ദുബൈ മാളിന് സമീപം ആര്‍ പി ഹൈറ്റ്‌സിന് തറക്കല്ലിട്ടു; രണ്ടിടത്തായി 550 കോടി ദിര്‍ഹം നിക്ഷേപം നടത്തുമെന്ന് രവിപിള്ള

Posted on: May 6, 2015 7:38 pm | Last updated: May 6, 2015 at 7:38 pm

ദുബൈ: ദുബൈ മാളിന് സമീപം ഡോ. രവി പിള്ളയുടെ ഉടമസ്ഥതയില്‍ ആര്‍ പി ഹൈറ്റ്‌സ് എന്ന ബഹുനില താമസ കെട്ടിടസമുച്ചയത്തിന് തറക്കല്ലിട്ടു. ദുബൈ എക്കണോമിക് ഡെവലപ്‌മെന്റ് ഡിപ്പാര്‍ടുമെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി ഇബ്‌റാഹീം, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ സി ഇ ഒയുമായ ഡോ. രവിപിള്ള, അഡൈ്വസര്‍ റോബര്‍ട്ട് ബൂത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 150 കോടി ദിര്‍ഹം ചെലവ് ചെയ്താണ് ആര്‍ പി ഹൈറ്റ്‌സ് പണിയുന്നതെന്ന് രവി പിള്ള വാര്‍ത്താലേഖകരെ അറിയിച്ചു. രണ്ട് വര്‍ഷം കൊണ്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും. ആര്‍ പി ഗ്രൂപ്പിന് കീഴില്‍ ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആര്‍ പി ഗ്ലോബല്‍ 550 കോടി ദിര്‍ഹമാണ് ഉടന്‍ നിക്ഷേപം നടത്തുന്നത്. ആര്‍ പി വണ്‍ എന്ന പേരില്‍ ശൈഖ് സായിദ് റോഡില്‍ വേറൊരു കെട്ടിടം നിര്‍മിക്കുന്നുണ്ട്. ഇതിന് വേണ്ടി 400 കോടി ദിര്‍ഹം ചെലവ് ചെയ്യും. ഓഫീസിനും താമസത്തിനും പര്യാപ്തമായ കെട്ടിടമാണ് ബിസിനസ് ബേ മെട്രോ സ്റ്റേഷന് സമീപം ശൈഖ് സായിദ് റോഡില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദുബൈ മാളിന് സമീപമുള്ള താമസ കെട്ടിടത്തില്‍ ഒന്ന്, രണ്ട്, മൂന്ന് ബെഡ്‌റൂമുകളുള്ള അപ്പാര്‍ടുമെന്റുകളാണ് ഉണ്ടാവുക. 268 അപ്പാര്‍ട്‌മെന്റുകള്‍ ഇവിടെ ഉണ്ടാകും. ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ സാന്നിധ്യം ആര്‍ പി ഗ്ലോബല്‍ രേഖപ്പെടുത്തും. ആര്‍ പി ഗ്ലോബല്‍ എന്ന പേരില്‍ സ്ഥലം സ്വന്തമാക്കിയാണ് ആര്‍ പി ഹൈറ്റ്‌സ് നിര്‍മിക്കുന്നത്.
2015 അവസാനത്തോടെ ആര്‍ പി ഗ്രൂപ്പിന് കീഴില്‍ ഒരു ലക്ഷം ജീവനക്കാരുണ്ടാകും. ഇതില്‍ അധികവും മലയാളികളാവും. കേരളത്തില്‍ നിന്ന് എഞ്ചിനീയര്‍മാരെ കിട്ടാനുണ്ടെങ്കിലും തൊഴിലാളികള്‍ ലഭ്യമല്ല. ഇപ്പോള്‍ തന്നെ മധ്യപൗരസ്ത്യദേശത്തും ഇന്ത്യയിലുമൊക്കെയായി 55,000 ജീവനക്കാരുണ്ട്. 2500 കോടി ഡോളറിന്റെ പദ്ധതികളാണ് ആര്‍ പി ഗ്രൂപ്പിനുള്ളത്. ഒമ്പത് രാജ്യങ്ങളിലെ 20 നഗരങ്ങളിലായി ആര്‍ പി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. സഊദി അറാംകോ, സതാറാ മെട്രോ കെമിക്കല്‍സ്, യസ്‌റഫ്, ഖത്തര്‍ ഗ്യാസ്, അഡ്‌നോക്ക് തുടങ്ങിയ കമ്പനികളുമായി ആര്‍ പി ഗ്രൂപ്പ് സഹകരിക്കുന്നുണ്ട്. ദുബൈയില്‍ 2020 ഓടുകൂടി 30 ലക്ഷം ജനസംഖ്യയാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുസരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് വലിയ സാധ്യതയുണ്ട്. ദുബൈ ശൈഖ് സായിദ് റോഡില്‍ ക്രൗണ്‍ പ്ലാസ ഹോട്ടല്‍ താമസിയാതെ ഉദ്ഘാടനം ചെയ്യും, രവി പിള്ള പറഞ്ഞു. നേപ്പാളില്‍ ഭൂകമ്പത്തിനിരയായ ആളുകള്‍ക്ക് 200 വീടുകള്‍ ആര്‍ പി ചാരിറ്റി ഫൗണ്ടേഷന്‍ പണിയും.
ഭൂകമ്പത്തില്‍ തകര്‍ന്ന, ആര്‍ പി ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള വീടുകളും ഇതില്‍ ഉള്‍പെടുമെന്നും 10 കോടി രൂപ ഇതിന് ചെലവ് ചെയ്യുമെന്നും രവി പിള്ള അറിയിച്ചു.