National
മലക്കം മറിഞ്ഞ് സി ബി ഐയുടെ മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നീരജ് കുമാര്‍

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹിം കീഴടങ്ങാന്‍ തുനിഞ്ഞിരുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് സി ബി ഐയുടെ മുന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നീരജ് കുമാര്‍ രംഗത്തെത്തി. ഇദ്ദേഹം കീഴടങ്ങുന്നതില്‍ ആരെങ്കിലും തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച ചില വിമര്‍ശങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് വാര്‍ത്തകള്‍ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്. 1994ല്‍ മൂന്ന് തവണ ദാവൂദ് ഇബ്‌റാഹീമുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നും നേരത്തെ നീരജ് കുമാര്‍ അവകാശപ്പെട്ടിരുന്നു, എന്നാല്‍, സി ബി ഐക്ക് ഇദ്ദേഹത്തിന്റെ ജീവന്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഓഫര്‍ നിരസിക്കുകയായിരുന്നുവെന്നുവരെ നേരത്തെ ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ വാദങ്ങളെ മുന്‍ സി ബി ഐ മേധാവി വിജയ് രാമ റാവു തള്ളിക്കളഞ്ഞിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വലിയ പ്രയത്‌നം അന്വേഷണ ഏജന്‍സി നടത്തിയിട്ടുണ്ട്. പക്ഷേ ഈ പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള കീഴടങ്ങല്‍ വാര്‍ത്തകള്‍ തനിക്ക് ലഭിച്ചിരുന്നില്ല. ഇങ്ങനെയൊരു അവസരം ഉണ്ടായിരുന്നെങ്കില്‍ താന്‍ സര്‍വീസിലുള്ള സമയമാണെങ്കില്‍ അത് പാഴാക്കുമായിരുന്നില്ല. ഇദ്ദേഹത്തെ പിടികൂടാന്‍ ദീര്‍ഘകാലം ശ്രമം നടത്തിയിട്ടുണ്ടെന്നും റാവു കൂട്ടിച്ചേര്‍ത്തു.
ദാവൂദ് ഇബ്‌റാഹിം കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള എന്തെങ്കിലും രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് സി ബി ഐ പറഞ്ഞു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ദാവൂദ് ഇബ്‌റാഹീമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.