Connect with us

Kerala

ദേശീയ വന നയം: സര്‍ക്കാര്‍ പദ്ധതികള്‍ പാളി

Published

|

Last Updated

കണ്ണൂര്‍: ദേശീയ വന നയത്തിന്റെ ഭാഗമായി വൃക്ഷവിന്യാസം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യം കണ്ടില്ല. വൃക്ഷ വര്‍ധനക്കായി ഏറ്റവും കൂടുതല്‍ പണം ചെലവിടുകയും ഏറ്റവുമധികം പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്ത സംസ്ഥാനമായിട്ടുപോലും ഈ മേഖലയില്‍ കാര്യമായ നേട്ടം കൈവരിക്കാനായിട്ടില്ലെന്നാണ് വിമര്‍ശം. പദ്ധതികള്‍ പ്രഖ്യാപിക്കുകയും കൊട്ടിഘോഷിച്ച് പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ടെന്നല്ലാതെ പദ്ധതികളൊന്നും വിജയിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

1988ലെ വനനയം അനുശാസിക്കുന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം വിപുലീകരിച്ച ആറ് പദ്ധതികളാണ് വനം വകുപ്പ് മുഖേന നടത്തിയത്. ഹരിത കേരളം പദ്ധതിയിലൂടെ എന്റെ മരം, നമ്മുടെ മരം, വഴിയോരത്തണല്‍ പദ്ധതികളും കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഹരിതശ്രീ പദ്ധതിയും പ്രചാരണത്തോടെ നടത്തിയിട്ടുണ്ട്. നഗരങ്ങളെ ഹരിതാഭമാക്കാന്‍ ഉദ്ദേശിച്ച അര്‍ബന്‍ ഫോറസ്ട്രി പരിപാടിയും വനദീപ്തി, തണ്ണീര്‍ത്തട സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്കും തുടക്കമിട്ടിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ ചെലവിട്ട ഇത്തരം പദ്ധതികളൊന്നും കാര്യക്ഷമമായി നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. 2007മുതലാണ് വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് എന്റെ മരം പദ്ധതിക്ക് തുടക്കമിട്ടത്.
അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളിലൂടെയാണ് ഈ പരിപാടി നടപ്പാക്കിയത്. ഓരോ വിദ്യാര്‍ഥിയും ഓരോ വൃക്ഷത്തൈ എന്ന കണക്കില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നട്ടുപിടിപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. സംസ്ഥാനത്തെ ഏതാണ്ടെല്ലാ വിദ്യാലയങ്ങളും പദ്ധതി ഏറ്റെടുത്ത് നടത്തിയെങ്കിലും നട്ട വൃക്ഷത്തെകള്‍ സംരക്ഷിക്കാനോ തുടര്‍ പരിപാലനം നടത്താനോ മിക്ക വിദ്യാലയങ്ങള്‍ക്കും സാധിച്ചില്ല. സംസ്ഥാനത്തെ മൊത്തം വിദ്യാലയങ്ങളിലും നട്ട വൃക്ഷത്തൈകളുടെ കണക്ക് സര്‍ക്കാര്‍ രേഖകളില്‍ മാത്രം ഒതുങ്ങുകയും ചെയ്തു. പ്ലസ്ടു മുതല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് പിന്നീട് തുടങ്ങിയ നമ്മുടെ മരം വൃക്ഷവത്കരണ പരിപാടിക്കും ഇത് തന്നെയായിരുന്ന അവസ്ഥ.
ചുമട്ട് തൊഴിലാളികളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച വഴിയോരത്തണല്‍ പദ്ധതിക്ക് തുടക്കത്തില്‍ നല്ല പ്രതികരണമായിരുന്നെങ്കിലും അതും കൃത്യമായി ഏറ്റെടുത്ത് നടത്താന്‍ വനം വകുപ്പിന് കഴിഞ്ഞില്ല. പങ്കാളിത്ത പരിപാലന പദ്ധതിയില്‍ ഏര്‍പ്പെടുത്തി സാമൂഹ്ക വനവല്‍ക്കകരണ വിഭാഗം കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ മറ്റൊരു പുതിയ പദ്ധതിയും നടപ്പാക്കി. ഹരിതശ്രീയെന്ന പേരില്‍ സംസ്ഥാനമൊട്ടാകെ പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നടുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ പദ്ധതി മുഖേന 19.55 ലക്ഷം വൃക്ഷത്തൈകള്‍ നിശ്ചിത സമയത്ത് നട്ട് ചരിത്ര നേട്ടമുണ്ടക്കിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നതെങ്കിലും എത്ര വൃക്ഷത്തൈകള്‍ക്ക് തുടര്‍പരിപാലനം നടത്തിയെന്നതിനെക്കുറിച്ചും എത്രയെണ്ണം നിലവിലുണ്ടെന്നതിനെക്കുറിച്ചും വ്യക്തമായ ഒരു കണക്കും ലഭ്യമല്ല. ഈ പദ്ധതി നടത്തിപ്പിനും ലക്ഷങ്ങളാണ് ചെലവിട്ടത്. നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷകര്‍ക്കുള്ള വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന ധനസഹായ പദ്ധതിയാണ് എങ്ങുമെത്താതെ പോയ മറ്റൊരു ഹരിതവത്ക്കരണ പരിപാടി.
വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുന്ന കര്‍ഷകര്‍ക്ക് ഒരു വൃക്ഷത്തിന് 50 രൂപ കണക്കിലാണ് ധനസഹായം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ഓരോ വര്‍ഷവും ഈയിനത്തില്‍ വന്‍തുക ധനസഹായമായി വകയിരുത്തിയിരുന്നെങ്കിലും മിക്ക കര്‍ഷകര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം. 2012ല്‍ പദ്ധതിക്കായി 13,30905 ലക്ഷം രൂപ ചെലവിട്ടതായാണ് സര്‍ക്കാര്‍ കണക്ക്. 2013 ല്‍ 17,65304 ലക്ഷം ഈയിനത്തില്‍ വകയിരുത്തിയിരുന്നെങ്കിലും 14,20559 ലക്ഷം മാത്രമേ ചെലവിടാനായുള്ളൂവെന്നാണ് അധികൃതരുടെ വാദം. ഹരിത നഗരം എന്ന മറ്റൊരു പദ്ധതിയിലൂടെ വിവിധ ഏജന്‍സികളുടെ സഹായത്തോടെ തലസ്ഥാന നഗരത്തെ ഹരിത നഗരമാക്കുന്നതിനുള്ള പദ്ധതിയും വിജയിച്ചില്ല. അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്റ്റസ് തുടങ്ങിയ വിദേശീയ വൃക്ഷങ്ങളുള്ള തോട്ടങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ ആ പ്രദേശങ്ങളില്‍ തദ്ദേശീയ വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കാനുള്ള വനദീപ്തിയെന്ന പദ്ധതിയും പാതി വഴിയിലായി. എല്ലാ വര്‍ഷവും ജൂണിലാണ് വനവത്കരണ പദ്ധതികള്‍ക്ക് തുടക്കമിടുക. മഴക്കാലത്ത് നട്ട വൃക്ഷത്തൈകള്‍ പിന്നീട് പരിപാലിക്കാന്‍ നടപടിയില്ലാത്തതാണ് വൃക്ഷവിന്യാസം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ലക്ഷ്യത്തിലെത്താതിരിക്കാന്‍ പ്രധാന കാരണം.

Latest