National
മോഗ സംഭവം: രാജ്യസഭ പ്രക്ഷുബ്ധം

ന്യൂഡല്‍ഹി: മോഗ വിഷയത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെത്തുടര്‍ന്ന് രണ്ട് തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. കോണ്‍ഗ്രസ് അംഗങ്ങളും മറ്റു പ്രതിപക്ഷ കക്ഷികളുമാണ്, മോഗയില്‍ ബസ്സിനുള്ളില്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. പഞ്ചാബില്‍ നിയമ വ്യവസ്ഥ താളം തെറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അംഗം അംബികാ സോണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമായും വിഷയത്തില്‍ ഇടപെടണമെന്നും അംബികാ സോണി ആവശ്യപ്പെട്ടു. സി പി എമ്മും മായാവതിയുടെ ബി എസ് പി അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പഞ്ചാബില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യണമെന്ന് ബി എസ് പി അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം മുന്‍കൂര്‍ നോട്ടീസ് നല്‍കാത്ത വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന് അധ്യക്ഷ പദവിയിലുണ്ടായിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി. താന്‍ വിഷയത്തിന്റെ ശരിതെറ്റുകളിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പഞ്ചാബിന്റെ ആഭ്യന്തര പ്രശ്‌നമെന്ന നിലയില്‍ ചുരുക്കിക്കെട്ടാനാണ് ഭരണ പക്ഷം ശ്രമിച്ചത്. ഇത് സഭയില്‍ ചര്‍ച്ചക്ക് വരേണ്ട പ്രധാന വിഷമല്ലെന്നും സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പാര്‍ലിമെന്ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും ചര്‍ച്ചക്ക് നോട്ടീസ് നല്‍കിയ വിഷയങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വിഷയം ചര്‍ച്ചക്കെടുത്തില്ല. ശ്യൂനവേളയില്‍ കോണ്‍ഗ്രസ്സ് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും ബി ജെ പി അംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് 10 മിനുട്ട് നേരത്തേക്ക് സഭ നിര്‍ത്തിവെച്ചു.