Articles
ബാള്‍ട്ടിമോറിലെ കൊള്ളക്കാര്‍

“അവര്‍ പ്രക്ഷോഭകരല്ല, വെറും കൊള്ളക്കാരാണ്” – മെരിലാന്‍ഡ് സ്റ്റേറ്റിലെ ഏറ്റവും വലിയ നഗരമായ ബാള്‍ട്ടിമോറില്‍ കറുത്ത വര്‍ഗക്കാരുടെ കലാപം പടരുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറയുന്നതിങ്ങനെയാണ്. ഒബാമ ഒന്നാമൂഴം ജയിച്ച് വന്നപ്പോള്‍ വാഴ്ത്തിയവരെല്ലാം അദ്ദേഹത്തിന്റെ തൊലിയുടെ നിറമാണ് എടുത്തു പറഞ്ഞത്. അമേരിക്കയെ മാറ്റിമറിക്കാന്‍ വന്ന കറുത്തവന്‍. ഈ പ്രസിഡന്റ് രണ്ടാമൂഴം പൂര്‍ത്തിയാക്കിനിരിക്കുമ്പോഴും അമേരിക്ക ഒട്ടും മാറിയിട്ടില്ലെന്ന് മാത്രമല്ല, അടിമത്തത്തെയും വര്‍ണ്ണ വിവേചനത്തെയും തുടച്ചു നീക്കിയതിന്റെ ചരിത്രം ഔദ്യോഗിക ഗവേഷകര്‍ നിരന്തരം ഉദ്‌ഘോഷിക്കുമ്പോഴും ഇവ രണ്ടും പുതിയ രൂപത്തില്‍ ഭാവത്തില്‍ അമേരിക്കയില്‍ തിരിച്ചു വരികയാണ്. ഒബാമയുടെ ഭരണകാലത്ത് തന്നെയാണ് ഈ തിരിച്ചു വരവുകള്‍ ഭീകരമായി സംഭവിക്കുന്നത് എന്നത് ക്രൂരമായ യാദൃച്ഛികതയാകാം. ഇക്കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് സംഭവിച്ചതല്ല ഈ വിഭജനമെന്ന് വേണമെങ്കില്‍ വാദിക്കാം, ഒബാമയെ കുറ്റവിമുക്തനാക്കാന്‍ വേണ്ടി. എന്നാല്‍ സ്വയം ഒരു ആഫ്രോ അമേരിക്കന്‍ വംശജനാണെന്നിരിക്കെ അവരുടെ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍ അദ്ദേഹത്തിന് അറിയാമല്ലോ. തൊലിയുടെ നിറം തനിക്ക് വരുത്തി വെച്ച അവഹേളനങ്ങളെച്ചൊല്ലി പൊതു വേദികളില്‍ അദ്ദേഹം ഇടക്കിടക്ക് വികാരഭരിതമായി സംസാരിക്കാറുമുണ്ടല്ലോ. സ്വജനപക്ഷപാതിയായ പ്രസിഡന്റാകണം ഒബാമയെന്നല്ല ലോകം ആവശ്യപ്പെടുന്നത്. കറുത്തവന് കൂടുതല്‍ നല്‍കണമെന്നുമല്ല. ലോകത്തിന്റെ നായക സ്ഥാനം നിലനിര്‍ത്താനായി എത്ര കോടികള്‍ വേണമെങ്കിലും ചെലവിടുന്ന അമേരിക്കന്‍ ഭരണകൂടം സ്വന്തം പൗരന്‍മാരില്‍ ഒരു വിഭാഗത്തിന് സംഭവിക്കുന്ന അന്യവത്കരണത്തെ അഭിസംബോധന ചെയ്യാത്തത് എന്ത്‌കൊണ്ട് എന്നതാണ് ചോദ്യം.
ബാള്‍ട്ടിമോറില്‍ ഇപ്പോള്‍ നടക്കുന്ന കാലപത്തിന്റെ പ്രത്യക്ഷ കാരണം കറുത്തവര്‍ഗക്കാരനായ യുവാവ് ഫ്രഡി ഗ്രേ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ്. മയക്കുമരുന്ന് കേസിലാണ് ഗ്രേ അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന വാഹനത്തില്‍ തന്നെ തുടങ്ങിയ പോലീസ് മര്‍ദനം സ്റ്റേഷനിലും തുടര്‍ന്നുവെന്ന് ബന്ധുക്കളും പ്രക്ഷോഭകരും പറയുന്നു. “ഭരണസംവിധാനത്തിന്റെ ക്രൂരമായ വിവേചനത്തിന്റെ ഇരയാണ് ഗ്രേ. അവന്‍ ഒരു വ്യക്തിയല്ല, പ്രതീകമാണ്. വര്‍ണവിവേചനത്തിന്റെ രക്തസാക്ഷി. സാമ്പത്തികമായും സാമൂഹികമായും നിയമപരമായും നിരന്തരം അടിച്ചമര്‍ത്തപ്പെടുന്ന തങ്ങളുടെ വേദന ഇത്തരം നഷ്ടങ്ങളിലൂടെ മാത്രമാണ് പുറം ലോകം അറിയുന്നത്. കറുത്തവന്‍ മരിക്കണം. അവന്‍ തെരുവില്‍ മുദ്രാവാക്യം മുഴക്കണം. അവന്‍ അക്രമാസക്തനാകണം. അവന്‍ കൊള്ളയടിക്കണം. അവന്‍ സൈ്വര ജീവിതത്തിന് വിഘാതമാകണം. അപ്പോള്‍ മാത്രമേ അവരുടെ ശബ്ദം അധികാരികള്‍ കേള്‍ക്കുന്നുള്ളൂ. അത്‌കൊണ്ട് ഞങ്ങള്‍ തെരുവില്‍ തന്നെയുണ്ടാകും. നീതി ലഭിക്കും വരെ. കറുത്തവന്റെ ജീവനും ജീവന്‍ തന്നെയാണ്”. ബാള്‍ട്ടിമോര്‍ പ്രക്ഷോഭകരുടെ സമരഗാനത്തിലെ വരികള്‍.
ഈ വാരാദ്യത്തില്‍ തുടങ്ങിയ പ്രക്ഷോഭം കര്‍ഫ്യൂവിനും കനത്ത പോലീസ്, സൈനിക വലയത്തിനുമിടയിലും ശക്തമായി തുടരുകയാണ്. സമീപ നഗരങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും സൈനികരെ കൊണ്ടുവന്ന് ബാള്‍ട്ടിമോറില്‍ വിന്യസിച്ചിരിക്കുന്നു. രണ്ട് തവണ വെടിവെപ്പ് നടന്നു. കണ്ണീര്‍ വാതകവും ജലപീരങ്കിയും കുരുമുളക് സ്‌പ്രേയും റബ്ബര്‍ ബുള്ളറ്റുകളും തരാതരം. പ്രക്ഷോഭം പലപ്പോഴും അക്രമാസക്തമായി. കടകള്‍ കൊള്ളയടിക്കപ്പെട്ടു. കാറുകള്‍ക്ക് തീവെച്ചു. ഗതാഗതം സ്തംഭിപ്പിച്ചു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കൊല്ലപ്പെട്ട സമയത്ത് 1969ല്‍ ഉണ്ടായ പ്രക്ഷോഭത്തിന് സമാനമായ നിലയിലേക്ക് സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് അധികൃതരുടെ ആശങ്ക. അന്ന് അമേരിക്കയിലാകെ 125 നഗരങ്ങളിലാണ് കലാപം പടര്‍ന്നത്. വ്യോമ നിരീക്ഷണം അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനുള്ള പുറപ്പാടിലാണ് സുരക്ഷാ വിഭാഗം. നഗരത്തില്‍ അരങ്ങേറുന്ന അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രക്ഷോഭക ഗ്രൂപ്പുകളുടെ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രേയുടെ ബന്ധുക്കളും അഭിഭാഷകനും അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
പ്രക്ഷോഭം ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ അപ്രസക്തമാകുകയും അക്രമം മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നുവെന്നാണ് പ്രസിഡന്റിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. നഗരത്തിലെ 60 ശതമാനം ജനങ്ങളും കറുത്ത വര്‍ഗക്കാരാണ്. മേയറും പ്രധാന പോലീസ് ഉദ്യോഗസ്ഥരുമെല്ലാം അങ്ങനെ തന്നെ. എന്നിട്ടും ഈ നഗരം കറുത്തവനോട് വിവേചനം കാണിക്കുന്നുവെങ്കില്‍ ഗൗരവപൂര്‍ണമാണ് വിഷയം. അമേരിക്കന്‍ ഭരണവ്യവസ്ഥയില്‍ വര്‍ണവിവേചനം അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നതിനനുസരിച്ച് ആ വിവേചനം കൂടുതല്‍ പ്രത്യക്ഷവും ക്രൂരവുമാകുന്നുവെന്നും ബാള്‍ട്ടിമോര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉരുക്കു മുഷ്ടിയുപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയാലും അതിന് ആധാരമായ പ്രശ്‌നങ്ങള്‍ അസ്തമിക്കുന്നില്ല. മറ്റൊരു സാഹചര്യത്തില്‍ ആ അതൃപ്തി പുറത്തേക്ക് വരും. രണ്ടാം തരം പൗരത്വം അനുഭവിക്കുന്ന ഏത് ജനവിഭാഗവും ഇത്തരം ഘട്ടങ്ങളില്‍ വ്യവസ്ഥയെ തകിടം മറിച്ച് ഉണര്‍ന്നെഴുന്നേല്‍ക്കുക തന്നെ ചെയ്യും.
അഞ്ച് മാസം മുമ്പ് മറ്റൊരു യു എസ് പ്രവിശ്യയായ ഫോര്‍ഗ്യൂസനില്‍ കണ്ടത് അതാണ്. ഫൊര്‍ഗ്യൂസനില്‍ മൈക്കല്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്ന ഡാരന്‍ വില്‍സണ്‍ എന്ന വെള്ളക്കാരന്‍ പോലീസിനെ തെളിവില്ലെന്ന് പറഞ്ഞ് കോടതി വെറുതെ വിട്ടതോടെയാണ് മനുഷ്യര്‍ പ്രക്ഷോഭവുമായി തെരുവലിറങ്ങിയത്. നീതിന്യായ വ്യവസ്ഥയിലെ വര്‍ണവിവേചനപരമായ മുന്‍ഗണനകള്‍ വെളിപ്പെടുത്തിയ സംഭവമായിരുന്നു അത്. വിചാരണ പ്രഹസനമായിരുന്നു. കറുത്ത വര്‍ഗക്കാര്‍ സമൂഹത്തിന്റെ സമാധാനപരമായ നിലനില്‍പ്പിന് ഭീഷണിയാണെന്ന വാദമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഡാരന്‍ വില്‍സണ്‍ വിചാരണയിലുടനീളം ബ്രൗണിനെ “അത്” എന്നാണ് വിശേഷിപ്പിച്ചത്. “അത്” എന്റെ നേര്‍ക്ക് പാഞ്ഞടുത്തു; അത് അപ്പോള്‍ ഒരു പിശാചിനെപ്പോലെയായിരുന്നു എന്നൊക്കെയാണ് വില്‍സണ്‍ ന്യായാധിപന്റെ ചോദ്യത്തിന് മറുപടി നല്‍കിയത്. കറുത്തവന്‍ വെറും വസ്തു. അവന്‍ എന്നോ അയാള്‍ എന്നോ അപരപ്പെടാവുന്ന മനുഷ്യന്‍ പോലുമല്ല. എന്നിട്ടും ഡാരന്‍ വില്‍സന്‍ കുറ്റവിമുക്തനായി. മാന്‍ഹട്ടനില്‍ എറിക് ഗാര്‍ണര്‍ എന്ന ആഫ്രോ അമേരിക്കന്‍ വംശജനെ ഒരു സംഘം പോലീസുകാര്‍ കഴുത്ത് ഞെരിച്ച് കൊന്നതും ഏതാണ്ട് ഇതേ സമയത്താണ്. നികുതിയടക്കാത്ത സിഗരറ്റ് കരിഞ്ചന്തയില്‍ വിറ്റുവെന്നതായിരുന്നു ഗാര്‍ണറുടെ കുറ്റം. ഈ കേസ് കോടതിയില്‍ എത്തിയപ്പോഴും പോലീസിനെ വെറുതെ വിട്ടു. ഈ രണ്ട് നഗരങ്ങളിലും കറുത്ത വര്‍ഗക്കാരുടെ ജനസംഖ്യ മൂന്നില്‍ രണ്ട് വരും. പക്ഷേ ഇവിടെ പോലീസിലും ഭരണ തലപ്പത്തും കറുത്തവര്‍ക്ക് പ്രാതിനിധ്യമേ ഇല്ല. ഇവിടങ്ങളില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍ ഈ വസ്തുത ഉയര്‍ത്തിക്കാണിക്കപ്പെട്ടു. പ്രക്ഷോഭത്തിന് ശേഷം പ്രസിഡന്റ് ഒബാമയുടെ നേരിട്ടുള്ള താത്പര്യത്തില്‍ ഇവിടെ ഈ വിഭാഗത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിരുന്നു. ബാള്‍ട്ടിമോറില്‍ എത്തുമ്പോള്‍ യൂനിഫോം അണിഞ്ഞത് ആരെന്നല്ല പ്രശ്‌നം, ഭരണസംവിധാനം പൗരന്‍മാരിലെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനമാണ് പ്രശ്‌നമെന്ന് തെളിയുകയാണ്. പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടും ശാസിച്ചിട്ടും കാര്യമില്ലെന്നര്‍ഥം. മൊത്തം വ്യവസ്ഥ നല്‍കുന്ന ഒരു കമാന്‍ഡുണ്ട്. അത് ശിരസ്സാ വഹിക്കുകയാണ് അവര്‍ ചെയ്യുന്നത്. സാമ്പത്തിക, സാമൂഹിക അസമത്വത്തിലാണ് പ്രശ്‌നത്തിന്റെ വേര് ആഴ്ന്നു കിടക്കുന്നത്. നവലിബറല്‍ സാമ്പത്തിക വളര്‍ച്ചയുടെ ഇരകള്‍ അവര്‍ണരും ദരിദ്രരും സ്വന്തം ശാരീരിക ശേഷിയല്ലാതെ മറ്റൊരു മൂലധനവുമില്ലാത്ത മനുഷ്യരുമാണ്. അവരുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരമില്ല. തൊഴിലവസരമില്ല. സാമൂഹിക മാന്യതയില്ല. അത്‌കൊണ്ട് ഇവര്‍ തെറിച്ച പിള്ളേരാകുന്നു. ഈ സാഹചര്യങ്ങളോ അതേല്‍പ്പിക്കുന്ന മാനസിക ആഘോതങ്ങളോ ഒന്നും പോലീസുകാരുടെ വിഷയമല്ല. അവര്‍ ആത്യന്തികമായി “നിയമം” നടത്തുന്നു. കറുത്തവര്‍ ഈ ആധുനിക കാലത്തും അപകര്‍ഷതയുടെ പിടിയിലാണ്. അവര്‍ അസ്വസ്ഥരാണ്. ചിലപ്പോഴൊക്കെ അസൂയാലുക്കളുമാണ്. അത്‌കൊണ്ടാണ് ഈ യുവാക്കള്‍ കാറുകള്‍ കത്തിക്കുന്നത്.
ബാള്‍ട്ടിമോറിനെ മുന്‍നിര്‍ത്തി ചില ആഗോള പ്രവണതകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വിവേചനത്തിനും ചൂഷണത്തിനും അനീതിക്കും അധിനിവേശത്തിനുമെതിരെ ഏത് പ്രക്ഷോഭവും പൊടുന്നനെ “അക്രമാസക്തമാകുന്നു”വെന്നതാണ് അത്. മുഖ്യധാരാ മാധ്യമങ്ങളുടെ മിടുക്കാണ് അത്. സമരത്തിന്റെ സത്യം മറച്ചു പിടിക്കുക. അതിന്റെ ഭാഗമായി ഉണ്ടായ അക്രമം മാത്രം വെളിച്ചത്ത് നിര്‍ത്തുക. ബാള്‍ട്ടിമോറിലും അതാണ് സംഭവിച്ചത്. കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ടയുടനെ തുടങ്ങിയ സമരം തികച്ചും സമാധാനപരമായിരുന്നു. പാട്ടുപാടിയും മുദ്രാവാക്യം മുഴക്കിയും നൃത്തം വെച്ചുമാണ് അവര്‍ തെരുവ് കീഴടക്കിയത്. അന്ന് മാധ്യമങ്ങള്‍ തിരിഞ്ഞ് നോക്കിയില്ല. വര്‍ണവിവേചനത്തിന്റെ ചോരകിനിയുന്ന സത്യം വാര്‍ത്തയായില്ല. കറുത്തവരുടെ ജീവിതം അരികിലേക്ക് മാറ്റപ്പെടുന്നതിന് ദൃശ്യഭാഷയുമായി ഒരു ചാനലും വന്നില്ല. എന്നാല്‍ പട്ടണത്തിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ ചില്ല് തകര്‍ന്നപ്പോള്‍ വലിയ വാര്‍ത്തയായി. സമരം അക്രമസാക്തമാകുന്നുവെന്ന് തലക്കെട്ടുകള്‍ പിറന്നു. അത് മതിയായിരുന്നു പോലീസിന്. നടപടി ശക്തമാക്കി. അത്‌കൊണ്ട് പ്രക്ഷോഭകര്‍ നിലവിട്ടോ, അല്ലെങ്കില്‍ അവര്‍ പറയുന്നത് പോലെ ആരോ നുഴഞ്ഞ് കയറിയോ എന്തുമാകട്ടേ. സമരം അക്രമത്തിലേക്ക് നീങ്ങി. കടകള്‍ കൊള്ളയടിക്കപ്പെട്ടു. അവര്‍ പ്രക്ഷോഭകരല്ല കള്ളന്‍മാരാണെന്ന് പ്രസിഡന്റിനെക്കൊണ്ട് പറയിപ്പിച്ചു.
ബ്രിട്ടനില്‍ 2011ല്‍ കുടിയേറ്റക്കാര്‍ നടത്തിയ പ്രക്ഷോഭവും പാരീസില്‍ നടന്ന സമരവും ഇങ്ങനെത്തന്നെയാണ് “അക്രമമായി” മാറിയത്. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന നെറികെട്ട അധിനിവേശത്തെ കല്ലെറിഞ്ഞ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന നിരായുധരായ മനുഷ്യരും അക്രമാസക്തരും തീവ്രവാദികളുമാണല്ലോ. ഇതാണ് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിച്ഛായയുടെ കരുത്ത്. ഐ എം എഫിന്റെയും ലോകവ്യാപാര സംഘടനയുടെയും ഉച്ചകോടി നടക്കുന്ന പട്ടണങ്ങളില്‍ ആക്ടിവിസ്റ്റുകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളെയും അക്രമത്തിന്റെ കണക്കില്‍ എഴുതുത്തള്ളുകയാണ് ചെയ്യാറുളളത്.