International
വംശീയാതിക്രമത്തില്‍ പ്രതിഷേധിച്ച് ഇസ്‌റാഈലിലെ തെല്‍അവീവില്‍ വ്യാപക സംഘര്‍ഷം

തെല്‍അവീവ്: കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള വംശീയാതിക്രമത്തില്‍ പ്രതിഷേധിച്ച് ഇസ്‌റാഈലിലെ തെല്‍അവീവില്‍ വ്യാപക സംഘര്‍ഷം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഭൂരിഭാഗവും പോലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്. പോലീസ് 43 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കറുത്തവര്‍ഗക്കാര്‍ക്കെതിരെ പോലീസ് നടത്തുന്ന കൊടുംക്രൂരതകള്‍ക്കെതിരെ തെല്‍അവീവിലെ റാബിന്‍ സ്‌ക്വയറില്‍ എത്യോപ്യന്‍ വംശജരായ പതിനായിരങ്ങളാണ് ഇന്നലെ ഒരുമിച്ചുകൂടിയത്. തെല്‍അവീവിലെ സിറ്റിഹാളിലേക്ക് അതിക്രമിച്ചുകയറാനുള്ള പ്രതിഷേധക്കാരുടെ ശ്രമങ്ങള്‍ക്കിടെ പോലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
കപ്ലാന്‍ ഇന്റര്‍ചെയിഞ്ചില്‍ വെച്ചാണ് പ്രതിഷേധപരിപാടികള്‍ ആരംഭിച്ചത്. ഇവിടുത്തെ പ്രധാന ജംഗ്ഷനുകളെല്ലാം പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. ഇതിന് പുറമെ അയലോണ്‍ സൗത്ത് ഫ്രീവെയും പ്രതിഷേധക്കാര്‍ ബ്ലോക് ചെയ്തു. ഇതിന് ശേഷം അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങിയെങ്കിലും പോലീസ് തടയുകയായിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധം റാബിന്‍ സ്‌ക്വയറിലേക്ക് നീങ്ങിയത്. പ്രതിഷേധക്കാരോട് ശാന്തരായിരിക്കണമെന്നും ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന മുഴുവന്‍ ആരോപണങ്ങളും അന്വേഷണ വിധേയമാക്കുമെന്നും പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. പോലീസുകാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോലീസ് വകുപ്പ് മേധാവികളും അംഗീകരിച്ചിട്ടുണ്ട്.
കറുത്തവര്‍ഗക്കാരനായ പട്ടാളക്കാരനെ പൊലീസ് തള്ളിയിട്ട് മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് വംശീയതക്കെതിരെ വ്യാപകമായ പ്രതിഷേധം അരങ്ങേറുന്നത്.