കേരനാടിന്റെ പ്രതാപംവീണ്ടെടുക്കണം

Posted on: May 1, 2015 6:36 am | Last updated: April 30, 2015 at 10:39 pm

SIRAJ.......ഇന്ത്യയില്‍ ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിച്ച നാടായിരുന്നു കേരളം. സംസ്ഥാനത്തിന് ആ പേര് വന്നത് തന്നെ ഇതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്. ഇന്ന് പക്ഷേ സ്ഥിതി മാറി. കേര ഉത്പാദനത്തില്‍ നമുക്കുണ്ടായിരുന്ന പ്രതാപം നഷ്ടമായി. സംസ്ഥാനത്ത് ഉത്പാദനത്തോത് അടിക്കടി കുറഞ്ഞു വരികയാണ്. രാജ്യത്തെ പ്രധാന നാളികേര ഉത്പാദന സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും ആന്ധ്രപ്രദേശിലും 2014-15 വര്‍ഷത്തിലെ കേര ഉല്‍പാദനം 2013-14 വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം കുറഞ്ഞതായാണ് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍വേ റിപ്പോര്‍ട്ട് കാണിക്കുന്നത്. കേരളത്തിന്റെ സ്വന്തം ചിത്രമെടുത്താല്‍ ഉത്പാദനക്കുറവ് 17.48 ശതമാനം വരും. 2013-14ലെ ഉത്പാദനം 5921 ദശലക്ഷമായിരുന്നെങ്കില്‍ 2014-15ല്‍ ഇത് 4886 ദശലക്ഷമായി ചുരുങ്ങി. ഒരു ഹെക്ടറിന് 6042 നാളികേരമാണ് സംസ്ഥാനത്തിന്റെ ഉത്പാദനക്ഷമത. അതേസമയം നേരത്തെ കേരളത്തെ അപേക്ഷിച്ചു ഉത്പാദന ക്ഷമത കുറവായിരുന്ന തമിഴ്‌നാട്ടില്‍ അത് ഗണ്യമായി വര്‍ധിച്ചു. ഇവിടെ ഹെക്ടറിന് 11,319 ആണ് ഉത്പാദനക്ഷമത. കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനം തൊട്ട് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 3.90ശതമാനം അവിടെ വര്‍ധിക്കുകയും ചെയ്തു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തെ മൊത്തം നാളികേരോത്പാദനത്തില്‍ കേരളത്തിന്റെ സംഭാവന കുറഞ്ഞുവരികയാണ്. നിലവില്‍ തെങ്ങുകൃഷി വിസ്തൃതിയുടെ 37 ശതമാനം ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ സംഭാവന മൊത്തം ഉത്പാദനത്തിന്റെ 28 ശതമാനം മാത്രമാണ്. തെങ്ങുകൃഷി വിസ്തൃതിയും കുറഞ്ഞു വരുന്നു. 2008-09 വര്‍ഷത്തെ വിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2011-12 വര്‍ഷത്തെ തെങ്ങുകൃഷി വിസ്തൃതിയില്‍ മൂന്ന് ശതമാനത്തോളം കുറവുണ്ടായി. ഏറ്റവുമൊടുവില്‍ ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ 7.66 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് കേര കൃഷിയിള്ളത്.
നാളികേരത്തിനും കൊപ്രക്കുമുണ്ടായ വിലയിടിവാണ് സംസ്ഥനത്തെ തെങ്ങുകൃഷി പിന്നോട്ടടിക്കാന്‍ പ്രധാന കാരണം. അടുത്തിടെയായി നാളികേര വിലയില്‍ വര്‍ധനവ് അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ട് മൂന്ന് ദശാബ്ദങ്ങളായി വിലത്തകര്‍ച്ചയിലായിരുന്നു ഈ മേഖല. ഇക്കാലയളവില്‍ കൃഷിച്ചെലവ് പല മടങ്ങായി വര്‍ധിച്ചപ്പോള്‍ തേങ്ങ വിലയില്‍ പുരോഗതിയുണ്ടായില്ല. ഉദ്പാദനലച്ചെലവിന് അനുസൃതമായി വില ലഭിക്കാത്തത് കാരണം തെങ്ങ് വെട്ടി മാറ്റി റബര്‍ വെച്ചവരും മറ്റു കാര്‍ഷിക വൃത്തികളിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഭക്ഷ്യ എണ്ണ ഇറക്കുമതി, ദക്ഷിണേഷ്യന്‍ – ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സ്വതന്ത്ര വാണിജ്യ ഉടമ്പടി, തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവ്, ജലസേചന സൗകര്യത്തിന്റെ അപര്യാപ്തത, കാറ്റുവീഴ്ച, മണ്ഡരി തുടങ്ങി ഈ രംഗം നേരിടുന്ന പ്രതിസന്ധികള്‍ ഏറെയാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണകള്‍ രാജ്യത്തിന്റെ ആവശ്യത്തിന് തികയാത്തതിനാല്‍ ഇന്ത്യക്ക് എണ്ണ ഇറക്കുമതി അനിവാര്യമാണ്. ഇറക്കുമതി താരീഫില്‍ കുറവും സബ്‌സിഡിയും ലഭ്യമാകുന്നതിനാല്‍ പാമോയില്‍ തുടങ്ങിയ ഇറക്കുമതി എണ്ണകള്‍ക്ക് ആഭ്യന്തര വിപണിയില്‍ വില കുറവായതിനാല്‍ സ്വാഭാവികമായും ഉത്തരേന്ത്യന്‍ വ്യവസായികളും വെളിച്ചെണ്ണയെ ആശ്രയിച്ചിരുന്ന മറ്റു ഉപഭോക്താക്കളും വെളിച്ചെണ്ണയെ കൈവിടാന്‍ തുടങ്ങി. ഇന്ത്യ വാണിജ്യ ഉടമ്പടിയില്‍ ഏര്‍പ്പെട്ട ശ്രീലങ്കയും മറ്റും പ്രധാന കേരോത്പാദക രാജ്യങ്ങളായതും നമ്മുടെ കേരകൃഷി മേഖലക്ക് ദോഷം ചെയ്തു. ഇന്ത്യയേക്കാള്‍ അത്തരം രാഷ്ട്രങ്ങള്‍ക്കാണ് ഈ കരാര്‍ കൂടുതല്‍ ഗുണകരമായത്.
ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കുക, പാമോയില്‍ ഇറക്കുമതി ഭക്ഷ്യ എണ്ണ ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലെ തുറമുഖങ്ങളില്‍ പരിമിതപ്പെടുത്തുക, വിദേശ വാണിജ്യ ഉടമ്പടികളില്‍ ഇന്ത്യയിലെ കേര വ്യവസായം ആഗോളതലത്തില്‍ മത്സരക്ഷമമാകുന്നതിനുതകുന്ന വിധത്തിലുള്ള നയരൂപവത്കരണം നടത്തുക, നീരഉത്പാദനം വിപുലവും കാര്യക്ഷമവുമാക്കുക, ഉത്പാദനച്ചെലവിന് അനുസൃതമായി താങ്ങുവില പ്രഖ്യാപിക്കുകയും ഇതടിസ്ഥാനത്തില്‍ നാളികേര, കൊപ്ര സംഭരണം നടത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ട് വരിക തുടങ്ങി പല നിര്‍ദേശങ്ങളും നാളികേര വിലയിടിവിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.സര്‍ക്കാര്‍ തലത്തില്‍ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും യഥാസമയം വേണ്ട രൂപത്തില്‍ അവ നടപ്പാക്കാറില്ല. വിളവെടുപ്പിന്റെ തോത് ഉയര്‍ന്നുനില്‍ക്കുന്ന കാലയളവിന്റെ തുടക്കത്തിലേ ആരംഭിക്കേണ്ട സംഭരണം പലപ്പോഴും അവസാന ഘട്ടത്തിലാണ് തുടങ്ങാറ്. താങ്ങുവില പ്രഖ്യാപനം നടത്തുന്നതും പലപ്പോഴും സമയം തെറ്റിയാണ്. സര്‍ക്കാര്‍ ഏജന്‍സികളില്‍ സംഭരണത്തിനുള്ള സൗകര്യങ്ങള്‍ പരിമിതവുമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ശാസ്ത്രീയമായ കൃഷിയിലൂടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്താല്‍ കേരഉത്പാദനത്തില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ സാധിച്ചേക്കും. തെങ്ങ് കൃഷി വികസനത്തിന് സംസ്ഥാനം വര്‍ഷംതോറും നല്ലൊരു തുക നീക്കിവെക്കാറുണ്ടെങ്കിലും അവ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകവുമാണ്.