സ്മാര്‍ട്ട് സിറ്റി പദ്ധതി: അടുത്തയാഴ്ചയോടെ മാര്‍ഗരേഖക്ക് അന്തിമരൂപമാകും

Posted on: May 4, 2015 5:08 am | Last updated: May 3, 2015 at 11:09 pm

smart-city-kochi-logo-p1ന്യൂഡല്‍ഹി: രാജ്യത്തുടനീളം നിര്‍മിക്കാനുദ്ദേശിക്കുന്ന 100 സ്മാര്‍ട്ട് സിറ്റികളുടെ മാര്‍ഗരേഖക്ക് അടുത്തയാഴ്ചയോടെ കേന്ദ്രം അന്തിമരൂപം നല്‍കും. 48,000 കോടി രൂപ ചെലവ് വരുന്ന വലിയ പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റികളുടെ നിര്‍മാണം. കഴിഞ്ഞ ബുധാനാഴ്ച ഈ പദ്ധതിക്ക് എന്‍ ഡി എ ക്യാബിനറ്റ് അനുമതി നല്‍കിയിരുന്നു. സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാന്‍ ഉചിതമായ നഗരങ്ങള്‍ നഗരവികസന മന്ത്രാലയം കണ്ടെത്തും. അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്മാര്‍ട്ട്‌സിറ്റി നിര്‍മാണവുമായി ബന്ധപ്പെട്ട രൂപ രേഖ അടുത്തയാഴ്ചയോടെ പൂര്‍ത്തിയാക്കുമെന്ന് മുതിര്‍ന്ന മന്ത്രാലയ വക്താവ് അറിയിച്ചു. മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ച ശേഷം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടും. നഗരങ്ങളുടെ പേരുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിക്കാം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ ഒന്നിന് കേന്ദ്രം അഞ്ച് വര്‍ഷം തുടര്‍ച്ചയായി നൂറ് കോടി രൂപ നല്‍കും. പദ്ധതിയനുസരിച്ച് ഈ വര്‍ഷം 20 നഗരങ്ങളെയാണ് സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിനായി തിരഞ്ഞെടുക്കപ്പെടുക. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 40 വീതം നഗരങ്ങളെയും സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിനായി തിരഞ്ഞെടുക്കും. നഗര വികസനം, സ്വാധീനം, ശുദ്ധി, നല്ല ഭരണം, ഇ ഗവേര്‍ണന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷം സ്മാര്‍ട്ട് സിറ്റികള്‍ക്ക് കേന്ദ്രം മാര്‍ക്ക് നല്‍കുമെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈയിലെ ആദ്യ ബജറ്റിലാണ് നൂറ് സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ഈ മാസം മുതല്‍തന്നെ ആരംഭിക്കാന്‍ കഴിയുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പ്രസ്താവന നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നഗരങ്ങളുടെ പേര് നിര്‍ദേശിക്കാവുന്നതാണ്. വായ്പാശേഷി, ഊര്‍ജ-ജല ലഭ്യത, നഗര രൂപകല്‍പ്പന തുടങ്ങിയവ പരിഗണിച്ചാകും സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി നഗരങ്ങളെ തിരഞ്ഞെടുക്കുക. പദ്ധതി നഗരങ്ങളെ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും രാഷ്ട്രീയ ഇടപെടല്‍ ഒരുതരത്തിലും ഉണ്ടാകില്ലെന്നും വെങ്കയ്യ നായിഡു നേരത്തെ പറഞ്ഞിരുന്നു. നഗരങ്ങളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ന്യൂയോര്‍ക്കിന്റെ മുന്‍ മേയര്‍ മിക്കായേല്‍ ബ്ലൂംബെര്‍ഗിന്റെ സേവനം ലഭ്യമാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ അതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക മാത്രമായിരിക്കും സര്‍ക്കാറിന്റെ ചുമതലയെന്നും മന്ത്രി അറിയിച്ചിരുന്നു.
വിദേശ മൂലധന നിക്ഷേപത്തിന് രാജ്യം അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി കമ്പനികള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി തുടങ്ങുന്നതിനായി ഇതിനകം താത്പര്യം അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്മാര്‍ട്ട് സിറ്റി കൗണ്‍സില്‍ ഇന്ത്യയില്‍ പദ്ധതി ആരംഭിക്കുന്നതിനായി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ റിസര്‍ച്ച് സ്റ്റഡീസ് ട്രെയിനിംഗ് പ്രസിഡന്റ് പ്രതാപ് പഡോഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ രാജ്യത്തു നിന്നുള്ള സ്മാര്‍ട്ട് സിറ്റി വിദഗ്ധരെ സഹകരിപ്പിക്കുമെന്നും കൗണ്‍സില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.