Kerala
186 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: അധ്യാപക തസ്തികയിലേക്ക് പി എസ് സി വഴി നിയമന ശിപാര്‍ശ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കാത്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും അടുത്ത അധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ക്രമീകരിച്ച ശേഷം മാത്രമേ ബൈപ്രൊമോഷന്‍, ട്രാന്‍സ്ഫര്‍, ഇന്റര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്ഫര്‍, ഡപ്യൂട്ടേഷന്‍ എന്നിവ മുഖേന ഒഴിവുകള്‍ നികത്താവൂ എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ നിര്‍ദേശം എല്ലാ ജില്ലകളിലും കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അറിയുന്നു. 2013-14-ലെ തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് അധ്യാപക തസ്തികകളില്‍ കുറവുവന്ന കാരണത്താല്‍ വിവിധ ജില്ലകളില്‍ നിന്നും പബ്ലിക് സര്‍വീസ് കമ്മീഷനിലേക്ക് എഴുതി അറിയിക്കപ്പെട്ട അധ്യാപക തസ്തികകളിലേക്ക് പി എസ് സി നിയമന ശിപാര്‍ശ നല്‍കിയെങ്കിലും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യം നിലവിലുള്ളതായി പി എസ് സിയും പൊതു വിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
186 ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇപ്രകാരം നിയമനം തടസ്സപ്പെട്ടത്. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ് എന്ന വസ്തുതയും ഇത് സംബന്ധിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയും കണക്കിലെടുത്താണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.