Connect with us

Articles

'ഡിവോഴ്‌സ് ക്യാപിറ്റല്‍'

Published

|

Last Updated

ഇന്ത്യയില്‍ ഏറ്റവുമധികം വിവാഹമോചനകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് കേരളത്തിലാണ്. ഏഷ്യയുടെ ഡിവോഴ്‌സ് ക്യാപിറ്റലാണ് കേരളം. 20 കുടുംബ കോടതികളിലായി ദിവസം ശരാരശി 170ല്‍ പരം കേസുകള്‍ ഫയല്‍ ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നമായ സംസ്ഥാനത്താണ് ഈ ദുരന്തം. എറണാകുളം കുടുംബകോടതിയില്‍ 2014ല്‍ മാത്രം 17,139 പേരാണ് വിവാഹമോചന അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2015ല്‍ ആദ്യത്തെ രണ്ട് മാസം പിന്നിടുമ്പോള്‍ എറണാകുളത്ത് മാത്രം 506 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മറ്റ് 19 കുടുംബകോടതികളിലും സമാനമായ വിധത്തില്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്നുണ്ട്.
25നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാര്‍ക്കിടയിലാണ് വിവാഹമോചന കേസുകള്‍ ഫയല്‍ ചെയ്യപ്പെടുന്ന പ്രവണത കൂടുതല്‍ കാണപ്പെടുന്നത്. വിവാഹം കുട്ടിക്കളിയായി മാറുകയാണ്. 100 വിവാഹങ്ങളില്‍ 40 എണ്ണവും വിവാഹമോചന കേസുകളായി മാറുന്നുണ്ട്. നഗരങ്ങളില്‍ കാണപ്പെടുന്ന “ലീവിംങ് ടുഗദര്‍” പോലുള്ള ബന്ധങ്ങളും വീട്ടുകാര്‍ അറിയാതെയുള്ള വിവാഹങ്ങളും വിവാഹമോചനത്തില്‍ ചെന്നാണ് അവസാനിക്കുക. മുന്‍പ് സ്ത്രീകള്‍ക്ക് പുരുഷപങ്കാളിയുമായി ഒത്തുപോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കാലം മാറിയതോടെ രണ്ടുപേരും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തോടെയാണ് പെരുമാറുന്നത്.
പാശ്ചാത്യ രാജ്യങ്ങളിലെയും ബാംഗ്ലൂരിലെയും പോലെ സോഫ്റ്റ്‌വെയര്‍ സംസ്‌കാരം നമ്മുടെ നാട്ടിലേക്കു പടര്‍ന്നു കയറുകയാണ്. സഹിക്കാനും ക്ഷമിക്കാനും കഴിയാത്ത ഒരുതലമുറയാണ് വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, തുടങ്ങിയ സാങ്കേതിക-സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവ് വിവാഹബന്ധങ്ങളുടെ പവിത്രതയെ ഇല്ലാതാക്കിയിട്ടുണ്ട്. നിസ്സാരമായ കാരണങ്ങളുടെ പേരിലാണ് ഇന്ന് ഭൂരിപക്ഷം വിവാഹമോചനങ്ങളും. ഭര്‍ത്താവിന്റെ വിയര്‍പ്പുനാറ്റം, വായ്‌നാറ്റം, കൂര്‍ക്കം വലി തുടങ്ങിയ നിസ്സാര കാരണങ്ങള്‍ പോലും വിവാഹമോചനത്തിലേക്ക് നയിക്കുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംങ്ങളിലേക്കുള്ള ചുവടുമാറ്റവും വിഴിപിരിയലുകള്‍ക്ക് ആക്കം കൂട്ടുന്നു. കൂട്ടുകുടുംബങ്ങളില്‍ ശരിയും തെറ്റും പറഞ്ഞുകൊടുക്കാന്‍ ആളുണ്ടായിരുന്നു. മുത്തശ്ശിമാര്‍ പറഞ്ഞ് കുടുംബത്തിന്റെ ഭദ്രതയെക്കുറിച്ച് കുട്ടികള്‍ക്ക് അറിയാമായിരുന്നു. കാലം മാറിയതോടെ കൂട്ടുകുടുംബവും കുടുംബഭദ്രതയും സങ്കല്‍പം മാത്രമായി.
ഇത്ര വിവാഹമോചനകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനു പിന്നില്‍ ലൗകിക സമ്മര്‍ദങ്ങളാണ്. ഭൗതിക സാഹചര്യങ്ങള്‍ ഊതിവീര്‍പ്പിക്കപ്പെടുകയും സുഖലോലുപത, സുഖജീവിത തൃഷ്ണ എന്നിവയില്‍ മനുഷ്യന്‍ ആനന്ദം കണ്ടെത്തുകയും ചെയ്യാനിടവന്നതോടെ സഹനജീവിതം, ലളിത ജീവിതം, മിതവ്യയ ശീലം എന്നീ മൂല്യങ്ങള്‍ വിസ്മരിക്കപ്പെട്ടു. രണ്ടുപേരും സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തി കൈവരിച്ചതോടെ വിധേയത്വം, എളിമപ്പെടല്‍, ഒതുങ്ങല്‍ എന്നിവ ഇല്ലാതെയായി.””ഞാനെന്ന ഭാവ”ത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാന്‍ ഒരുക്കമില്ലാതെ വന്നു.”ഈഗോ”യാണ് ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചയുടെ മൂലഹേതു. കമ്പോള സംസ്‌കാരം, സ്ത്രീധന പീഡനം, വ്യക്തിത്വവൈകല്യങ്ങള്‍, സംശയപ്രവണത, മദ്യ- ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസിക രോഗങ്ങള്‍, ശാരീരിക-മാനസിക-വൈകാരിക ക്രൂരത, ഇരുവരുടെയും അവിഹിതബന്ധങ്ങള്‍, മാറാവ്യാധികള്‍, വിഷാദം, നിരാശ, ലൈംഗീക പ്രശ്‌നങ്ങള്‍, പ്രത്യുത്പാദന ശേഷിക്കുറവ്, നിയമസാക്ഷരത, വീട്ടുകാരുടെ ഇടപെടലുകള്‍, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം, ബന്ധുക്കളുടെ അനാവശ്യ ഇടപെടല്‍, മുറിപ്പെടുത്തലുകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഒരാളെ വിവാഹമോചനത്തിലേക്ക് നയിക്കുന്നുണ്ട്. 80 ശതമാനത്തിലേറെ വിവാഹമോചനത്തിനും കാരണം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒന്നു തുറന്നു സംസാരിച്ചാല്‍ തീര്‍ക്കാവുന്ന കൊച്ചുകൊച്ചു പ്രശ്‌നങ്ങള്‍ പോലും വിവാഹമോചനത്തിലേക്ക് ചെന്നെത്തുന്ന കാരണങ്ങളായി രൂപാന്തരപ്പെടുകയാണ്. അതുകൊണ്ടാണ് വിവാഹമോചനകേസുകളില്‍ കൗണ്‍സിലിംഗ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദാമ്പത്യത്തിന്റെ വിജയം നല്ലയാളെ വിവാഹം കഴിക്കുന്നതിലല്ല മറിച്ച് വിവാഹത്തില്‍ നല്ലയാളായിരിക്കുന്നതിലാണ്” എന്ന് ബി ആര്‍ ബ്രിക്‌നര്‍ എന്ന ചിന്തകന്‍ പറയുന്നു. “നല്ല ഭാര്യയെ വേണോ നല്ല ഭര്‍ത്താവായിരുന്നാല്‍ മതി. നല്ല ഭര്‍ത്താവിനെ വേണോ നല്ല ഭാര്യയായിരുന്നാല്‍ മതി” എന്നാണ് പ്രമാണം. ദാമ്പത്യത്തില്‍ പരസ്പരം മനസ്സിലാക്കല്‍ പ്രധാനമാണ്. ഒരാളും മറ്റൊരാളെക്കാള്‍ മേലെയോ താഴേയോ തുല്യമോ അല്ല. മറിച്ച് തികച്ചും വ്യത്യസ്തനാണെന്നറിയുക. ആ വ്യത്യസ്തത ഉള്‍ക്കൊണ്ട് ഒത്തുജീവിക്കുമ്പോഴാണ് ദാമ്പത്യത്തില്‍ വിജയിക്കാനാകുക. പരസ്പരസ്‌നേഹം, ത്യാഗമനോഭാവം, ക്ഷമ, സമര്‍പ്പണം, കടമകള്‍ നിര്‍വഹിക്കല്‍, പരസ്പര ധാരണ, പരസ്പരം വളര്‍ത്തല്‍, പരിലാളന, മൂല്യബോധം, പങ്കുവയക്കല്‍, സാമ്പത്തിക അച്ചടക്കം, കൂട്ടായ്മ തുടങ്ങി നിരവധി ഘടകങ്ങള്‍ സമന്വയിപ്പിച്ചാലേ ദാമ്പത്യത്തില്‍ വിജയിക്കാന്‍ കഴിയൂ.
പൊരുത്തപ്പെട്ട് കഴിയേണ്ടവര്‍ പോരാടുമ്പോള്‍ സ്വയം തകരുകയും മക്കളുടെ ഭാവി തകര്‍ക്കപ്പെടുകയുമാണ് ചെയ്യുന്നത്. വളരെ വൈകിമാത്രമേ ഈ പ്രത്യാഘാതങ്ങളുടെ ദുരന്തഫലങ്ങള്‍ മനസ്സിലാകൂ. മോണ്‍ട്രിയാലില്‍, ഫ്രാങ്കോയിസ് ചെങ്ങലെ റോഷെയും റെയ്മണ്‍ ഫ്രാന്‍സും 64 വിവാഹിതരെയും 64 വിവാഹമോചിതരെയും പഠനവിധേയരാക്കി. വിവാഹമോചിതരില്‍ ഭൂരിപക്ഷവും മനോരോഗത്തിനടിമകളായി മാറിയതായി കണ്ടു. വിവാഹമോചനം ആരോഗ്യത്തെ ക്ഷയിപ്പിക്കും. പലരും ലിവര്‍ സീറോസിസ്, ന്യുമോണിയ, ക്ഷയം എന്നിവ ബാധിച്ചവരായി കണ്ടു. ആത്മഹത്യയിലേക്കും അപകടമരണത്തിലേക്കും വിവാഹമോചിതര്‍ ചെന്നുപെടുന്നു. വിവാഹമോചിതരുടെ മക്കള്‍ അധികവും വിഷാദരോഗികളായി മാറുന്നു. മദ്യം, മയക്കുമരുന്ന് എന്നിവക്ക് ഇവര്‍ പെട്ടെന്ന് അടിമകളാകുന്നു. കുറ്റവാസന ഇവരില്‍ വര്‍ധിക്കുന്നു. മക്കളുടെ മനസ്സിനേറ്റ മുറിവുകള്‍ മായാതെ കിടക്കുന്നതിനാല്‍ മാനസിക-വൈകാരിക പ്രശ്‌നങ്ങള്‍, സ്വഭാവ-വ്യക്തിത്വവൈകല്യങ്ങള്‍ എന്നിവ വിവാഹമോചിതരുടെ മക്കളില്‍ കാണാനാകൂം. ദാമ്പത്യത്തിലെ വഴിപിരിയല്‍ സാമൂഹ്യ ദുരന്തമാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഗാര്‍ഡനര്‍, വിവാഹബന്ധം വേര്‍പെടുത്തിയ മാതാപിതാക്കളുടെ കുട്ടികളെ പഠന വിധേയരാക്കിയതില്‍ നിന്നും അവര്‍ പേരന്റല്‍ ഏലിയനേഷന്‍ സിന്‍ഡ്രം (ജലൃലിമേഹ അഹശിമശേീി ട്യിറൃൗാ ജഅട) ഉള്ളവരായി കണ്ടു. വൈകാരിക ഒറ്റപ്പെടല്‍ അവരെ മനോരോഗികളായി മാറ്റിയേക്കാം.
റിന്‍സാ ലാന്‍സര്‍ പറയുന്നു: “ഭര്‍ത്താവ്-ഭാര്യ-കുട്ടികള്‍” ഇവരാണ് ലോകത്തിലെ ഏറ്റവും ശക്തമായ ടീം. ബന്ധങ്ങളാണ് ജീവിതത്തിന് അര്‍ഥം നല്‍കുന്നത്. ബന്ധങ്ങളിലെ കണ്ണികള്‍ എവിടെ ദുര്‍ബലമായാലും പൊട്ടിയാലും നിങ്ങള്‍ പ്രശ്‌നത്തിലായിരിക്കും. അതുകൊണ്ട് ബന്ധങ്ങളെ വിലകൊടുത്ത് വിജയിപ്പിക്കുവാന്‍ തയ്യാറാകണം. ഇഴയടുപ്പമുള്ള അഗാധമായ ബന്ധങ്ങള്‍ കുടുംബ ത്തില്‍ രൂപപ്പെടുത്തിയെടുക്കണം. സ്‌നേഹം, പ്രശംസ, പ്രതീക്ഷ എന്നിവയാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്ന് വില്യം വേഡ്‌സ്‌വര്‍ത്ത് അഭിപ്രായപ്പെടുന്നു. “കാതുപാടില്ല കാന്തന്, കണ്ണുപാടില്ല കാന്തയ്ക്ക് എന്നാല്‍ ദാമ്പത്യം കാന്തമായിടും അല്ലെങ്കില്‍ കുന്തമായിടും” എന്നാണ് കവി കുഞ്ഞുണ്ണി പറഞ്ഞുവെക്കുന്നത്. ചിലത് കണ്ടില്ലെന്നും ചിലത് കേട്ടില്ലെന്നും വെക്കണം. കുറ്റം തേടി നടന്നാല്‍ കുറ്റം മാത്രമേ കണ്ടെത്തൂ. നന്മതേടി നടക്കുക, നന്മകള്‍ കണ്ടെത്താനാകും. ദാമ്പത്യവിജയത്തിന് ഗോട്ടുമാന്‍ നാലു നിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ട്.
(1) മുന്‍വിധി ഒഴിവാക്കുക, (2) സ്വാഭാവിക രീതിയില്‍ ഇരുവരും സംസാരിക്കുകയും ഇടപെടുകയും ചെയ്യുക. (3) പ്രതികൂലാന്തരീക്ഷം നര്‍മ്മബോധത്തോടെ ഉള്‍ക്കൊള്ളുക (4) മികച്ച ശ്രോതാവായി പങ്കാളിയുടെ മാനസികാവസസ്ഥയോട് താദാത്മ്യം പ്രാപിക്കുക.

Latest