Gulf
നടക്കാവ് ഹൈസ്‌ക്കൂളിന്റെ മികവ്: ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന് അംഗീകാരം

ദുബൈ: കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി ഗേള്‍സ് ഹൈസ്‌ക്കൂളിനെ മികവിന്റെ പാതയിലേക്കെത്തിച്ചതിന് ഷാര്‍ജ ആസ്ഥാനമായ കെഫ് ഹോള്‍ഡിങ്ങ്‌സിനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനും യു കെയിലെ ഹിസ്‌റോയല്‍ ഹൈനസ് പ്രിന്‍സ് ചാള്‍സ് ചാരിറ്റിയുടെ 2015ലെ റെസ്‌പോണ്‍സിബിള്‍ ബിസിനസ് അവാര്‍ഡിന് നാമനിര്‍ദേശം ലഭിച്ചു. മികവ്‌തെളിയിച്ചതിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ച സ്‌ക്കൂളിനെ അടുത്ത കാലത്ത് എഡ്യൂക്കേഷന്‍ വേള്‍ഡ് രാജ്യത്തെ മികച്ച അഞ്ച് സര്‍ക്കാര്‍ സ്‌ക്കൂളുകളിലൊന്നായി തെരഞ്ഞെടുത്തിരുന്നു.
ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ സ്‌ക്കൂള്‍ 100 ശതമാനം വിജയം കൈവരിച്ചിരുന്നു. 393 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 21 വിദ്യാര്‍ഥികള്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. 2012 നെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 400 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്.
യു എ ഇ ആസ്ഥാനമായ കെഫ് ഹോള്‍ഡിങ്‌സിന്റെ പ്രമോട്ടര്‍മാരായ ഫൈസല്‍കൊട്ടിക്കോളനും ഷബാന ഫൈസലും ചേര്‍ന്നാണ് ഫൗണ്ടേഷന് രൂപംനല്‍കിയത്. സമൂഹത്തിന് ഗുണംചെയ്യുന്ന സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍, വാണിജ്യ ലോകം, വിവിധ സമൂഹങ്ങള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
വനിതകള്‍, കുട്ടികള്‍, യുവാക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ഫൗണ്ടേഷന്റെ പ്രധാന പരിപാടികള്‍. വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, സ്‌പോര്‍ട്‌സ് എന്നിവയിലും മനുഷ്യസ്‌നേഹപ്രചോദിതമായ കാര്യങ്ങളിലും ഫൗണ്ടേഷന്‍ പ്രത്യേകശ്രദ്ധ പതിപ്പിക്കുന്നു.