ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ നെറ്റിയില്‍ സ്റ്റിക്കര്‍; ആശുപത്രി അധികൃതരുടെ നടപടി വിവാദമായി

Posted on: April 30, 2015 1:01 am | Last updated: April 29, 2015 at 9:02 pm

bihar-earthquake-victims-bhukamp-sticker-650_650x400_41430232501ധര്‍ഭംഗ: ഭൂകമ്പത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചത് വിവാദമായി. ബീഹാറിലെ ധര്‍ഭംഗ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയ സംഭവം. ചികിത്സയില്‍ കഴിയുന്നവരുടെ നെറ്റിയില്‍’ ഭൂകമ്പ്’ എന്ന് ഹിന്ദിയില്‍ എഴുതിയതിനെ വിമര്‍ശിച്ച് രോഗികളുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാമായത്. ചാനലുകളിലും സംഭവം ചര്‍ച്ചയായി.
‘ഭൂകമ്പം എന്ന ഞെട്ടലില്‍ നിന്ന് പുറത്ത് വരാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ സ്റ്റിക്കര്‍ ഞങ്ങള്‍ക്ക് വീണ്ടും ഞെട്ടലുണ്ടാക്കുന്നു’- കാലിന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരു രോഗി പറഞ്ഞു. സംഭവം ചാനലുകളില്‍ വാര്‍ത്തയായതോടെ ആശുപത്രി സൂപ്രണ്ട് ക്ഷമാപണവുമായി രംഗത്തെത്തി. തന്റെ സ്റ്റാഫില്‍ പെട്ട ആരെങ്കിലും ഇത്തരമൊരു നടപടി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂകമ്പത്തെ തുടര്‍ന്ന് 15 പേരെയാണ് ആശുപത്രിയില്‍ ചികിത്സിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടതായി സംസ്ഥാന മന്ത്രി വൈദ്യനാഥ് സാഹ്നി പറഞ്ഞു. കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ബീഹാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലും തുടര്‍ചലനങ്ങളുണ്ടായിരുന്നു. ഇതില്‍ പരുക്കേറ്റവരെയാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സിപ്പിച്ചത്.