: ഗ്രീന്‍ കാറ്റഗറിയില്‍ ചെലവ് 2.25 ലക്ഷം

Posted on: May 7, 2015 5:16 am | Last updated: May 6, 2015 at 11:17 pm

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവരില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ അടക്കേണ്ട മൊത്തം തുക 2.25 ലക്ഷം രൂപയായിരിക്കുമെന്നു വ്യക്തമായി. ഇതു സംബന്ധിച്ച സൂചനകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാറ്റഗറിയിലുള്ളവര്‍ 1.91 ലക്ഷം രൂപ മാത്രമായിരുന്നു അടച്ചിരുന്നത്. 34,000 രൂപയാണ് ഈ വര്‍ഷം അധികമായി അടക്കേണ്ടി വരുന്നത്.
അസീസിയ കാറ്റഗറിയിലും ഈ വര്‍ഷം 25,000 രൂപയുടെ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം 1.65 ലക്ഷം രൂപയായിരുന്നു ഗ്രീന്‍ കാറ്റഗറിയിലെ ഹാജിമാരുടെ ഹജ്ജ് യാത്രാ ചെലവ്. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് ഹറമിനു ഒന്നര കിലോമീറ്റര്‍ ചുറ്റളവിലും അസീസിയ കാറ്റഗറിയിലുള്ളവര്‍ക്ക് ഏഴ് കിലോമീറ്റര്‍ അകലെയുമായിരിക്കും താമസ സൗകര്യം ഉണ്ടായിരിക്കുക.