Connect with us

Kerala

മന്ത്രി ബാബുവിനെതിരായ കേസ്: മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുത്തു

Published

|

Last Updated

കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴ ആരോപണം അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്‍ തിരുവനന്തപുരത്ത് രണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ഗവര്‍ണറുടെ സെക്രട്ടറി എ അജിത്കുമാര്‍ എന്നിവരില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡി വൈ എസ് പി. എം എന്‍ രമേശ് ഇന്നലെ മൊഴിയെടുത്തത്. ധനമന്ത്രി കെ എം മാണിക്കെതിരെ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണം അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ് പി ആര്‍ സുകേശന്റെ മൊഴിയും ഡി വൈ എസ് പി രേഖപ്പെടുത്തി.

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളുമായി അദ്ദേഹം അന്വേഷണം സംബന്ധിച്ച് ചര്‍ച്ച നടത്തി. ബാറുകളുടെ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയില്‍ നിന്നും 23 ലക്ഷമാക്കി കുറച്ചു നല്‍കാന്‍ മന്ത്രി കെ ബാബു ബാറുടമകളില്‍ നിന്ന് പത്തുകോടി കൈക്കൂലി വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണവുമായി ബന്ധപ്പെട്ടാണ് ഇരുവരില്‍ നിന്നും മൊഴിയെടുത്തത്.
അനില്‍സേവ്യറിന്റെ മൊഴി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലും അജിത്കുമാറിന്റെ മൊഴി രാജ്ഭവനിലും വെച്ചാണ് രേഖപ്പെടുത്തിയത്.
ബജറ്റിന് മുമ്പ് ബാറുകളുടെ എക്‌സൈസ് ഫീസ് കുറക്കുന്നത് സംബന്ധിച്ച് മന്ത്രി കെ ബാബുവും ബാറുടമാ സംഘടനയുടെ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ അന്ന് നികുതി സെക്രട്ടറിയായിരുന്ന അജിത്കുമാറിന്റെയും എക്‌സൈസ് കമ്മീഷണറുടെയും പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും സാന്നിധ്യത്തിലാണ് മന്ത്രിയും ബാറുടമകളും തമ്മിലുള്ള പ്രീബജറ്റ് കൂടിക്കാഴ്ച നടന്നതെന്നും യോഗം കഴിഞ്ഞ് നികുതി സെക്രട്ടറിയും കമ്മീഷണറും പുറത്തു പോയ ശേഷമാണ് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നതെന്നുമാണ് ബിജു രമേശിന്റെ മൊഴിയിലുള്ളത്. ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്നതിന് ഇരുവരുടെയും മൊഴിയെടുത്തതിലൂടെ അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തത വരുത്തി്.
ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ കെ ബാബുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് എസ് പി സുകേശനോട് പറഞ്ഞ കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിവരങ്ങളാണ് എസ് പിയില്‍ നിന്ന് ശേഖരിച്ചത്. അതേസമയം, മൊഴിയെടുക്കലിനായി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ബിജു രമേശ് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെ ഫോണില്‍ അറിയിച്ചു.
ഇന്ന് ബിജു രമേശിന്റെ മൊഴി കൊച്ചിയില്‍ രേഖപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കെ എം മാണിക്കെതിരായ കേസില്‍ വിജിലന്‍സ് കോടതി മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുള്ളതിനാല്‍ ഇന്ന് എത്താന്‍ കഴിയില്ലെന്നാണ് ബിജുരമേശ് അറിയിച്ചിരിക്കുന്നത്.നാളെ അദ്ദേഹം മൊഴിയെടുക്കലിനായി ഹാജരാകും. ബിജുവിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാകാന്‍ രണ്ടു ദിവസം വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

---- facebook comment plugin here -----

Latest