Editorial
ചുവപ്പ് നാടകളുടെ കുരുക്കഴിക്കണം

“അതിവേഗം ബഹുദൂരം” പ്രഖ്യാപനവുമായി അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ പദ്ധതികളിലെ പ്രധാന ഇനമായിരുന്നു ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി. സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി കെട്ടിക്കടിക്കുന്ന ഫയലുകളില്‍ എത്രയും വേഗം തീര്‍പ്പ് കല്‍പിക്കാന്‍ തീരുമാനിക്കുകയും ഇതിന്റെ പ്രഥമ ഘട്ടമായി 2011-12 വര്‍ഷത്തെ ഫയലുകള്‍ 100 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍ സര്‍ക്കാറിന്റെ മറ്റു പല പദ്ധതികളെയും പോലെ ഇതും പ്രഖ്യാപനത്തിലൊതുങ്ങിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നത്.
ദുരിതാശ്വാസം, മരണാനന്തര സഹായം എന്നിങ്ങനെ അടിയന്തിര പ്രധാന്യമുള്ളതും വര്‍ഷങ്ങളുടെ പഴക്കമുള്ളതുമായ നാല് അപേക്ഷകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കക്ഷികള്‍ നിരവധി തവണ ബന്ധപ്പെട്ടവരുടെ പടിവാതില്‍ക്കല്‍ മുട്ടിയിട്ടും തീര്‍പ്പാകാത്ത ഈ പരാതികളില്‍ പരിഹാരത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ വേണ്ടിവന്നുവെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ഇതൊരു നാല് അപേക്ഷയുടെ മാത്രം കാര്യമല്ല. ഇത്തരം ലക്ഷക്കണക്കിന് അപേക്ഷകള്‍ പരിഹാരവും കാത്ത് സെക്രട്ടറിയേറ്റിലും വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളിലുമായി കെട്ടിക്കിടക്കുന്നുണ്ട്. പലതും അടിയന്തിര പ്രാധാന്യമുള്ളവയുമാണ്. വര്‍ഷം തോറും ഇവയില്‍ തീര്‍പ്പ് കല്‍പിക്കുന്നത് കുറഞ്ഞ എണ്ണത്തില്‍ മാത്രമാണ്. 2014 ഏപ്രിലില്‍ മന്ത്രി കെ സി ജോസഫ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ആ വര്‍ഷം ഫെബ്രുവരി അവസാനം വരെ സെക്രട്ടേറിയറ്റില്‍ മാത്രം 2,30, 711 ഫയലുകള്‍ ലഭിച്ചെന്നും ഇതില്‍ 56, 878 എണ്ണത്തിലേ (25 ശതമാനം) തീര്‍പ്പാക്കാനായുള്ളുവെന്നുമാണ്. ബാക്കി 1,73,833 ഫയലുകളും ചുവപ്പുനാടയില്‍ തന്നെ. വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളില്‍ ലഭിച്ച 2,55, 862 ഫയലുകളില്‍ തീരുമാനമെടുത്തത് 41,225 എണ്ണത്തില്‍ മാത്രമാണെന്നും (16 ശതമാനം) 2,14,637 എണ്ണവും ചുവപ്പുനാടയിലാണെന്നും മന്ത്രി അറിയിക്കുകയുണ്ടായി.
ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി മിഷന്‍ 676 പ്രഖ്യാപിച്ചത്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാറിന്റെ നാലാം വര്‍ഷ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച മിഷന്‍ 676ന്റെ ലക്ഷ്യം. എന്നിട്ടും ചുവപ്പുനാടകളുടെ കുരുക്കുകളഴിഞ്ഞില്ല. പദ്ധതി പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോഴും അന്നുണ്ടായിരുന്ന ഫയലുകളുടെ അത്ര തന്നെ കെട്ടിക്കിടക്കുന്നുവെന്നന്നാണ് കഴിഞ്ഞ ഡിസംബര്‍ വരെയുള്ള നിയമസഭാ രേഖകള്‍ കാണിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ളവയുമാണ്. 26,970 ഫയലുകള്‍ കെട്ടിക്കിടക്കുന്ന വിദ്യാഭ്യാസ വകുപ്പാണ് ഫയലുകള്‍ താമസിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. 9,827 ഫയലുകളുള്ള ആരോഗ്യവകുപ്പാണ് തൊട്ടടുത്ത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിലും കുരുങ്ങിക്കിടപ്പുണ്ട് 2,867ഫയലുകള്‍. വിവിധ വകുപ്പുകള്‍ നല്‍കിയ ഈ കണക്ക് അപൂര്‍ണമാണെന്നുകൂടി സര്‍ക്കാര്‍ പറയുന്നു. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടുമെന്ന് സാരം. മിക്കവയിലും പ്രാഥമിക നടപടി പോലും ആയിട്ടുമില്ല.
ഭരണസ്തംഭനവും കെടുകാര്യസ്ഥതയും സാമ്പത്തിക പ്രതിസന്ധിയുമാണ് ഫയലുകളുടെ നീക്കത്തിന് പ്രധാന തടസ്സം. ഭരണത്തിലേറിയത് തൊട്ടേ വിവാദങ്ങളിലും രാഷ്ട്രീയ പ്രതിസന്ധികളിലും അകപ്പെട്ട് ഉഴലുകയാണ് സര്‍ക്കാര്‍. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന് എന്ന മട്ടില്‍ ഉയര്‍ന്നുവരുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടയില്‍ ഭരണ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും സമയമില്ല. ആടിയുലയുന്ന ഭരണത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും വിമുഖത. ഉദ്യോഗസ്ഥ ലോബിയുടെ നിസ്സഹകരണമാണ് ഇത്രയുമേറെ ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കിയതെന്ന് സര്‍ക്കാര്‍ തന്നെ കുറ്റസമ്മതം നടത്തുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌റ്റോബര്‍ 31 വരെ ഫയല്‍ അദാലത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും ഇതു പോലും പാലിക്കാന്‍ വകുപ്പുകള്‍ തയ്യാറായില്ലത്രെ. ഉദ്യോഗസ്ഥരുടെ അനുസരണക്കേട് സര്‍ക്കാറിന്റെ കഴിവുകേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മന്ത്രിമാരുടെ ഓഫീസുകളില്‍നിന്ന് നേരിട്ടു വിളിച്ചുപറയുന്ന ഫയലുകള്‍ക്ക് പോലും ഉദ്യോഗസ്ഥര്‍ പരിഗണന നല്‍കുന്നില്ലെന്ന് ചില മന്ത്രിമാരുടെ നിന്നുതന്നെ ആക്ഷേപമുയരുകയുണ്ടായി. ഫയല്‍ തീര്‍പ്പാക്കല്‍ നടപടി അട്ടിമറിക്കുന്നതിന് പുറമെ പല ഫയലുകളും സെക്രട്ടേറിയറ്റില്‍ നിന്ന് അപ്രത്യക്ഷമാകുന്നതായും പരാതിയുണ്ട്.
സമൂഹത്തിലെ പിന്നാക്കക്കാരും ദുര്‍ബലരുമായ വിഭാഗങ്ങളുടെയും സാധാരണക്കാരുടെയും ജീവല്‍ പ്രശ്‌നങ്ങളാണ് പല ഫയലുകളും ഉള്‍ക്കൊള്ളുന്നത്. ഇവ കെട്ടിക്കിടക്കുന്നതിലൂടെ അവരുടെ നീറുന്ന പ്രശ്‌നങ്ങളാണ് പരിഹാരം കാണാതെ വെച്ചു താമസിപ്പിക്കുന്നത്. ഇത് കേവലം അനാസ്ഥയല്ല, നീതി നിഷേധവുമാണ്. അക്ഷന്ത്യവ്യമായ കുറ്റമാണ്. കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും കാലതാമസം കൂടാതെ അപ്പപ്പോള്‍ തീര്‍പ്പാക്കേണ്ടത് ഏതൊരു ഭരണകൂടത്തിന്റെയും പ്രാഥമിക ബാധ്യതയാണ്. അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താനുള്ള തന്റേടം സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്.