സമുദ്ര മത്സ്യ സമ്പത്തില്‍ കുറവ് സംഭവിച്ചെന്ന് സി എം എഫ് ആര്‍ ഐയുടെ കണക്കുകള്‍

Posted on: May 3, 2015 6:00 am | Last updated: May 3, 2015 at 12:50 am

fishകൊച്ചി: ഇന്ത്യന്‍ മത്സ്യസമ്പത്തിന്റെ അളവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗണ്യമായ കുറവ് സംഭവിച്ചെന്ന് കേന്ദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ കണക്കുകള്‍. 2014ല്‍ ഇന്ത്യന്‍ സമുദ്ര മത്സ്യതീരത്ത് നിന്ന് ലഭിച്ചത് 3.59 ദശലക്ഷം ടണ്‍ സമുദ്ര മത്സ്യസമ്പത്താണ്. 2013ലെ ലഭ്യതയായ 3.78 ദശലക്ഷം ടണ്ണിന്റെ മത്സ്യസമ്പത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മത്സ്യസമ്പത്തില്‍ അഞ്ച് ശതമാനം കുറവുണ്ടെന്ന് സി എം എഫ് ആര്‍ ഐ ഡയറക്റ്റര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2013നെ അപേക്ഷിച്ച് ഗുജറാത്ത്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദാമന്‍ ദിയു എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യ സമ്പത്തിന്റെ ലഭ്യതയില്‍ കുറവും കര്‍ണാടക, ആന്ധ്ര, ഗോവ, ഒഡീഷ എന്നിവിടങ്ങളില്‍ വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്തില്‍ 7.12 (19.8%), തമിഴ്‌നാട്ടില്‍ 6.65 (18.5%), കേരളത്തില്‍ 5.76 (16%), കര്‍ണാടകയില്‍ 4.74 (13.2%), മഹാരാഷ്ട്രയില്‍ 3.44 (9.6%), ആന്ധ്ര പ്രദേശില്‍ 3.42 (9.5%), ഗോവയില്‍ 1.53 (4.3%), ഒഡീഷയില്‍ 1.39 (3.9%), പശ്ചിമ ബംഗാളില്‍ 0.77 (2.1%), പുതുച്ചേരിയില്‍ 0.65 (1.85%), ദാമന്‍ ദിയുവില്‍ 0.46 (1.3%) ലക്ഷം ടണ്‍ എന്നിങ്ങനെയാണ് ഈ വര്‍ഷം ലഭിച്ച മത്സ്യ സമ്പത്ത്.
മത്തി (5.45), അയല (2.37), വറ്റ (2.10), പാമ്പാട (2.09), ചെമ്മീന്‍ (2.06), ഇതര മത്തി വര്‍ഗങ്ങള്‍ (2.06), ഇതര ചെമ്മീന്‍ വര്‍ഗങ്ങള്‍ (1.83), കൂന്തല്‍ (1.73), കോര (1.62) എന്നിവയാണ് മത്സ്യ ലഭ്യതയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇനങ്ങളാണ്. ഇതില്‍ ഇതര മത്തി വര്‍ഗങ്ങള്‍, അയല, ചെമ്മീന്‍ എന്നിവ മത്സ്യലഭ്യതയില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ മത്തി, പാമ്പാട, വറ്റ, ഇതര ചെമ്മീന്‍ വര്‍ഗങ്ങള്‍, കൂന്തല്‍, കോര എന്നിവയുടെ ലഭ്യതയില്‍ കുറവ് രേഖപ്പെടുത്തി.
ആദ്യമായി ഈ വര്‍ഷം എല്ലാ തീരദേശ സംസ്ഥാനങ്ങളിലും മത്തി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ പ്രധാന ഇനമായ ഹിത്സയുടെ ലഭ്യത 5000 ടണ്ണായി കുറഞ്ഞു. ലാന്‍ഡിംഗ് സെന്ററില്‍ ലഭിക്കുന്ന വിലയനുസരിച്ച് സമുദ്ര മത്സ്യ ലഭ്യതയുടെ മൂല്യം കണക്കാക്കുകയാണെങ്കില്‍ 2013നെ അപേക്ഷിച്ച് 8.1% വര്‍ധനവും ആകെ മൂല്യം 31,754 കോടി രൂപയുമാണ്.
ചില്ലറ വില്‍പ്പന മേഖലയില്‍ മൂല്യത്തില്‍ 12.1% വര്‍ധനയും ആകെ മൂല്യം 52,363 കോടിരൂപയുമാണ്. ഒരു കിലോ മത്സ്യത്തിന്റെ ശരാശരി വില ലാന്‍ഡിംഗ് സെന്ററിലും ചില്ലറ വില്‍പ്പനയിലും യഥാക്രമം 88.65 രൂപ, 146.27 രൂപ എന്നിങ്ങനെയാണ്. കേരളത്തില്‍ ലാന്‍ഡിഗ് സെന്ററില്‍ 18.3 ശതമാനവും ചില്ലറ വില്‍പ്പനയില്‍ 19.14 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമായ ഗുജറാത്തിലെ മത്സ്യലഭ്യതയില്‍ ചെമ്മീന്‍ മുന്നിട്ടു നിന്നപ്പോള്‍ പാമ്പാടയുടെ ലഭ്യത 10 % കുറഞ്ഞു. എന്നാല്‍ ആദ്യമായി ഗുജറാത്തില്‍ മത്തിയുടെ ലഭ്യതയില്‍ വര്‍ധന രേഖപ്പെടുത്തി. ദാമന്‍ ദിയുവില്‍ ആവോലി വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ പാമ്പാട, കോര, ചൂര, കൂന്തല്‍ എന്നിവയുടെ ലഭ്യത കുറഞ്ഞു. മഹാരാഷ് ട്രയില്‍ ചെമ്മീന്റെ ലഭ്യത വര്‍ധിച്ചപ്പോള്‍ ഇതര ചെമ്മീന്‍ വര്‍ഗങ്ങളുടെ ലഭ്യത 40% കുറഞ്ഞു. എന്നാല്‍ മത്തി 30,000 ടണ്ണായി സാരമായ വര്‍ധനവ് കാണിച്ചു. കിളിമീന്‍, പാമ്പാട, കൂരി എന്നിവയുടെ ലഭ്യത കുറഞ്ഞു. ഗോവയില്‍ മത്തിയുടെ ലഭ്യതയില്‍ 75.6% വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ അയലയുടെ ലഭ്യത 50% കുറഞ്ഞപ്പോള്‍ ചെമ്മീന്‍ 3.8 മടങ്ങ് വര്‍ധിച്ചു. കര്‍ണാടകയില്‍ മത്തിയുടെ ലഭ്യത 45.8% കുറഞ്ഞപ്പോള്‍ അയല 34.3% വര്‍ധനവ് രേഖപ്പെടുത്തി. കേരളത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മത്തിയുടെ ലഭ്യത 92,000 ടണ്‍ കുറവ് രേഖപ്പെടുത്തി. അയല, കൂന്തല്‍, ചെമ്മീന്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ചപ്പോള്‍ വറ്റ, കിളിമീന്‍, കൊഴുവ എന്നിയുടെ ലഭ്യത കുറഞ്ഞു.
ഇന്ത്യയുടെ കിഴക്കന്‍ തീരമായ തമിഴ്‌നാട്ടില്‍ ഇതര മത്തി വര്‍ഗങ്ങള്‍, മുള്ളന്‍ എന്നിവ യഥാക്രമം 52%, 5% വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ 2013ല്‍ ലഭ്യതയില്‍ ഒന്നാം സ്ഥാനത്തായിരുന്ന മത്തി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പുതുച്ചേരിയില്‍ അയലയുടെ ലഭ്യത വര്‍ധിച്ചു. ആന്ധ്രാപ്രദേശില്‍ അയല, ഇതര മത്തി വര്‍ഗങ്ങള്‍, ചൂര എന്നിവയുടെ വര്‍ധന ഇരട്ടിയായി. ഒഡീഷയില്‍ ചെമ്മീന്‍, വറ്റ, അയല, പാമ്പാട എന്നിയുടെ ലഭ്യതയില്‍ നേരിയ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തി. തീരദേശ സംസ്ഥാനങ്ങളില്‍ സമുദ്രമത്സ്യ ലഭ്യതയുടെ കുറവ് സംഭാവന ചെയ്തത്് പശ്ചിമ ബംഗാളാണ്. 2013നെ അപേക്ഷിച്ച് ലഭ്യതയില്‍ 71 % കുറവ് രേഖപ്പെടുത്തി.
കേരളത്തില്‍ മത്തിയുടെ ലഭ്യത കുറഞ്ഞതിന്റെ പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും കടല്‍ച്ചൊറിയുടെ അമിത വര്‍ധനവുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.