Editorial
മതസ്വാതന്ത്ര്യം

ഇന്ത്യയെ ഇന്ത്യയാക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന ബഹുമത സംസ്‌കാരമാണ്. ഈ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന വിധമാണ് ഭരണഘടനയും ഭരണസംവിധാനവും രൂപപ്പെടുത്തിയിട്ടുള്ളത്. അത്യന്തം വൈജാത്യപൂര്‍ണമായ ഈ ഭൂവിഭാഗത്തെ ഒറ്റ ദേശരാഷ്ട്രമായി നിലനിര്‍ത്തുന്നത് തന്നെ സഹിഷ്ണുതാ പൂര്‍ണമായ സഹവര്‍തിത്വമാണ്. മതേതരത്വം എന്നതിന് പാശ്ചാത്യര്‍ നല്‍കുന്ന അര്‍ഥമല്ല, ഇന്ത്യന്‍ രാഷ്ട്രശില്‍പ്പികള്‍ നല്‍കിയിട്ടുള്ളത്. മതങ്ങളുടെ ഉന്‍മൂലനമല്ല, അവയുടെ നിലനില്‍പ്പും അഭിവൃധിയുമാണ് ഇവിടെ മതേതരത്വത്തിന്റെ അര്‍ഥം. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും അന്തസ്സത്ത അത് തന്നെ. മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ രാജ്യത്തിന്റെ കെട്ടുറപ്പിന് തന്നെയാണ് പരുക്കേല്‍ക്കുന്നത്. ഈ അര്‍ഥത്തില്‍ യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യു എസ് സി ഐ ആര്‍ എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ പ്രസക്തവും അതിലെ കണ്ടെത്തലുകള്‍ ആശങ്കാജനകവുമാണ്. പുറത്ത് നിന്നുള്ളവര്‍ നമ്മെ എങ്ങനെ കാണുന്നുവെന്നത് ഏറെ പ്രധാനമാണല്ലോ. ഇന്ത്യയിലെ മതസ്വാതന്ത്യം കടുത്ത ഭീഷണി നേരിടുന്നുവെന്നാണ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മതപ്രേരിതവും വര്‍ഗീയവുമായ കലാപങ്ങള്‍ വര്‍ധിച്ചു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബി ജെ പി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവും വര്‍ധിച്ചുവരുന്ന വര്‍ഗീയ കലാപങ്ങളും നിരത്തിയാണ് രാജ്യത്തെ ഭീതിദമായ അവസ്ഥ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.
യു എസ് വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ മതസ്വാതന്ത്ര്യം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയായ രണ്ടാം പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഒഡീഷ, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മതപ്രേരണയോടെയുള്ള ആക്രമങ്ങളും വര്‍ഗീയ കലാപങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവനകളും നിര്‍ബന്ധിത മതപരിവര്‍ത്തനവും അക്രമസംഭവങ്ങളും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്.
ഘര്‍വാപസിയെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തിന് വിധേയരാകുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പുറമെ ഇത്തരക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്ന ഹിന്ദുക്കള്‍ക്കും പണം നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ നിയമമുണ്ടെങ്കിലും അതെല്ലാം ഏകപക്ഷീയമാണെന്ന് യു എസ് സമിതി ചുണ്ടിക്കാട്ടുന്നു. ഹിന്ദു മതത്തില്‍ നിന്ന് മറ്റ് മതങ്ങളിലേക്കുള്ള പരിവര്‍ത്തനം മാത്രമാണ് അത് തടയുന്നതെന്ന് സമിതി വ്യക്തമാക്കി.
വലിയ ഭൂരിപക്ഷത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതിന്റെ ആത്മവിശ്വാസം തീവ്രവലതുപക്ഷ ഹിന്ദുത്വ ശക്തികളില്‍ അപകടകരമായ അസഹിഷ്ണുത നിറച്ച ഈ ഘട്ടത്തില്‍ സ്ഥിതിഗതികള്‍ യു എസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതിനേക്കാള്‍ ഭീകരമാണെന്നതാണ് വസ്തുത. അധികാരത്തില്‍ വരാനായി ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വര്‍ഗീയ വിഭജനം സാധ്യമാക്കിയ ഹിന്ദുത്വ ശക്തികള്‍ അധികാരം കൈവന്നപ്പോഴും അത് തുടരുകയാണ്. സാക്ഷി മഹാരാജിനെപ്പോലുള്ള ബി ജെ പി സാമാജികര്‍ പോലും വര്‍ഗീയ വിദ്വേഷം വഴിഞ്ഞൊഴുകുന്ന പ്രസ്താവന നടത്തുന്നത് ഇതിന് തെളിവാണ്. ഇത്തരം പ്രസ്താവനകളും ഘര്‍വാപസി പോലുള്ള ഗുണ്ടായിസങ്ങളും അരങ്ങേറുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ശബ്ദനാണ്. മറ്റു വിഷയങ്ങളില്‍ വാചാലനാകുന്ന മോദിയുടെ നിസ്സംഗത ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ അരക്ഷിതാ ബോധം നിറയ്ക്കുന്നുണ്ട്. അവര്‍ നിരാശരും ആശങ്കാകുലരുമാണ്. നവലിബറല്‍ സാമ്പത്തിക നയം കോണ്‍ഗ്രസിനേക്കാള്‍ മാരകമായി നടപ്പാക്കുന്ന ബി ജെ പി തങ്ങളുടെ വോട്ട് ബേങ്കുകള്‍ നിലനിര്‍ത്താന്‍ നടത്തുന്ന തന്ത്രമാണോ ഈ ന്യൂനപക്ഷ ആക്രമണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൂമിയേറ്റെടുക്കല്‍ ബില്‍ മാത്രം മതി ഈ സര്‍ക്കാറിന്റെ മുന്‍ഗണന മനസ്സിലാക്കാന്‍. ഈ നയത്തിനെതിരെ ഉയര്‍ന്നു വരുന്ന ജനരോഷം വര്‍ഗീയ കാര്‍ഡ് കൊണ്ട് മറികടക്കാമെന്നാണോ ഭരണകക്ഷി കരുതുന്നത്? സംഘ്പരിവാരത്തിന്റെ കുടുസ്സു തത്വങ്ങള്‍ക്കനുസരിച്ചുള്ള നയപരിപാടികള്‍ എടുത്തിട്ടുകൊണ്ടേയിരുന്നാല്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തവരോടെങ്കിലുമുള്ള കടമ പൂര്‍ത്തിയായെന്നാണോ ഇവര്‍ കരുതുന്നത്? എങ്കില്‍ അത് തികഞ്ഞ മൗഢ്യമാണെന്നേ പറയാനുള്ളൂ. മതസ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന ഒന്നും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ആത്യന്തികമായ വിജയം വരിക്കില്ല. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ജനകീയ പ്രതിരോധത്തെ ശിഥിലമാക്കാനും അതുകൊണ്ട് സാധ്യമല്ല.