ഭൂകമ്പം: നേപ്പാളില്‍ ആയിരത്തിലധികം വിദേശികളെ കാണാനില്ല

Posted on: May 3, 2015 2:21 pm | Last updated: May 3, 2015 at 2:21 pm

nepal-foreigners-missing_650x400_61430641086
കാഡ്മണ്ഡു: ഭൂകമ്പം വന്‍ നാശം വിതച്ച നേപ്പാളില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആയിരത്തിലധികം വിദേശികളെ കാണാനില്ല. ഭൂകമ്പം നടക്കുമ്പോള്‍ നേപ്പാളിലുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെക്കുറിച്ചാണ് ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തത്. ഇതുകൊണ്ട് ഇവര്‍ മരിച്ചുവെന്ന് പറയാനാകില്ലെന്നും അവര്‍ സ്വദേശത്ത് മടങ്ങിയെത്തിയിട്ടില്ല എന്നതാണ് സത്യമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തലവന്‍ റെന്‍സ്‌ജെ ടീരിങ്ക് പറഞ്ഞു.

ജപ്പാന്‍, ഇസ്‌റാഈല്‍, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. ഭൂകമ്പസമയത്ത് രണ്ടായിരം ഇസ്‌റാഈല്‍ പൗരന്മാര്‍ നേപ്പാളിലുണ്ടായിരുന്നു. ഇവരില്‍ 200 പേരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവരെ പിന്നീട് കണ്ടെത്തി. 22കാരനായ ഇസ്‌റാഈല്‍ പൗരനെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ വിവരങ്ങള്‍ ലഭിക്കാത്തത്.

കാണാതായ വിദേശികളല്‍ പലരും എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുണ്ട്. ഇവിടെ കനത്ത ഹിമപാതത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെക്ക് എത്തിപ്പെടുന്നതിനും പ്രായാസം നേരിടുന്നുണ്ട്.