ആംബുലന്‍സ് സര്‍വീസസ്: ശൈഖ് മുഹമ്മദ് നിയമം പാസാക്കി

Posted on: May 5, 2015 7:00 pm | Last updated: May 5, 2015 at 7:10 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട് നിയമം പാസാക്കി. ആംബുലന്‍സ് സര്‍വീസസിന്റെ ലക്ഷ്യങ്ങള്‍ പുതിയ നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്. ദുബൈയില്‍ ആംബുലന്‍സ് സര്‍വീസുകള്‍ വികസിപ്പിക്കുന്നതിനും നിയമം അനുവാദം നല്‍കുന്നുണ്ട്. അംഗീകാരമുള്ള തന്ത്രപ്രധാനമായ പദ്ധതികളുടെയും രാജ്യാന്തര നിലവാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വികസനം നടപ്പാക്കുക. പ്രാഥമിക ചികിത്സ നല്‍കുന്നതിലും അടിയന്തിര സഹായം ലഭ്യമാക്കുന്നതിലും ആംബുലന്‍സ് ജീവനക്കാര്‍ക്ക് പതിവായി പരിശീലനം നല്‍കണമെന്നും നിയമം അനുശാസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരെ നിരന്തരമായി ബോധവത്കരിക്കണമെന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ആധുനിക കാലത്തിന് അനുസൃതമായി എല്ലാ നിലക്കും കിടയറ്റ സംവിധാനം ആംബുലന്‍സുകളില്‍ ഒരുക്കിയിരിക്കണം. ആംബുലന്‍സ് അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും നിയമത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എങ്ങനെയാണ് ആംബുലന്‍സ് സര്‍വീസിനെ നിയന്ത്രിക്കേണ്ടതെന്നും ഏത്‌വിധത്തില്‍ സര്‍വീസ് നടത്തികൊണ്ടുപോകണമെന്നും വ്യക്തമാക്കുന്ന നിയമം വിവിധ ഘട്ടങ്ങളെ ഏത് രീതിയില്‍ ആംബുലന്‍സ് ജീവനക്കാരും ഓഫീസര്‍മാരും കൈകാര്യം ചെയ്യേണ്ടതെന്നും വിശദീകരിക്കുന്നുണ്ട്. ജീവനക്കാരെ ബോധവത്കരിക്കാനായി പ്രത്യേക അക്കാഡമിക് ബോഡി രൂപവത്കരിക്കണം. അത്യാഹിതഘട്ടങ്ങളില്‍ എങ്ങനെയാണ് മാന്യമായി പെരുമാറേണ്ടത് എന്നതും ബോധവത്കരണത്തിന്റെ വിഷയമാവും. ഇതിനെല്ലാമായി ഏകീകൃതമായ പാഠ്യപദ്ധതി ഉണ്ടാക്കണം. എമര്‍ജന്‍സി മെഡിസിന്‍ ഉള്‍പെടെയുള്ളവ ഉള്‍പെടുത്തണം ഇതെന്നും ശൈഖ് മുഹമ്മദ് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.