Editorial
പഞ്ചാബിലും നിര്‍ഭയ

പഞ്ചാബില്‍ മാത്രമല്ല, രാജ്യവ്യാപകമായിതന്നെ പ്രതിഷേധാഗ്നി പടരുകയാണ്. മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ ബസ് ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത (പിന്നീട് സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സക്കിടയില്‍ പെണ്‍കുട്ടി മരണപ്പെട്ടു) ഭീകരതക്ക് ശേഷം ഇന്ത്യയില്‍ സ്ത്രീത്വത്തിന് ഏല്‍ക്കുന്ന ഏറെ ആഴത്തിലുള്ള മുറിവാണ് ബുധനാഴ്ച മോഗയില്‍ നടമാടിയത്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ കുടുംബവകയായ, “ഓര്‍ബിറ്റ് ഏവിയേഷന്‍” കമ്പനിയുടെ ബസില്‍ ബുധനാഴ്ച വൈകീട്ടാണ് മാതാവും മകളും മൃഗീയമാംവിധം ആക്രമിക്കപ്പെട്ടത്. സ്ത്രീത്വത്തിനെതിരെ, രക്തദാഹികളായ വേട്ടനായ്ക്കളെ പോലെ ചാടിവീണവരില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയേയും മകളേയും ഓടുന്ന ബസില്‍ നിന്നും അക്രമികള്‍ പുറത്തേക്കെറിയുകയായിരുന്നു. (അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ അമ്മയും മകളും ബസില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്നും ജന സംസാരമുണ്ട്) റോഡില്‍ തലയടിച്ച് വീണ വിദ്യാര്‍ഥിനി രക്തം വാര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 38കാരിയായ മാതാവ് ആശുപത്രിയില്‍ ജീവന്മരണ പോരാട്ടത്തിലാണ്. ഡല്‍ഹി സംഭവത്തിന്റെ തനിയാവര്‍ത്തനം. ഈ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും ജനം മോചിതരാകും മുമ്പ് വ്യാഴാഴ്ച പഞ്ചാബിലെ മോഗയില്‍ തന്നെ മറ്റൊരു യുവതിയും കൂട്ടബലാത്സംഗത്തിന് ഇരയായി. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ യുവതിയെ പത്തോളം പേര്‍ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പഞ്ചാബിലേത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാല്‍ മണം വിട്ടുമാറാത്ത കുട്ടികളടക്കം സ്ത്രീകള്‍ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അങ്ങനെ വിശ്വസിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍, നിയമത്തിന്റെ പല്ലുകള്‍ക്ക് മൂര്‍ച്ചയില്ലെന്ന പല്ലവി ഉയരാറുണ്ട്. അതിന്റെ പേരില്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാറുമുണ്ട്. ബലാത്സംഗക്കാര്‍ക്ക് വധ ശിക്ഷവരെ ബാധകമാക്കാന്‍ നിയമത്തില്‍ ഭേദഗതിവരുത്തി. പക്ഷേ അതുകൊണ്ട് കുറ്റകൃത്യങ്ങളില്‍ കുറവൊന്നും വന്നിട്ടില്ല. നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നതാണ് വസ്തുത. പ്രതികള്‍ പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവുമുള്ളവരാണെങ്കില്‍ പലപ്പോഴും അവര്‍ നിയമത്തിന്റെ പിടിയില്‍ നിന്നും ഒഴിഞ്ഞുമാറുന്നു. അല്ലെങ്കില്‍ നാമമാത്രമായ ശിക്ഷ ഏറ്റുവാങ്ങി രക്ഷപ്പെടുന്നു. കുടുംബ ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കുടുംബത്തിലും സമൂഹത്തിലും സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അങ്ങനെയൊരു നാട്ടില്‍ സ്ത്രീപീഡനങ്ങള്‍ എങ്ങനെ തുടര്‍ക്കഥയാകുന്നു എന്നതും നാം ചിന്തിക്കണം.
ടൂറിസത്തിന് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. ഓരോ വര്‍ഷവും സീസണില്‍ ഇന്ത്യയിലെത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. അതിനിടയിലാണ് രാജ്യത്തെ സ്ത്രീപീഡനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിദേശങ്ങളില്‍ പോലും പ്രചരിപ്പിക്കപ്പെടുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നേരിടാന്‍ രാജ്യത്തിനകത്തും പുറത്തും ഫലപ്രദമായ ബോധവത്കരണം നടത്തണം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളേണ്ട അവസരമാണിത്. സംഭവങ്ങളോട് പ്രതികരിക്കുമ്പോള്‍ മന്ത്രിമാരടക്കമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. മോഗയില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടത് “ദൈവഹിത”മാണെന്ന പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രാഖ്രയുടെ പ്രതികരണം തന്നെ നമുക്ക് പരിശോധിക്കാം. “ദൈവ വിധി തടയാന്‍ ആര്‍ക്കും കഴിയില്ല. കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍ പെടുന്നു. ഇതെല്ലാം ദൈവത്തിന് വിട്ടുകൊടുക്കുക” – എന്നാണ് അദ്ദേഹം പറഞ്ഞത്. മോഗ നിയമസഭാംഗവും അകാലിദള്‍ നേതാവുമായ ജോഗീന്ദര്‍ പാലിന്റെ പ്രതികരണവും ഒരുതരം ഒളിച്ചോട്ടമാണ്. ബലാത്സംഗത്തിന് ദൈവത്തെ കുറ്റപ്പെടുത്തുന്ന വിദ്യാഭ്യാസ മന്ത്രി ഫലത്തില്‍ സമൂഹിക ദ്രോഹികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. മോഗ സംഭവം കേവലം ഒരു അപകടമാണെന്നാണ് ജോഗീന്ദര്‍ പാല്‍ എം എല്‍ എയുടെ അഭിപ്രായം. “എത്രയോ അപകടങ്ങള്‍ നടക്കുന്നു. ഇതും അത്തരത്തിലൊന്നാണ്. കോടതിക്ക് പുറത്ത് ഇരുവര്‍ക്കും സ്വീകാര്യമായ നഷ്ടപരിഹാരം നല്‍കി തീര്‍ക്കാവുന്ന പ്രശ്‌നം” – മന്ത്രിയായാലും എം എല്‍ എയായാലും ബലാത്സംഗത്തെ നിസ്സാരവത്കരിക്കാനാണ് ശ്രമിക്കുന്നത്. “ആരാന്റെ അമ്മക്ക് ഭ്രാന്ത് ഇളകിയാല്‍ കാണാന്‍ നല്ല ചേല്” എന്ന പഴംചൊല്ല് ഇവിടെ അര്‍ഥവത്താണ്.