National
നാല് ട്രസ്റ്റുകളുടെ ഓഡിറ്റിംഗിന് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിനു കീഴിലെ നാല് ട്രസ്റ്റുകളുടെ ഓഡിറ്റിംഗിന് സുപ്രീം കോടതി അനുമതി. മുന്‍ സി എ ജി വിനോദ് റായിക്കാണ് കോടതി അനുമതി നല്‍കിയത്. ഇതിനുള്ള ചെലവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി വഹിക്കണമെന്നും ആവശ്യമായ രേഖകള്‍ ട്രസ്റ്റുകള്‍ ലഭ്യമാക്കണമെന്നും ജസ്റ്റിസ് സി എസ് താക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ച് നിര്‍ദേശം നല്‍കി. കൂടാതെ മൂലവിഗ്രഹത്തില്‍ അറ്റകുറ്റപ്പണി നടത്തണമെന്നും ക്ഷേത്ര സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. ട്രസ്റ്റുകള്‍ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നും സ്വയംഭരണമാണ് ട്രസ്റ്റുകളില്‍ നടക്കുന്നതെന്നുമുള്ള ട്രസ്റ്റിയുടെയും രാജകുടുംബത്തിന്റെയും വാദം കോടതി തള്ളി.
പത്മനാഭ ട്രസ്റ്റ് ഉള്‍പ്പെടെ നാല് ട്രസ്റ്റുകളുടെ ഓഡിറ്റിംഗ് നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി ചെലവ് വരുന്ന 45 ലക്ഷം രൂപ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ വഹിക്കണം. ട്രസ്റ്റിന്റെ വരുമാനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു. ക്ഷേത്രത്തിന് അനുബന്ധമായുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവസേന ഓഫീസ് ഒഴിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും സംസ്ഥാന സര്‍ക്കാറും കോടതിയില്‍ ആവശ്യപ്പെട്ടു. ശിവസേന ഓഫീസ് ഒഴിപ്പിച്ചാല്‍ ക്ഷേത്ര സുരക്ഷയ്ക്കായി നിയോഗിച്ച പോലീസിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതിന്മേല്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കേസ് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.
ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം നഷ്ടമായെന്ന് വിനോദ് റായി ഈ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 893.644 കിലോഗ്രാം സ്വര്‍ണമാണ് നിലവറകളില്‍ നിന്ന് ശ്രീകോവിലും കല്‍മണ്ഡപവും പൂശുന്നതിനും മറ്റുമായി പുറത്തെടുത്തതെന്നും ഇതിന്റെ മുപ്പത് ശതമാനം നഷ്ടപ്പെട്ടതായി പരിശോധനയില്‍ വ്യക്തമായെന്നുമുള്ള വിനോദ് റായിയുടെ കണ്ടെത്തല്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കതകും കൊടിമരവും തൂണുകളും മറ്റും സ്വര്‍ണം പൂശുന്നതിനുവേണ്ടി 1990 മുതലാണ് ഇത്രയും സ്വര്‍ണം ഉരുക്കാന്‍ നിലവറകളില്‍ നിന്ന് പുറത്തെടുത്തത്. കൃത്യമായ തൂക്കവും ശുദ്ധിയും കണക്കാക്കാതെ കരാറുകാര്‍ക്ക് നല്‍കിയതു വഴി മുപ്പത് ശതമാനം സ്വര്‍ണമാണ് നഷ്ടമായതെന്ന് വിനോദ് റായിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2008-2009 കാലഘട്ടത്തിന് മുമ്പ് നടവരവായി ലഭിച്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കണക്കുകള്‍ നേരത്തെ ലഭ്യമാക്കിയിരുന്നില്ല. “ബി” നിലവറ നേരത്തേ ഏഴ് തവണ തുറന്നിട്ടുണ്ടെന്നും ഓഡിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1990 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലാണിത്. ഇതില്‍ നിന്ന് സ്വര്‍ണവും വെള്ളിയും പുറത്തെടുത്ത് ഉരുക്കാന്‍ നല്‍കിയിട്ടുണ്ട്. കാണിക്കയിലെ നാണയങ്ങള്‍ എണ്ണുന്നത് സുതാര്യമായിട്ടല്ലെന്നും വിനോദ്‌റായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്.